Top

'ജലീല്‍ മറുപടി അര്‍ഹിക്കുന്നില്ല'; ആരോപണം കയ്യിലിരിക്കട്ടെയെന്ന് കുഞ്ഞാലിക്കുട്ടി

അവഗണിക്കേണ്ടത് അവഗണിക്കുന്ന ആളാണ് താന്നെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

3 Oct 2021 9:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജലീല്‍ മറുപടി അര്‍ഹിക്കുന്നില്ല; ആരോപണം കയ്യിലിരിക്കട്ടെയെന്ന് കുഞ്ഞാലിക്കുട്ടി
X

കെ ടി ജലീല്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. തുടര്‍ച്ചയായ ആരോപണങ്ങളില്‍ ചിലത് തുടര്‍ച്ചയായി തന്നെ അവഗണിച്ചെ പറ്റുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അവഗണിക്കേണ്ടത് അവഗണിക്കുന്ന ആളാണ് താന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പ്രവര്‍ത്തക സമിതിയിലെ തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

മറ്റു പാര്‍ട്ടികളെ മാതൃകയാക്കിക്കൊണ്ടല്ല ലീഗിലെ മാറ്റങ്ങളെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. കാലാനുസൃതമായ മാറ്റണ്ടളാണ് നടക്കുന്നത്. മുസ്ലീം ലീഗിനെ ശക്തിപെടുത്തി യുഡിഎഫിനെ അധികാരത്തിക്കാനുള്ള ചര്‍ച്ചകളാണ് പ്രവര്‍ത്തക സമിതിയില്‍ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എ ആര്‍ നഗര്‍ ബാങ്ക് കുംഭകോണത്തിന്റെ ആദ്യത്തെ രക്ത സാക്ഷിയാണ് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന വികെ അബ്ദുല്‍ ഖാദര്‍ മൗലവിയെന്നും തന്റെ പേരില്‍ രണ്ട് കോടിയുടെ കള്ളപ്പണ ഇടപാട് എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ നടന്നിട്ടുണ്ടെന്നറിഞ്ഞതിനെ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷത്തിലായിരുന്നു മൗലവിയെന്നും ജലീല്‍ പറഞ്ഞു. രണ്ട് കോടിയോളം രൂപയുടെ ഇടപാടുകള്‍ ബാങ്കില്‍ നടത്താനും പി.കെ കുഞ്ഞാലിക്കുട്ടിയുടെ അറിവും പ്രേരണയും ഇല്ലാതെ വെറും ഒരു ബാങ്ക് സെക്രട്ടറിയായ ഹരികുമാറിന് മാത്രം കഴിയുമെന്ന് അരിയാഹാരം കഴിക്കുന്ന ഒരാളും വിശ്വസിക്കില്ലെന്നും ജലീല്‍ ആരോപിച്ചിരുന്നു.

തന്റെ പൊതുജീവിതം കളങ്കപ്പെട്ടുവെന്ന തോന്നലില്‍ നിന്നുളവായ മാനസിക സമ്മര്‍ദത്തെ തുടര്‍ന്നാണ് അബ്ദുല്‍ഖാദര്‍ മൗലവി ഹൃദയാഘാതം മൂലം മരണപ്പെട്ടത്. സാത്വികനും നിഷ്‌കളങ്കനുമായിരുന്ന മൗലവി സാഹിബിന്റെ പൊടുന്നനെയുള്ള വേര്‍പാടിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ അതിന് കാരണക്കാരായവര്‍ക്ക് എങ്ങിനെയാണ് കഴിയുക?

ഐസ്‌ക്രീം പാര്‍ലര്‍ കേസ് തുമ്പില്ലാതാക്കിയത് ആ കേസിലെ രണ്ടു സാക്ഷികളുടെ അസ്വാഭാവിക അപകട മരണങ്ങളാണെന്നും ജലീല്‍ പറഞ്ഞു. എ ആര്‍ നഗര്‍ ബാങ്കിലെ എല്ലാ കള്ളപ്പണ ഇടപാടിന്റെയും സൂത്രധാരനും ഏക സാക്ഷിയുമാണ് ഹരികുമാര്‍. അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലാണെന്ന് ഞാന്‍ ബലമായി സംശയിക്കുന്നു. എആര്‍ നഗര്‍ ബാങ്കില്‍ നടന്ന ആയിരം കോടിയുടെ വന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിക്കുന്നത് വരെ ഹരികുമാറിന്റെ ജീവന് പൂര്‍ണ്ണസംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ജലീല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണങ്ങളെ അവഗണിക്കുന്നുവെന്ന് വ്യക്തമാക്കി കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്.

Next Story