Top

'ഓണം - മുഹറം ചന്ത ലീഗും നടത്തിയിട്ടുണ്ട്'; സമുദായ പാര്‍ട്ടിക്ക് വേണ്ടി കുഴലൂത്ത് നടത്തുന്നവര്‍ കുറച്ചുകൂടി ജാഗ്രത കാണിക്കണമെന്ന് കെ ടി ജലീല്‍

2020-ല്‍ മുസ്ലിംലീഗ് ഭരിക്കുന്ന കൊണ്ടോട്ടി സഹകരണ ബാങ്ക് അത്തരമൊരു ചന്ത നടത്തിയെന്നും അന്ന് അത് ഉത്ഘാടനം ചെയ്തത് ടിവി ഇബ്രാഹിം എംഎല്‍എയായിരുന്നെന്നും കെ ടി ജലീല്‍ ചൂണ്ടിക്കാട്ടി

9 Aug 2021 4:20 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഓണം - മുഹറം ചന്ത ലീഗും നടത്തിയിട്ടുണ്ട്; സമുദായ പാര്‍ട്ടിക്ക് വേണ്ടി കുഴലൂത്ത് നടത്തുന്നവര്‍ കുറച്ചുകൂടി ജാഗ്രത കാണിക്കണമെന്ന് കെ ടി ജലീല്‍
X

കണ്‍സ്യൂമര്‍ഫെഡ് സംഘടിപ്പിക്കുന്ന ഓണം-മുഹറം ചന്തയിലെ മുഹറം ഒഴിവാക്കണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യത്തിന് മറുപടിയുമായി കെടി ജലീല്‍. ഈ ആവശ്യം മുന്നോട്ടുവയ്ക്കുന്ന ലീഗിന്റെ നേതൃത്വത്തില്‍ തന്നെ നടന്ന ഓണം- മുഹറം വിപണി ചൂണ്ടിക്കാട്ടിയായിരുന്നു കെടി ജലീലിന്റെ മറുപടി.

2020-ല്‍ മുസ്ലിംലീഗ് ഭരിക്കുന്ന കൊണ്ടോട്ടി സഹകരണ ബാങ്ക് അത്തരമൊരു ചന്ത നടത്തിയെന്നും അന്ന് അത് ഉത്ഘാടനം ചെയ്തത് ടി വി ഇബ്രാഹിം എംഎല്‍എയായിരുന്നെന്നും കെ ടി ജലീല്‍ ചൂണ്ടിക്കാട്ടി. അവര്‍ ചെയ്യുമ്പോള്‍ ഹലാല്‍ ആകുന്ന വിപണി എങ്ങനെയാണ് കേരള സര്‍ക്കാര്‍ നടത്തുമ്പോള്‍ പിഎംഎ സലാമിന് ഹറാമാകുന്നതെന്നും കെ ടി ജലീല്‍ ചോദിച്ചു.

കെ ടി ജലീലിന്റെ കുറിപ്പ്:
കേരള സര്‍ക്കാര്‍ ഓണം - മുഹറം ചന്ത നടത്തിയാല്‍ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാമിനും അദ്ദേഹത്തിന്റെ താളത്തിന് തുള്ളുന്നവര്‍ക്കും അത് ഹറാം (മതനിഷിദ്ധം). എന്നാല്‍ സാക്ഷാല്‍ ലീഗ് ഭരിക്കുന്ന കൊണ്ടോട്ടി സഹകരണ ബാങ്ക് അത്തരമൊരു ചന്ത നടത്തുന്നതും അത് ശ്രീ ടി വി ഇബ്രാഹിം എംഎല്‍എ ഉല്‍ഘാടനം ചെയ്യുന്നതും അവര്‍ക്ക് ഹലാല്‍! (അനുവദനീയം). കേരളത്തിലെ മുസ്ലിങ്ങളില്‍ മഹാഭൂരിപക്ഷം വരുന്ന സുന്നികള്‍ മുഹറം 10 ഒരു വിശേഷാല്‍ ദിവസമായാണ് കാണുന്നത്. അത് വ്യക്തമാക്കുന്നതാണ് സുന്നി പണ്ഡിതന്‍മാരുടെ ഇതോടൊപ്പം കൊടുത്തിട്ടുള്ള വാര്‍ത്താ കുറിപ്പ്. സമുദായ പാര്‍ട്ടിക്ക് വേണ്ടി കുഴലൂത്ത് നടത്തുന്നവര്‍ കുറച്ചുകൂടി ജാഗ്രത കാണിച്ചാല്‍ നന്നാകും. ഏറ്റവും ചുരുങ്ങിയത് അവര്‍ അണിയുന്ന വേഷത്തോടെങ്കിലും നീതി കാണിച്ചിരുന്നെങ്കില്‍ എത്ര ഉപകാരമായിരുന്നു.

മുസ്ലിംങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്തിട്ട് ഇപ്പോള്‍ പൊടിക്കൈകള്‍ കാണിക്കുന്നതിന്റെ ഭാഗമാണ് സര്‍ക്കാരിന്റെ ഇത്തരം നടപടികളെന്നായിരുന്നു മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ ആരോപണം. മുഹറം ഓണത്തെ പോലെ ഒരു ആഘോഷമല്ല, മുസ്ലീം സമുദായത്തിന്. നൊമ്പരപ്പെടുത്തുന്ന യൂദ്ധ ദുരന്തങ്ങളുടെ സ്മരണയാണെന്നും മുഖ്യമന്ത്രി മനസിലാക്കണമെന്നും പിഎംഎ സലാം ആവശ്യപ്പെട്ടു. കോഴിക്കോട് വെച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു പരാമര്‍ശം.
പിഎംഎ സലാമിന്റെ വാക്കുകള്‍:
കണ്‍സ്യൂമര്‍ഫെഡ് മുഹറം ചന്ത നടത്തുന്നത് മുസ്ലിം സമുദായത്തെ അടുപ്പിക്കാനുള്ള വിദ്യകളുടെ ഭാഗമാണ്. മുഹറം ഓണത്തെ പോലെ ഒരു ആഘോഷമല്ല മുസ്ലീങ്ങള്‍ക്ക്. വ്രതമെടുത്ത് പ്രാര്‍ത്ഥനാ നിര്‍ഭരമായി ചിലവഴിക്കുകയാണ് വിശ്വാസികള്‍ ചെയ്യുന്നത്. ഓണത്തിന് ഒപ്പം മുഹറം എഴുതി ചേര്‍ക്കുന്നതിലൂടെ ഞൊട്ട്ലൊടുത്ത് വിദ്യകള്‍ കാട്ടി മുസ്ലീംങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ്. ചെഗുവേരയോട് ഒപ്പം സ്വര്‍ഗത്തില്‍ പോവാന്‍ ആഗ്രഹിക്കുന്നു എന്ന് കരുതുന്നവര്‍ ഇടപെട്ടാല്‍ ഇങ്ങനെയെല്ലാം സംഭവിക്കും.
മുസ്ലീം സമുദായത്തിന് ലഭിക്കേണ്ട ന്യായമായ അനുകൂല്യമങ്ങള്‍ തട്ടിയെടുത്ത സര്‍ക്കാര്‍ ഒരു ലജ്ജയുമില്ലാതെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്നും സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി അദ്ദേഹം പ്രതികരിച്ചു. അര്‍ഹമായ ആനുകൂല്യങ്ങള്‍ ഇല്ലാതാക്കി. സര്‍ക്കാര്‍ വലിയ സഹായമായി ചൂണ്ടിക്കാട്ടുന്ന കിറ്റ് മുസ്ലീം വിഭാഗത്തിന്റെ വലിയ ആഘോഷമായ ബലി പെരുന്നാള്‍ നടന്ന ജൂലായില്‍ കൊടുത്തില്ല. ജൂണ്‍ വരെ നല്‍കി, ജൂലായില്‍ ഉണ്ടായില്ല. കൊവിഡ് കാലത്ത് നിയന്ത്രണങ്ങള്‍ മൂലം ജനങ്ങള്‍ പ്രതിസന്ധി നേരിട്ട കാലത്ത് വന്ന വലിയ പെരുന്നാളിന് കിറ്റ് കൊടുക്കാതെയാണ് ഇപ്പോള്‍ മുഹറം ചന്ത ഉണ്ടാകുന്നത്. പ്രകടമാണ് ഇതിന് പിന്നിലെ ലക്ഷ്യങ്ങള്‍. ഇത്തരം നടപടികളിലൂടെ മുസ്ലീംങ്ങള്‍ ഒപ്പം നില്‍ക്കുമെന്ന തെറ്റിദ്ധാരണയാണ് സര്‍ക്കാറിന്. അതിനെ കുറിച്ച ബഹുജനങ്ങള്‍ ചിന്തിക്കും. കോവിഡ് പ്രതിരോധത്തില്‍ കേരളം പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


Next Story