Top

'ഹരിത'ക്ക് ഇനി സംസ്ഥാന- ജില്ലാ കമ്മിറ്റികളില്ല; പ്രവർത്തനം ക്യാമ്പസിനുള്ളില്‍ മതിയെന്ന് ലീഗ്

കോളേജ് കമ്മിറ്റികൾ മാത്രമായി ഹരിതയെ പരിമിതപെടുത്താനാണ് തീരുമാനം

2 Oct 2021 8:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹരിതക്ക് ഇനി സംസ്ഥാന- ജില്ലാ കമ്മിറ്റികളില്ല; പ്രവർത്തനം ക്യാമ്പസിനുള്ളില്‍ മതിയെന്ന് ലീഗ്
X

എംഎസ്എഫ് ഹരിതയുടെ ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിടാന്‍ മുസ്ലിംലീഗ് പ്രവർത്തന സമിതി യോഗത്തില്‍ തീരുമാനം. ഹരിതയുടെ സംഘടനാ പ്രവർത്തനത്തിന് പുതിയ മാർഗരേഖ ഉണ്ടാക്കി. നിലവിലെ ഹരിതാ കമ്മിറ്റിയുടെ കാലാവധി കഴിയുന്നതോടെ അതായത് അടുത്ത വർഷം മുതല്‍ ഹരിതക്ക് സംസ്ഥാന - ജില്ലാ കമ്മിറ്റികളുണ്ടാകില്ല.

പകരം കോളേജ് കമ്മിറ്റികൾ മാത്രമായി ഹരിതയെ പരിമിതപെടുത്താനാണ് തീരുമാനം. ജില്ലാ തലത്തില്‍ എംഎസ്എഫ് മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. ഇതോടെ ക്യാമ്പസിന് പുറത്ത് എംഎസ്എഫിന് ഒപ്പം നിന്ന് മാത്രമേ ഹരിതയ്ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. കമ്മിറ്റികള്‍ പിരിച്ചുവിടുന്ന പശ്ചാത്തലത്തില്‍ യൂത്ത് ലീഗിലും, എംഎസ്എഫിലും വനിതകൾക്ക് ഭാരവാഹിത്വം നൽകാനും ലീഗ് നേതൃത്വം തീരുമാനിച്ചു.

നേരത്തെ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയ മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പ്രവർത്തന സമിതി യോഗത്തില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും അറിയിച്ചിരുന്നു. ഹരിത സ്വതന്ത്രമായ നിലപാടുകളെടുക്കുന്ന പശ്ചാത്തലത്തിലാണ് നടപടിയെന്നും പിഎംഎ സലാം അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അതേസമയം, കോണ്‍ഗ്രസിലെ തര്‍ക്കങ്ങളിലും പരസ്യപോരിലും മുസ്ലീംലീഗ് അസംതൃപ്തി രേഖപ്പെടുത്തി. ന്യൂനപക്ഷ വിവാദങ്ങളിലെല്ലാം അഴകൊഴമ്പന്‍ സമീപനമാണ് കോണ്‍ഗ്രസിന്റേത് എന്ന നിലപാടാണ് മുസ്ലീം ലീഗിന്. മലപ്പുറം മഞ്ചേരിയില്‍ നടക്കുന്ന മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉയര്‍ന്നത്. പാലാ ബിഷപ്പിന്റെ പ്രസ്താവനയിലും സംവരണ വിഷയത്തിലുമെല്ലാം കോണ്‍ഗ്രസിന്റെ ആശയക്കുഴപ്പം പ്രകടമായിരുന്നു. കോണ്‍ഗ്രസില്‍ ഐക്യമില്ലെങ്കില്‍ അതു ബാധിക്കുക യുഡിഎഫിനെയാണെന്നും യുഡിഎഫ് നേതൃത്വം ഇങ്ങനെ പോയാല്‍ ലീഗ് കയ്യും കെട്ടി കാഴ്ച്ചക്കാരായി നില്‍ക്കരുതെന്നാണ് യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം.

യുഡിഎഫിന്റെ തിരിച്ചുവരവില്‍ ആശങ്കയുണ്ടെന്നും യോഗത്തില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായത് കനത്ത തോല്‍വിയാണെന്നും ലീഗ് വിലയിരുത്തി. ലീഗ് പരാജയപെട്ട 12 മണ്ഡലങ്ങളിലും പരാജയ കാരണം കണ്ടെത്താന്‍ കമ്മിറ്റി സജ്ജമാണ്.കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും യോഗം തീരുമാനിച്ചു. കഠിനാധ്വാനത്തിലൂടെ ലീഗിന് തിരിച്ചു വരാന്‍ കഴിയുമെന്ന് വിലയിരുത്തല്‍.

https://www.reporterlive.com/newsroom/kerala/soil-pipping-reason-for-sound-in-kozhikkode-home-60461?infinitescroll=1

Next Story