Top

'കോഴിക്കോട്ടെ വവ്വാലുകളില്‍ നിപ്പ വെെറസ് സാന്നിധ്യമുണ്ട്'; അത് മനസില്‍വെച്ചുവേണം കൊവിഡിനെയും നേരിടാനെന്ന് ഡോ. സണ്ണി പി ഓരത്തില്‍

5 Sep 2021 4:45 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോഴിക്കോട്ടെ വവ്വാലുകളില്‍ നിപ്പ വെെറസ് സാന്നിധ്യമുണ്ട്; അത് മനസില്‍വെച്ചുവേണം കൊവിഡിനെയും നേരിടാനെന്ന് ഡോ. സണ്ണി പി ഓരത്തില്‍
X

കോഴിക്കോട്ടെയും പരിസരപ്രദേശങ്ങളിലെയും വവ്വാലുകളില്‍ നിപ വെെറസ് സാന്നിധ്യമുണ്ടെന്ന് രാജഗിരി ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. സണ്ണി പി ഓരത്തില്‍. കോഴിക്കോട് കഴിഞ്ഞതവണയുണ്ടായ വ്യാപനത്തിന് ശേഷം ലോകത്ത് മറ്റെവിടെയും അത്തരമൊരു വ്യാപനം റിപ്പോർട്ടുചെയ്യപ്പെട്ടിട്ടില്ല. അതിനാല്‍ തന്നെ കോഴിക്കോട്ടും കോഴിക്കോടിന് പരിസരത്തുമുള്ള വവ്വാലുകളില്‍ ഈ വൈറസിന്റെ സാന്നിധ്യമുണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. വവ്വാലുകളില്‍ കാണുന്ന നിപ വൈറസിന് വകഭേദം വന്നോ, അവയ്ക്കിടയില്‍ കൂടുതല്‍ വ്യാപനമുണ്ടായതോ ആകാം നിലവിലെ സാഹചര്യത്തിലേക്ക് നയിച്ചതെന്നും ഡോ. സണ്ണി പി ഓരത്തില്‍ പറഞ്ഞു. റിപ്പോർട്ടർ ടിവിയുടെ എഡിറ്റേഴ്സ് അവറിലായിരുന്നു പ്രതികരണം.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ അവിടെ ആ നിപ വൈറസ് കൂടെയുണ്ടെന്ന് മനസില്‍ വെച്ചുവേണം പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ടുനീങ്ങാനെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കൊവിഡിന്റെ തുടക്കകാലത്ത് തന്നെ നിപ്പയും കൊറോണയും ഒരുസമയത്ത് വരുന്ന സാഹചര്യത്തെക്കുറിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയായതാണ്. എന്നാല്‍ ഇവ രണ്ടും നേരിടാന്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുന്നതിലൂടെയും സാധിക്കുമെന്നും ഡോക്ടർ ചൂണ്ടിക്കാട്ടി.

കോഴിക്കോട് കുട്ടിയുമായി സമ്പര്‍ക്കത്തില്‍ വന്നവരെ നിരീക്ഷണത്തിലാക്കുന്നതിലൂടെ രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാമെന്നും ഡോ സണ്ണി പറഞ്ഞു. ഓഗസ്റ്റ് 27-നാണ് കുട്ടിക്ക് രോഗലക്ഷണങ്ങള്‍ തുടങ്ങിയത്. അഞ്ചാംതിയതിയാണ് കുട്ടി മരണപ്പെടുന്നത്. ഈ പത്തുദിവസത്തിനുള്ളില്‍ തന്നെ കുട്ടിയുടെ അമ്മയ്ക്ക് പനിവന്നതിനാല്‍ അമ്മയ്ക്ക് രോഗമുണ്ടാകാന്‍ സാധ്യതയുണ്ട്. അതേസമയം, കുട്ടിയുടെ സമ്പര്‍ക്കപട്ടികയിലുള്ള എല്ലാവര്‍ക്കും രോഗമുണ്ടാകണമെന്നില്ല. ഈ ദിവസങ്ങളില്‍ അധികം ആളുകളുമായി കുട്ടി ബന്ധപ്പെട്ടിട്ടില്ലാത്തതിനാല്‍ വലിയ രീതിയിലുള്ള ഒരു വ്യാപനത്തിന് സാധ്യതയുമില്ല. അതേസമയം, 31-ാം തിയതി ഈ കുട്ടി മറ്റുകുട്ടികളുമായി കളിച്ചിട്ടുണ്ട് എന്നതിനാല്‍ അവരെയും, അടുത്ത ബന്ധുക്കളെയും, ഓട്ടോയില്‍ ആശുപത്രിയില്‍ എത്തിച്ച ഡ്രൈവര്‍മാരെയും, മെഡിക്കല്‍ കോളേജിലെത്തുന്നതിന് മുന്‍പ് കുട്ടിയെ ചികിത്സിച്ച മുന്ന് സ്വാകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരെയും നിരീക്ഷണത്തിലാക്കേണ്ടതുണ്ട്. അവരെ നിരീക്ഷണത്തിലാക്കുന്നതോടെ വ്യാപനം നിയന്ത്രണവിധേയമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Next Story