Top

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം; കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി

13 Aug 2021 7:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം; കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി
X

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ പ്രതികളായ ഗുജറാത്ത് മുന്‍ ഡിജിപിയും ഐബി ഉദ്യോസ്ഥനുമായിരുന്ന ആര്‍ബി ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്‍ ജാമ്യം. ഹൈക്കോടതിയാണ് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. ആര്‍ബി ശ്രീകുമാറിന് പുറമെ എസ്. വിജയന്‍, തമ്പി എസ് ദുര്‍ഗാ ദത്ത്, ജയപ്രകാശ് എന്നിവര്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതികള്‍ സി.ബി.ഐ അന്വേഷണവുമായി സഹകരിക്കണമെന്നത് ഉള്‍പ്പടെയുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് അശോക് മേനോന്റെതാണ് വിധി.

പ്രതികള്‍ക്കെതിരെ വിദേശ ബന്ധമടക്കം ഉള്‍പ്പെടെ സിബിഐ ആരോപിച്ചിരുന്നു. രാജ്യത്തിന്റെ ക്രയോജനിക്ക് സാങ്കേതികവിദ്യയെ പിന്നോട്ടടിപ്പിക്കുന്നതിന് പ്രതികള്‍ പാക്ക് ചാര സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചോയെന്ന് അന്വേഷിക്കണമെന്ന ഗുരുതര ആരോപണവും സിബിഐ കോടതിയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്

ഐഎസ്ആര്‍ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെതിരെ ഗൂഢാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പതിനെട്ടോളം പേരെ പ്രതി ചേര്‍ത്തു കൊണ്ടാണ് സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. അന്നത്തെ പോലീസ് ഉദ്യോഗസ്ഥരും ഐ.ബി. ഉദ്യോഗസ്ഥരും ചേര്‍ന്ന് ഗൂഢാലോചന നടത്തി എന്നതാണ് കേസിന് ആധാരം. കേസുമായി ബന്ധപ്പെട്ട് എസ്. വിജയനടക്കമുള്ളവരെ നേരത്തെ തന്നെ സിബിഐ. ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് സിബിഐ കടന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഹൈക്കോടതി പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.

Next Story