Top

'സെമി കേഡര്‍ പാര്‍ട്ടി'; കോണ്‍ഗ്രസ് ശ്രമം തുടക്കത്തിലെ പാളി

ഡിസിസി പ്രസിഡന്റ് രാജേന്ദ്രപ്രസാദിന് കടുത്ത അതൃപ്തിയാണുളളത്.

16 Sep 2021 1:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സെമി കേഡര്‍ പാര്‍ട്ടി; കോണ്‍ഗ്രസ് ശ്രമം തുടക്കത്തിലെ പാളി
X

സെമി കേഡര്‍ പാര്‍ട്ടിയാകാനുള്ള കോണ്‍ഗ്രസ് ശ്രമം തുടക്കത്തിലെ കൊല്ലം ജില്ലയില്‍ പാളി. പി രാജേന്ദ്രപ്രസാദ് ഡിസിസി അധ്യക്ഷന്‍ ആയ ശേഷം ആദ്യമായി ചേര്‍ന്ന ഭാരവാഹി യോഗത്തിലാണ് സംഭവം.

സെമി കേഡര്‍ പാര്‍ട്ടി ആയതിനാല്‍ യോഗത്തിന്റെ തുടക്കത്തില്‍ തന്നെ പ്രസിഡന്റിന്റെ നിര്‍ദ്ദേശം വന്നു. 'യോഗം കഴിയുന്നവരെ ആരും പുറത്തു പോകരുത്, അച്ചടക്കമുള്ള നേതാക്കളും പ്രവര്‍ത്തകരുമെന്ന് തെളിയിക്കണം.' പിന്നാലെ പ്രസംഗിച്ച കൊടിക്കുന്നില്‍ സുരേഷ് എംപി, കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരന്‍ എന്നിവര്‍ ഡിസിസി പ്രസിഡന്റിന്റെ നിര്‍ദ്ദേശത്തിന് ശക്തമായ പിന്തുണ നല്‍കി. എന്നാല്‍ പ്രസംഗം കഴിഞ്ഞ് ഇരുവരും ഇറങ്ങിപ്പോയെന്നു മാത്രമല്ല, ഇവര്‍ക്കൊപ്പം ഡിസിസി സെക്രട്ടറിമാരില്‍ ചിലരും സ്ഥലം വിട്ടു. എന്നാല്‍ പിന്നാലെ സംസാരിച്ച കെപിസിസി ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല ഇറങ്ങിപ്പോയവരെ രൂക്ഷമായി വിമര്‍ശിച്ചു.

ശൂരനാട് രാജശേഖരനാക്കട്ടെ നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ട് ഒരു മുതിര്‍ന്ന നേതാവിന്റെ അനുയായി മുക്കിയെന്ന ആക്ഷേപം പ്രസംഗത്തില്‍ പരാമര്‍ശിക്കുകയും ചെയ്തു. ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലും എതിര്‍ത്തിട്ടും കെ പി അനില്‍കുമാറിനെ ജനറല്‍ സെക്രട്ടറിയാക്കിയത് മുല്ലപ്പള്ളിയാണ്. തെരഞ്ഞെടുപ്പിന് ശേഷം അനില്‍ കുമാര്‍ ഇന്ദിരാഭവനിലേക്ക് എത്തി കണക്കുകള്‍ വിളിച്ചു പറയാതിരുന്നത് നന്നായെന്നും ശൂരനാട് പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്നു പുറത്തു പോകുന്നത് മാലിന്യങ്ങളാണെന്ന കെ മുരളീധരന്റെ അഭിപ്രായത്തെയും ശൂരനാട് വിമര്‍ശിച്ചു. അച്ചടക്കം പ്രസംഗത്തില്‍ മാത്രം നടത്തി യോഗം തീരുന്നതിന് മുന്‍പ് തന്നെ മടങ്ങിയ നേതാക്കളുടെ പെരുമാറ്റത്തില്‍ മുന്‍ അധ്യാപകന്‍ കൂടിയായ ഡിസിസി പ്രസിഡന്റ് രാജേന്ദ്രപ്രസാദിന് കടുത്ത അതൃപ്തിയാണുളളത്.

Next Story