കണ്ണൂർ സെൻട്രൽ ജയിലിൽ പരിശോധന; ആയുധങ്ങളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു
സെല്ലുകളിൽ ആദ്യം പരിശോധന നടത്തിയപ്പോൾ ഒന്നും കണ്ടെത്താനായില്ല. പിന്നാലെ ജയിൽ വളപ്പ് കിളച്ച് പരിശോധിക്കുകയായിരുന്നു
19 Sep 2021 7:29 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കണ്ണൂർ സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണുകളും ആയുധങ്ങളും ലഹരി വസ്തുക്കളും പിടിച്ചെടുത്തു. ജയിൽ സൂപ്രണ്ട് റോമിയോ ജോണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. രണ്ട് കത്തികൾ, മഴു, വ്യായാമത്തിനുപയോഗിക്കുന്ന ഡമ്പൽ രണ്ട് മൊബൈൽ ഫോണുകൾ, മൂന്ന് പവർ ബാങ്കുകൾ, ചാർജറുകൾ, ബാറ്ററികൾ, ഇയർഫോണുകൾ എന്നിവയും കണ്ടെടുത്തു.
ഫോണുകളിൽ സിം കാർഡ് ഉണ്ടായിരുന്നില്ല. മണ്ണിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഫോണുകളും പിടിച്ചെടുത്ത മറ്റ് വസ്തുക്കളും. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മുമ്പും മൊബൈൽ ഫോൺ പിടികൂടിയിട്ടുണ്ട്. തടവുകാരെ പാർപ്പിച്ചിരിക്കുന്ന സെല്ലുകളിൽ ആദ്യം പരിശോധന നടത്തിയപ്പോൾ ഒന്നും കണ്ടെത്താനായില്ല. പിന്നാലെ ജയിൽ വളപ്പ് കിളച്ച് പരിശോധിക്കുകയായിരുന്നു. കാലപ്പഴക്കം ചെന്ന ഇവ വർഷങ്ങൾക്ക് മുമ്പേ കുഴിച്ചിട്ടതാവാമെന്ന നിഗമനത്തിലാണ് പൊലീസ്.
കേരളത്തിലെ ജയിലുകളിൽ തടവുകാർ മൊബൈൽ ഫോൺ സ്ഥിരമായി ഉപയോഗിക്കുന്നെന്ന് മാധ്യമങ്ങളിൽ വാർത്ത വന്നതിനു പിന്നാലെയാണ് എല്ലാ ജയിലുകളിലും കർശന പരിശോധന നടത്താൻ ഡിജിപി നിർദ്ദേശം നൽകിയത്.
- TAGS:
- Jail Department
- Kannur