Top

മുന്നറിയിപ്പ് വ്യക്തമാക്കി എല്‍ഡിഎഫ്; ഐഎന്‍എല്ലിനെ ഒഴിവാക്കി ഹജ്ജ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു

ഒഴിവാക്കല്‍ നടപടി കാര്യമാക്കുന്നില്ലെന്നും സ്ഥാനമാനങ്ങള്‍ക്ക് പിന്നാലെ പോകാറില്ലെന്നുമാണ് കാസിം പക്ഷത്തോടൊപ്പമുള്ള ഐഎന്‍എല്‍ ദേശീയ നേതൃത്വത്തിന്റെ പ്രതികരണം.

14 Aug 2021 9:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുന്നറിയിപ്പ് വ്യക്തമാക്കി എല്‍ഡിഎഫ്; ഐഎന്‍എല്ലിനെ ഒഴിവാക്കി ഹജ്ജ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു
X

പിളര്‍പ്പിന് പിന്നാലെ ഐഎന്‍എല്ലിനെ ഹജ്ജ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍. ഇടതുമുന്നണിയിൽ അംഗമല്ലാതിരുന്ന കാലത്തും 2006 മുതൽ പ്രാതിനിധ്യമുണ്ടായിരുന്ന ഹജ്ജ് കമ്മിറ്റിയില്‍ നിന്നാണ് കഴിഞ്ഞ ദിവസം നടന്ന പുനഃസംഘടനയോടെ ഐഎന്‍എല്‍ ഒഴിവാക്കപ്പെടുന്നത്.

പുനഃസംഘടനയുടെ ഘട്ടത്തില്‍ അംഗത്വവുമായി ബന്ധപ്പെട്ട് വഹാബ് പക്ഷം എല്‍ഡിഎഫ് നേതൃത്വത്തെ സമീപിച്ചിരുന്നുവെങ്കിലും പിളർപ്പ് പ്രശ്നങ്ങളില്‍ സമവായമുണ്ടാക്കാതെ പരിഗണിക്കില്ലെന്ന് സർക്കാർ നിലപാട് കടുപ്പിക്കുകയായിരുന്നു എന്നാണ് വിവരം. ഈ ഘട്ടത്തില്‍ ഒരുമിച്ച് പോയില്ലെങ്കിൽ മുന്നണിയിൽ സ്ഥാനമാനമുണ്ടാകില്ലെന്ന ശക്തമായ സന്ദേശം കൂടിയാണ് ഇതിലൂടെ സിപിഐഎം ഐഎൻഎല്ലിന് നൽകുന്നത്.

അതേസമയം, ഒഴിവാക്കല്‍ നടപടി കാര്യമാക്കുന്നില്ലെന്നും സ്ഥാനമാനങ്ങള്‍ക്ക് പിന്നാലെ പോകാറില്ലെന്നുമാണ് കാസിം പക്ഷത്തോടൊപ്പമുള്ള ഐഎന്‍എല്‍ ദേശീയ നേതൃത്വത്തിന്റെ പ്രതികരണം.

മുന്നണിയിലേക്ക് ഔദ്യോഗികമായി എത്തുന്നതിന് മുന്‍പ് തന്നെ ഐഎന്‍എല്ലിന് ഹജ്ജ് കമ്മിറ്റിയില്‍ അംഗത്വമുണ്ടായിരുന്നു. നീലേശ്വരം നഗരസഭ കൗണ്‍സിലറായ ഷംസുദ്ദീന്‍ അരിഞ്ചിറയായിരുന്നു കാലാവധി അവസാനിച്ച ഹജ്ജ് കമ്മിറ്റിയിലെ ഐഎന്‍എല്‍ അംഗം.

അതേസമയം, ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷ പരിപാടിയില്‍ നിന്ന് ഐഎന്‍എല്ലിനെ ഒഴിവാക്കിയിട്ടില്ലെന്ന് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി. ആരെയും സര്‍ക്കാര്‍ ഒഴിവാക്കില്ലെന്നും വിട്ടു പോയിട്ടുണ്ടെങ്കില്‍ പങ്കെടുപ്പിക്കുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. പരിപാടിയുടെ സ്വാഗത സംഘയോഗത്തിലും ഐഎന്‍എല്‍ പ്രതിനിധികള്‍ പങ്കെടുത്തിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ആഘോഷ പരിപാടിയിലേക്ക് ഐഎന്‍എല്ലിന് ക്ഷണമില്ലെന്നായിരുന്നു പ്രചരിച്ച വാര്‍ത്ത. ഐഎന്‍എല്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനും സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ക്ഷണക്കത്തില്‍ ഇടമില്ലെന്നും വാര്‍ത്തകളില്‍ പറഞ്ഞിരുന്നു.


Next Story