Top

'ഐഎൻഎല്ലിലെ സമവായ നീക്കങ്ങള്‍ എങ്ങുമെത്തിയില്ല'; കാന്തപുരം വിഭാഗത്തിന്റെ ഫോർമുല തള്ളി കാസിം ഇരിക്കൂർ പക്ഷം

സംസ്ഥാന കമ്മറ്റി ഓഫീസുമായി ബന്ധപ്പെട്ട കേസിൽ വഹാബ് പക്ഷം കക്ഷി ചേർന്നു.

25 Aug 2021 8:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഐഎൻഎല്ലിലെ സമവായ നീക്കങ്ങള്‍ എങ്ങുമെത്തിയില്ല; കാന്തപുരം വിഭാഗത്തിന്റെ ഫോർമുല തള്ളി കാസിം ഇരിക്കൂർ പക്ഷം
X

ഐഎൻഎല്ലിലെ സമവായ ചർച്ചകള്‍ അനിശ്ചിതത്വത്തില്‍. കാന്തപുരം വിഭാഗം മുന്നോട്ട് വെച്ച ഫോർമുല കാസിം ഇരിക്കൂർ പക്ഷം തള്ളിയതോടെ പാർട്ടിയിലെ സമവായ നീക്കങ്ങൾ തീരുമാനമാകാതെ നീളുകയാണ്. അതേ സമയം സംസ്ഥാന കമ്മറ്റി ഓഫീസുമായി ബന്ധപ്പെട്ട കേസിൽ വഹാബ് പക്ഷം കക്ഷി ചേർന്നു.

ഇരു വിഭാഗത്തിനും മുന്നിൽ വെച്ച ഫോർമുല കാസിം ഇരിക്കൂർ തള്ളിയതൊടെ അനുനയ നീക്കത്തിൽ നിന്നും കാന്തപുരം വിഭാഗം പിന്മാറിയതായാണ് സൂചന. കൊച്ചിയിലെ സംസ്ഥാന കമ്മറ്റി യോഗത്തിന് മുമ്പുള്ള സ്ഥിതിയിൽ നിന്നു വേണം ചർച്ചകൾ ആരംഭിക്കാനെന്ന ഫോർമുലയാണ് കാസിം ഇരിക്കൂർ തള്ളിയത്. ദേശീയ നേതൃത്വം കൈകൊണ്ട അച്ചടക്ക നടപടികൾ പിൻവലിക്കാനാകില്ലെന്ന് കാസിം ഇരിക്കൂർ പറഞ്ഞു.

സമവായ നീക്കങ്ങളെ കാസിം ഇരിക്കൂർ വിഭാഗം എതിർക്കുകയാണെന്ന് പി വി അബ്ദുള്‍ വഹാബ് പക്ഷം ആരോപിച്ചു. സംസ്ഥാന പ്രസിഡന്‍റിനെ നീക്കം ചെയ്തതടക്കമുള്ള നടപടികൾ ഉചിതമായില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് വഹാബ് വിഭാഗം. എന്നാൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും ഈ ആഴ്ച അവസാനത്തോടെ അന്തിമ തീരുമാനത്തിലെത്തുമെന്നുമാണ് കാസിം ഇരിക്കൂർ പറയുന്നത്. ഇതിനിടെയാണ് സംസ്ഥാന കമ്മറ്റി ഓഫീസുമായി ബന്ധപ്പെട്ട് കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസിൽ വഹാബ് പക്ഷം കക്ഷി ചേരുന്നതിന് ഇന്ന് അപേക്ഷ നൽകി. കേസിലെ ഇടക്കാല ഉത്തരവ് അവ്യക്തമാണെന്ന് കാട്ടിയാണ് വഹാബ് പക്ഷം അപേക്ഷ നൽകിയത്.

Next Story