Top

ഹരിതാ നേതാക്കളെ സിപിഐഎമ്മില്‍ എത്തിക്കാന്‍ ശ്രമമെന്ന് സൂചന; ' 'വനിതാ നേതാക്കള്‍ വിളിച്ചു'

സിപിഐഎം മുതിര്‍ന്ന വനിതാ നേതാക്കള്‍ ഇവരുമായി ആശയവിനിമയം നടത്തിയതായി 'മാധ്യമം' റിപ്പോര്‍ട്ട് ചെയ്യുന്നു

17 Sep 2021 2:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹരിതാ നേതാക്കളെ സിപിഐഎമ്മില്‍ എത്തിക്കാന്‍ ശ്രമമെന്ന് സൂചന;  വനിതാ നേതാക്കള്‍ വിളിച്ചു
X

മുസ്ലീം ലീഗ് നേതൃത്വം പിരിച്ചുവിട്ട ഹരിത ഭാരവാഹികളെ സിപിഐഎമ്മില്‍ എത്തിക്കാന്‍ ശ്രമം തുടരുന്നതായി സൂചന. സിപിഐഎം മുതിര്‍ന്ന വനിതാ നേതാക്കള്‍ ഇവരുമായി ആശയവിനിമയം നടത്തിയതായി 'മാധ്യമം' റിപ്പോര്‍ട്ട് ചെയ്യുന്നു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള രണ്ട് വനിതാ നേതാക്കളാണ് ഹരിത ഭാരവാഹികളെ നേരിട്ട് വിളിക്കുകയും പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തത്. അതേസമയം ഭാരവാഹികളില്‍ നിന്നും അനുകൂലമായ പ്രതികരണമല്ല ലഭിച്ചത്. മുസ്ലീം ലീഗില്‍ തന്നെ തുടരുമെന്നത് കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ വ്യക്തമാക്കിയിരുന്നു.

'ഞങ്ങള്‍ ഇതേ ആശയത്തില്‍ തന്നെ എപ്പോഴും ഉണ്ടായിരിക്കും. ഈ പാര്‍ട്ടി വിട്ട് മറ്റൊരു പാര്‍ട്ടിയില്‍ പോയാല്‍ ഇത്തരത്തിലൊരു ജെന്‍ഡര്‍ പ്രശ്‌നം പരിഹരിക്കുമെന്ന് ഞങ്ങളൊരിക്കലും വിശ്വസിക്കുന്നില്ല. കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ഏതൊക്കെയാണ്. സിപിഐഎമ്മാണോ. പികെ ശശി നമ്മളേറ്റവും കൂടുതല്‍ തവണ ചര്‍ച്ച ചെയ്ത വാക്കല്ലേ. അദ്ദേഹത്തെ വീണ്ടും വലിച്ചിഴയ്ക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട്. അദ്ദേഹം ഇന്നിരിക്കുന്ന സ്ഥാനമെന്താണ്. പാര്‍ട്ടി അദ്ദേഹത്തിന് നല്‍കിയിട്ടുള്ള പരിഗണന എന്താണ്. ബിജെപിയിലാണോ ജെന്‍ഡര്‍ പൊളിറ്റിക്‌സ് ഉണ്ടെന്ന് വിശ്വസിക്കുന്നത്. അല്ലെങ്കില്‍ ജമാ അത്തെ ഇസ്ലാമിയിലാണോ. മറ്റേത് രാഷ്ട്രീയ പാര്‍ട്ടിയിലാണ് ഇത്തരത്തിലൊരു ജെന്‍ഡര്‍ വിഷയം കൃത്യമായി കണ്‍വെ ചെയ്യപ്പെട്ടിട്ടുള്ളത്. ഞങ്ങള്‍ ഇതേ ആദര്‍ശത്തില്‍ തന്നെ തുടരും. പക്ഷെ കുറച്ചു കൂടി വിശാലാര്‍ത്ഥത്തില്‍ പെണ്‍കുട്ടികളുടെ കൂട്ടായ്മയെന്ന രൂപത്തില്‍ മുന്നോട്ട് പോവണമെന്നുണ്ട്. അത് എത്തരത്തിലായിരിക്കുമെന്നത് കൃത്യമായി പിന്നീട് പറയാം.' എന്നായിരുന്നു ഹരിത മുന്‍ ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറ കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ടായിരുന്ന ഫാത്തിമ തെഹ്ലിയ മുസ്ലീം ലീഗ് വിടുന്നത് സംബന്ധിച്ച് നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും ഫാത്തിമ തന്നെ അതിനെ തള്ളി വിശദീകരണം നല്‍കിയിരുന്നു. കോഴിക്കേട്ടെ മുന്‍ എംഎല്‍എയും തിരുവനന്തപുരത്തെ ചില ഡിവൈഎഫ്ഐ നേതാക്കളും ഇതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞുവെന്നായിരുന്നു സൂചന.

Next Story