Top

'മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ മരണങ്ങള്‍ സിബിഐക്ക് വിടണം', നടപടിയുണ്ടായില്ലെങ്കില്‍ ഇരകളുടെ കുടുംബത്തിന് സൗജന്യനിയമസഹായം; പ്രഖ്യാപനവുമായി ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ്

ഇക്കാലയളവിലെ കസ്റ്റഡി മരണളിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളിലും സംഘടന നിയമ സഹായം നല്‍കും

7 Aug 2021 10:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ മരണങ്ങള്‍ സിബിഐക്ക് വിടണം, നടപടിയുണ്ടായില്ലെങ്കില്‍ ഇരകളുടെ കുടുംബത്തിന് സൗജന്യനിയമസഹായം; പ്രഖ്യാപനവുമായി ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ്
X

ഒന്നാം പിണറായി സര്‍ക്കാര്‍ കാലത്തുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സൗജന്യ നിയമസഹായം വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് അനുകൂല അഭിഭാഷക സംഘടന ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ്.

ഇക്കാലയളവിലെ കസ്റ്റഡി മരണളിലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളിലും സംഘടന നിയമ സഹായം നല്‍കും. സംസ്ഥാന വ്യാപകമായി ലീഗല്‍ എയ്ഡ് കമ്മിറ്റികള്‍ക്ക് രൂപം കൊടുത്തുകൊണ്ടാണ് പ്രവര്‍ത്തനം. നിയമ സഹായം നല്‍കുന്നതിനായി ജില്ലാതലത്തില്‍ കോര്‍ഡിനേറ്റര്‍മാരെ നിയമിച്ചതായി ലോയേഴ്‌സ് കോണ്‍ഗ്രസ് അറിയിച്ചു.





എട്ട് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതങ്ങളാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുണ്ടായത്. എന്നാല്‍ സ്റ്റേറ്റ് പ്രതിസ്ഥാനത്തുവരുന്ന ഇത്തരം കേസുകളില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്ന സുപ്രിംകോടതി നിര്‍ദേശം നടപ്പാക്കപ്പെട്ടില്ല. ഈ പശ്ചാത്തലത്തില്‍ എല്ലാ കേസുകളിലും സിബിഐ അന്വേഷണം ആവശ്യമാണെന്നും സംഘടന വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞ ഇടതുപക്ഷഭരണ കാലത്തുണ്ടായ ഏഴ് കസ്റ്റഡി മരണങ്ങളില്‍ ഒന്നില്‍ മാത്രമാണ് ജുഡീഷ്യല്‍ അന്വേഷണം നടന്ന് ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കിയതെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. ശേഷിക്കുന്ന കേസുകളിലും അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നടപടിയുണ്ടാകാത്ത പശ്ചാത്തലത്തില്‍ ഇരകള്‍ക്ക് നീതി നേടിക്കൊടുക്കാന്‍ നിയമസഹായം നല്‍കുമെന്നും സംഘടന വ്യക്തമാക്കുന്നു.
Next Story