Top

14ന് 92 സ്‌കൂള്‍ കെട്ടിടങ്ങളുടെയും 48 ലാബുകളുടെയും 3 ലൈബ്രറികളുടെയും ഉദ്ഘാടനം; 107 സ്‌കൂളുകള്‍ക്ക് തറക്കല്ലിടും; 362 കോടിയുടെ വികസനം

കുട്ടികളുടെ കായിക ക്ഷമത വര്‍ദ്ധിപ്പിക്കുക എന്നത് ഏറ്റവും മുന്‍ഗണനയോടെ അഭിമുഖീകരിക്കും

10 Sep 2021 11:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

14ന് 92 സ്‌കൂള്‍ കെട്ടിടങ്ങളുടെയും 48 ലാബുകളുടെയും 3 ലൈബ്രറികളുടെയും ഉദ്ഘാടനം; 107 സ്‌കൂളുകള്‍ക്ക് തറക്കല്ലിടും; 362 കോടിയുടെ വികസനം
X

എല്‍ഡിഎഫ് സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി 14ന് 92 സ്‌കൂള്‍ കെട്ടിടങ്ങള്‍, 48 ഹയര്‍സെക്കന്ററി ലാബുകള്‍, 3 ഹയര്‍സെക്കന്ററി ലൈബ്രറികള്‍ എന്നിവ ഉദ്ഘാടനം ചെയ്യും. 107 പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ തറക്കല്ലിടലും അന്ന് തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. ആകെ 250 കേന്ദ്രങ്ങളിലാണ് ചടങ്ങുകള്‍ നടക്കുന്നത്.

മുഖ്യമന്ത്രിയുള്‍പ്പെടെ 18 മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരെക്കൂടാതെ 93 എം.എല്‍.എമാരും ഈ ചടങ്ങിന്റെ ഭാഗമാകും. ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ് ചടങ്ങിന് സ്വാഗതവും പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് നന്ദിയും ആശംസിക്കും. നവകേരളം കര്‍മ്മപദ്ധതി കോഓര്‍ഡിനേറ്റര്‍ ഡോ.ടി.എന്‍.സീമ, പൊതുവിദ്യാഭ്യാസ ഡയറക്ടറും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സി.ഇ.ഒയുമായ ജീവന്‍ ബാബു.കെ, എസ്.സി.ഇ.ആര്‍.ടി ഡ!യറക്ടര്‍ ഡോ. ജെ. പ്രസാദ്, കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍ , കൈറ്റ് സി.ഇ.ഒ അന്‍വര്‍ സാദത്ത്, സമഗ്രശിക്ഷ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ. എ.പി.കുട്ടികൃഷ്ണന്‍ എസ്.ഐ.ഇ.ടി. ഡയറക്ടര്‍ അബുരാജ്, സീമാറ്റ് ഡയറക്ടര്‍ ഡോ. എം.എ.ലാല്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരാകും. ഇത്രയും കെട്ടിടങ്ങള്‍ ഒരുമിച്ച് ഉദ്ഘാടനം നടത്തുന്നതും ഇത്രമാത്രം ഇടങ്ങിളിലേക്ക് വ്യാപിച്ച് ഉദ്ഘാടന കേന്ദ്രങ്ങള്‍ വരുന്നതും ഇത്രമാത്രം ജനപ്രതിനിധികള്‍ ഒരുമിച്ച് ഒരു ചടങ്ങിന്റെ ഭാഗമാകുന്നു എന്നതും സെപ്റ്റംബര്‍ 14 ലെ ചടങ്ങിന്റെ മാറ്റ് കൂട്ടുന്നു.

14ന് ഉദ്ഘാടനം ചെയ്യുന്ന 92 സ്‌കൂള്‍ കെട്ടിടങ്ങളില്‍ കിഫ്ബി 5 കോടിധന സഹായത്തോടെയുള്ള 11 സ്‌കൂള്‍ കെട്ടിടങ്ങള്‍, 3 കോടി ധനസഹായത്തോടെയുള്ള 23 സ്‌കൂള്‍ കെട്ടിടങ്ങള്‍, പ്ലാന്‍ ഫണ്ട്, സമഗ്രശിക്ഷ കേരളം ഫണ്ട്, നബാര്‍ഡ് ഫണ്ട്, എം.എല്‍.എഫണ്ട് എന്നിവ ഉപയോഗിച്ച് 58 സ്‌കൂള്‍ കെട്ടിടങ്ങള്‍ എന്നിവ ഉള്‍പ്പെടും. തറക്കല്ലിടുന്ന സ്‌കൂള്‍ കെട്ടിടങ്ങളില്‍ 84 എണ്ണം കിഫ്ബിയുടെ ഒരു കോടി ധനസഹായത്തോടെ കില എസ്.പി.വിയായി നിര്‍മ്മാണം നടത്തുന്ന സ്‌കൂള്‍ കെട്ടിടങ്ങളാണ്. ബാക്കി 23 എണ്ണം പ്ലാന്‍ ഫണ്ട് വിനിയോഗിച്ചുമാണ്. ഉദ്ഘാടനം ചെയ്യുന്ന ഹയര്‍സെക്കന്ററി ലാബും, ലൈബ്രറിയും പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയവയാണ്. ഉദ്ഘാടനം ചെയ്യുന്ന കെട്ടിടങ്ങളുടെ മതിപ്പ് ചെലവ് 214 കോടി രൂപയോളമാകും. അതുപോലെ ശിലാസ്ഥാപനം നടത്തുന്ന കെട്ടിടങ്ങള്‍ക്ക് 124 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നെന്ന് മന്ത്രി അറിയിച്ചു.

Next Story