Top

സംസ്ഥാനത്തെ കശുവണ്ടി തൊഴിലാളികള്‍ക്ക് ആശ്വാസം; ബോണസിനുപുറമെ ധനസഹായവും 25 രൂപ നിരക്കില്‍ 10 കിലോ അരിയും

കശുവണ്ടി തൊഴിലാളികള്‍ക്കുള്ള ഓണം ബോണസ് അഡ്വാന്‍സ് ഈ മാസം 17-ാം തീയതിക്കകം വിതരണം ചെയ്യാനും കഴിഞ്ഞദിവസം തീരുമാനമായിരുന്നു.

12 Aug 2021 2:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംസ്ഥാനത്തെ കശുവണ്ടി തൊഴിലാളികള്‍ക്ക് ആശ്വാസം; ബോണസിനുപുറമെ ധനസഹായവും 25 രൂപ നിരക്കില്‍ 10 കിലോ അരിയും
X

സംസ്ഥാനത്തെ കശുവണ്ടി തൊഴിലാളികള്‍ക്ക്ഓണത്തോടനുബന്ധിച്ച് 2000 രൂപ നിരക്കില്‍ എക്‌സ്‌ഗ്രേഷ്യ ധനസഹായവും 25 രൂപ നിരക്കില്‍ 10 കിലോഗ്രാം അരിയും നല്‍കാനൊരുങ്ങി സർക്കാർ. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഒരു വര്‍ഷത്തിലധികമായി പൂട്ടിക്കിടക്കുന്ന 310 കശുവണ്ടി ഫാക്ടറികളിലെ 21852 തൊഴിലാളികള്‍ക്കാണ് ഇവ ലഭിക്കുക.

കശുവണ്ടി തൊഴിലാളികള്‍ക്കുള്ള ഓണം ബോണസ് അഡ്വാന്‍സ് ഈ മാസം 17-ാം തീയതിക്കകം വിതരണം ചെയ്യാനും കഴിഞ്ഞദിവസം തീരുമാനമായിരുന്നു. തൊഴില്‍- വ്യവസായ വകുപ്പ് മന്ത്രിമാരുടെ അധ്യക്ഷതയില്‍ തൊഴിലാളി- തൊഴിലുടമാ പ്രതിനിധികളുമായി ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. മുന്‍വര്‍ഷം നല്‍കിയ അതേ നിരക്കില്‍ ഇക്കുറിയും ഓണം ബോണസ് നല്‍കാനാണ് നിർദേശം.

ഈ വര്‍ഷത്തെ ബോണസ് 20 ശതമാനവും ബോണസ് അഡ്വാന്‍സായി 9500 രൂപയും നല്‍കാനാണ് യോഗത്തില്‍ തീരുമാനമായിരിക്കുന്നത്. 2021 വര്‍ഷത്തേയ്ക്ക് നിശ്ചയിച്ച നിരക്കനുസരിച്ചുള്ള ബോണസ് തുക അഡ്വാന്‍സ് ബോണസില്‍ നിന്നും കിഴിച്ച് 2022 ജനുവരി 31-ന് മുന്‍പ് തൊഴിലാളികള്‍ക്ക് വിതരണം ചെയ്യും. 2021 ഡിസംബറില്‍ കണക്കാക്കുന്ന ബോണസ് തുകയേക്കാള്‍ കൂടുതലാണ് കൈപ്പറ്റിയ അഡ്വാന്‍സെങ്കില്‍ അധികമുള്ള തുക ഓണം ഇന്‍സന്റീവ് ആയി കണക്കാക്കും.
കശുവണ്ടി ഫാക്ടറികളിലെ മാസശമ്പളക്കാരായ തൊഴിലാളികള്‍ക്ക് മൂന്നു മാസത്തെ ശമ്പളത്തിന് തുല്യമായ തുക ബോണസായി നല്‍കാനും ധാരണയായി. 2021 ജൂലൈ മാസത്തെ ശമ്പളം അടിസ്ഥാനമാക്കിയാണ് ഫാക്ടറി സ്റ്റാഫുകളുടെ ബോണസ് നിശ്ചയിക്കുന്നത്. 2021 ജൂലൈ 31 വരെയുള്ള കാലയളവില്‍ 75 ശതമാനം ഹാജര്‍ ഉള്ളവര്‍ക്ക് മുഴുവന്‍ ബോണസ് അഡ്വാന്‍സ് നല്‍കും. അതില്‍ കുറവ് ഹാജര്‍ ഉള്ളവര്‍ക്ക് ആനുപാതികമായി ബോണസും അഡ്വാന്‍സും നല്‍കുന്നതിനും യോഗത്തില്‍ തീരുമാനമായി.
Next Story