Top

'വാക്‌സിനേഷന്‍ നിര്‍ത്തിവെയ്‌ക്കേണ്ട നിലയിലേക്ക് എത്തിക്കരുത്'; ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമത്തില്‍ മുന്നറിയിപ്പുമായി ഐഎംഎ

9 Aug 2021 9:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വാക്‌സിനേഷന്‍ നിര്‍ത്തിവെയ്‌ക്കേണ്ട നിലയിലേക്ക് എത്തിക്കരുത്; ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമത്തില്‍ മുന്നറിയിപ്പുമായി ഐഎംഎ
X

ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമത്തില്‍ മുന്നറിയിപ്പുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം. ഇത്തരത്തില്‍ അതിക്രമങ്ങളുമായി മുന്നോട്ടു പോയി വാക്‌സിനേഷന്‍ നിര്‍ത്തിവെയ്‌ക്കേണ്ട സാഹചര്യത്തിലേക്കെത്തിക്കരുതെന്നും ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സഹിക്കാന്‍ കഴിയുന്നതിനും അപ്പുറത്തെത്തുന്നത് കയ്യുംകെട്ടി നോക്കി നില്‍ക്കില്ലെന്നും ഐഎംഎ വ്യക്തമാക്കി.

ഡോക്ടര്‍മാരെ കൈയ്യേറ്റം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസ് തയ്യാറാക്കുന്നില്ലെന്ന് ഐഎംഎ ആരോപിച്ചു. രാഷ്ട്രീയപ്രവര്‍ത്തകര്‍ പറയുന്ന ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാത്തത്തിന്റെ പേരില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേല്‍ക്കുന്ന അവസ്ഥയാണുള്ളത്. വിഷയത്തില്‍ മുഖ്യമന്ത്രി അപലപിക്കുവാനോ, എംഎല്‍എമാര്‍ നിയമസഭയില്‍ വിഷയം ഉന്നയിക്കാനോ തയ്യാറാകുന്നില്ല. ഈ സ്ഥിതി തന്നെ തുടര്‍ന്നുപോകുകയാണെങ്കില്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ച് മുന്നോട്ടുപോകേണ്ടി വരുമെന്നും ഐഎംഎ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വനിത ഡോക്ടറെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്യുന്ന സാഹചര്യത്തില്‍റെ പശ്ചാത്തലത്തിലാണ് ഐഎംഎ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ കൊവിഡ് കാലത്തുപ്പോലും ഇങ്ങനെ സംഭവിക്കുന്നത് ഇനിയും നോക്കി നില്‍ക്കാനാവില്ല. കൊവിഡ് ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിന്നും മാറി നിന്നുകൊണ്ടുള്ള സമരപരിപാടികളിലേക്ക് കേരളത്തിലെ ഡോക്ടര്‍മാരെ തള്ളിവിടാതിരിക്കുവാനുള്ള സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു.

Next Story