Top

മുഖ്യമന്ത്രി വിളിച്ച പൊലീസ് യോഗത്തില്‍ ഐജി ലക്ഷ്മണയ്ക്ക് സീറ്റില്ല; ഇറക്കിവിട്ടു, 'ഓണ്‍ലെെനില്‍ മതി'

മോന്‍സന്‍ മാവുങ്കലിനോട് അടുപ്പമുണ്ടെന്ന ആക്ഷേപത്തില്‍ നേരത്തെ ഐജി ലക്ഷ്മണയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

3 Oct 2021 2:28 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുഖ്യമന്ത്രി വിളിച്ച പൊലീസ് യോഗത്തില്‍ ഐജി ലക്ഷ്മണയ്ക്ക് സീറ്റില്ല; ഇറക്കിവിട്ടു, ഓണ്‍ലെെനില്‍ മതി
X

മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിനായി പൊലീസ് ആസ്ഥാനത്തെത്തിയ ഐജി ലക്ഷണമണയെ തിരിച്ചയച്ചു. പൊലീസ് ആസ്ഥാനത്തെ കോണ്‍ഫ്രറന്‍സ് ഹാളില്‍ നടന്ന യോഗത്തിനായി ഐജി സ്ഥലത്തെത്തിയെങ്കിലും ഓണ്‍ലൈനായി പങ്കെടുത്താല്‍ മതിയെന്ന് ഡിജിപി നിര്‍ദേശിക്കുകയായിരുന്നു.

മുഖ്യമന്ത്രിയുമായുള്ള യോഗത്തിനായി ഒരുക്കിയ കോണ്‍ഫ്രറന്‍സ് ഹാളില്‍ ആറുപേര്‍ക്കാണ് സീറ്റുണ്ടായത്. എന്നാല്‍ ഡിജിപിക്ക് ഒപ്പം എഡിജിപിമാര്‍ മാത്രം പങ്കെടുത്താല്‍ മതിയെന്ന ഡിജിപിയുടെ നിര്‍ദേശ പ്രകാരം ഐജിയെ തിരിച്ചയച്ചു. എന്നാല്‍ ഇന്റലിജന്‍സ് എഡിജിപി വിനോദ് കുമാര്‍ യോഗത്തിലെത്താത്തതിനെ തുടര്‍ന്ന് ഒഴിഞ്ഞുകിടന്ന സീറ്റില്‍ ഐജി ലക്ഷ്ണയ്ക്ക് പകരം പൊലീസ് ആസ്ഥാനത്തെ ഡിഐജിയായ ശ്യാം സുന്ദറിന് സീറ്റു നല്‍കുകയും ചെയ്തു.

പുരാവസ്തുക്കളുടെ മറവില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലിനോട് അടുപ്പമുണ്ടെന്ന ആക്ഷേപത്തില്‍ നേരത്തെ ഐജി ലക്ഷ്മണയ്ക്ക് എഡിജിപി മനോജ് എബ്രഹം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മോന്‍സണ്‍ മാവുങ്കലുമായുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധം അടക്കം ചര്‍ച്ചയായെന്ന് സൂചനയുള്ള യോഗത്തില്‍ ലക്ഷ്മണയ്ക്ക് സീറ്റ് നിഷേധിച്ചത്.

മോന്‍സന്‍ മാവുങ്കലിനെതിരെ ഉയര്‍ന്ന് സുപ്രധാനമായ ഒരു ആരോപണത്തിലെ അന്വേഷണം തടഞ്ഞു എന്നായിരുന്നു ഐജിക്കെതിരായ ആക്ഷേപം. മോന്‍സന്‍ മാവുങ്കലിനെതിരെ ആറ് കോടിയുടെ തട്ടിപ്പ് ആരോപണം ഉയര്‍ത്തി ബിസിനസ് ഗ്രൂപ്പ് നല്‍കിയ പരാതിയിലെ അന്വേഷണം ആലപ്പുഴ ക്രൈംബ്രാഞ്ചിന് കൈമാറിയത് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തെ എഐജിയ്ക്കായി ഐജി ലക്ഷ്മണ മെയില്‍ അയച്ചു എന്ന ആക്ഷേപത്തിലാണ് വിശദീകരണം തേടിയത്.

Next Story