Top

'ഒന്നു തുമ്മണമെങ്കില്‍ ഇബ്രാഹിംകുഞ്ഞിന് കുഞ്ഞാലിക്കുട്ടിയുടെ അനുവാദം വേണം, എല്ലാ ഇടപാടിലും 50-50യാണ് കരാര്‍': കെ ടി ജലീല്‍

നാഷണല്‍ ഹൈവേ പണിയേണ്ടിയിരുന്ന ആ പാലം അവര്‍ സന്നദ്ധതയറിയിച്ചിട്ടും ഒന്നോ രണ്ടോ വര്‍ഷം കൂടുതലെടുത്തേക്കാമെന്ന കാരണം കാണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത്

4 Aug 2021 4:34 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒന്നു തുമ്മണമെങ്കില്‍ ഇബ്രാഹിംകുഞ്ഞിന് കുഞ്ഞാലിക്കുട്ടിയുടെ അനുവാദം വേണം, എല്ലാ ഇടപാടിലും 50-50യാണ് കരാര്‍: കെ ടി ജലീല്‍
X

പാലാരിവട്ടം പാലം അഴിമതി വി കെ ഇബ്രാംഹിംകുഞ്ഞില്‍ ഒതുങ്ങുന്നതല്ലെന്ന് മുന്‍മന്ത്രി ഡോ. കെ ടി ജലീല്‍. ഇബ്രാഹിംകുഞ്ഞ് ഒന്നു തുമ്മണമെങ്കില്‍ പോലും കുഞ്ഞാലിക്കുട്ടിയുടെ അനുവാദം വാങ്ങും. അവര്‍ തമ്മിലെ കെമിസ്ട്രി അതാണ്. എല്ലാ ഇടപാടിലും ഫിഫ്റ്റി-ഫിഫ്റ്റിയാണ് അവര്‍ തമ്മിലെ കരാര്‍. കുഞ്ഞാലിക്കുട്ടിയുടെ ആസ്തിയും സമ്പാദ്യയും പരിശോധിച്ചാല്‍ അത് വ്യക്തമാകുമെന്നും കെ ടി ജലീല്‍ പറഞ്ഞു.

പാലാരിവട്ടം പാലം അഴിമതിയും ചന്ദ്രികയില്‍ വന്ന പണവും തമ്മില്‍ ബന്ധവുമില്ലെന്ന കുഞ്ഞാലിക്കുട്ടിയുടെ വാദവും കെ ടി ജലീല്‍ തള്ളി. രണ്ട് സംഭവങ്ങളും തമ്മില്‍ രണ്ട് വര്‍ഷത്തെ വ്യത്യാസമുണ്ടെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വാദം. പാലാരിവട്ടം പാലം ഉദ്ഘാടനം ചെയ്തപ്പോഴല്ലല്ലോ അഴിമതി നടന്നിട്ടുണ്ടാകുക. നാഷണല്‍ ഹൈവേ പണിയേണ്ടിയിരുന്ന ആ പാലം അവര്‍ സന്നദ്ധതയറിയിച്ചിട്ടും ഒന്നോ രണ്ടോ വര്‍ഷം കൂടുതലെടുത്തേക്കാമെന്ന കാരണം കാണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത്. പിന്നീട് സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റില്‍ നിന്ന് താത്പര്യമെടുത്ത് പദ്ധതിയാരംഭിച്ചതോടെ അഴിമതിയുടെ കഥ ആരംഭിച്ചിരുന്നെന്നും കെ ടി ജലീല്‍ കൂട്ടിച്ചേര്‍ത്തു.
ലീഗിനെ ഒരുരാഷ്ട്രീയ പാര്‍ട്ടിയാക്കാന്‍ ഒരിക്കലും കുഞ്ഞാലിക്കുട്ടി ശ്രമിച്ചിട്ടില്ല. മുസ്ലിംലീഗിനെ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മുന്നോട്ടുകൊണ്ടുപോകാനാണ് അദ്ദേഹത്തിന്റെ താത്പര്യം. അദ്ദേഹം ആ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ്. ലീഗ് ഇപ്പോള്‍ പ്രവര്‍ത്തനഫണ്ട് പിരിക്കാറില്ല. മറ്റ് പാര്‍ട്ടികള്‍ നടത്തുന്നതുപോലെ അടുത്ത കാലത്ത് പാര്‍ട്ടിഫണ്ട് പിരിക്കാനായി മുസ്ലിംലീഗ് ഏതെങ്കിലും ക്യാമ്പയിന്‍ നടത്തിയതായി കാണുന്നില്ല. പിന്നെ എവിടെ നിന്നാണ് മുസ്ലിംലീഗിന് പ്രവര്‍ത്തനഫണ്ട് ലഭിക്കുന്നതെന്നും കെ ടി ജലീല്‍ സംശയമുന്നയിച്ചു.

മകനെതിരായ അഴിമതി ആരോപണങ്ങള്‍ നിയമസഭയിലല്ല ഇന്‍കംടാക്സിന് മുന്നിലാണ് കുഞ്ഞാലിക്കുട്ടി ബോധിപ്പിക്കേണ്ടതെന്നും കെ ടി ജലീല്‍ പറഞ്ഞു. 110 കോടി രൂപയുടെ നിക്ഷേപമാണ് ഇന്‍കംടാക്‌സ് കണ്ടുകെട്ടിയിരിക്കുന്നത്. അതില്‍ ഏഴുകോടി രൂപയുടെ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കുകയും ആ പണം പിന്‍വലിക്കുകയും ചെയ്തിരുന്നു. ബാക്കിയുള്ള 103 കോടിരൂപയുടെ നിക്ഷേപകരാണ് അനുവദിച്ച കാലയളവനുള്ളില്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാതെ നില്‍ക്കുന്നത്. അപ്പോള്‍ സ്പീക്കറുടെ മുന്നിലോ നിയമസഭയിലോ രേഖകള്‍ സമര്‍പ്പിക്കുന്നതിന് പകരം ഇന്‍കംടാക്‌സിനെ അതെല്ലാം ബോധ്യപ്പെടുത്തി മകന്റെ പണം മോചിപ്പിക്കാനാണ് കുഞ്ഞാലിക്കുട്ടി ശ്രമിക്കേണ്ടതെന്നും ജലീല്‍ കൂട്ടിച്ചേർത്തു.


Next Story