Top

'മേരിചേച്ചിക്ക് എന്റെ വക 100 രൂപ, ഒരുതരം പ്രതിഷേധമാണ് എനിക്കിത്'; ഹരീഷ് വാസുദേവൻ

മുഖ്യമന്ത്രിയോടുള്ള പ്രതിഷേധ വകയിൽ മേരിചേച്ചിക്ക് എന്റെ വക 100 രൂപ

3 Aug 2021 3:19 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മേരിചേച്ചിക്ക് എന്റെ വക 100 രൂപ, ഒരുതരം പ്രതിഷേധമാണ് എനിക്കിത്; ഹരീഷ് വാസുദേവൻ
X


കൊച്ചി: ലോക്ഡൗൺ ലംഘനം ആരോപിച്ച് പൊലീസ് മീൻകുട്ട തട്ടിത്തെറിപ്പിച്ച കുരിശ് മേരിക്ക് സംഭാവന നൽകാൻ സോഷ്യല്‍ മീഡിയാ ക്യാംപെയ്ൻ. അഡ്വക്കേറ്റ് ഹരീഷ് വാസുദേവനാണ് സോഷ്യൽ മീഡിയയിൽ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിയോടുള്ള പ്രതിഷേധ വകയിൽ മേരിചേച്ചിക്ക് എന്റെ വക 100 രൂപ എന്ന തലക്കെട്ടോടെയാണ് കുറിപ്പ് ഹരീഷ് വാസുദേവൻ പങ്കുവെച്ചിരിക്കുന്ന കുറിപ്പിലാണ് ക്യാംപെയ്ന്‍ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
കുറിപ്പ് വായിക്കാം
മുഖ്യമന്ത്രിയോടുള്ള പ്രതിഷേധ വകയിൽ മേരിചേച്ചിക്ക് എന്റെ വക 100 രൂപ.
അഞ്ചുതെങ്ങു സ്വദേശി മേരിയുടെ മീൻ പോലീസ് വലിച്ചെറിഞ്ഞത് സംബന്ധിച്ച സബ്മിഷനു മറുപടി പറയവേ, മുഖ്യമന്ത്രി അൽപ്പം ഭേദപ്പെട്ടല്ലോ എന്നു തോന്നി. പണ്ടത്തെപ്പോലെ പോലീസ് പറയുന്നത് അപ്പടി ഏറ്റുപറയുന്നില്ല, അതിന്റെ സത്യാവസ്ഥ അന്വേഷിക്കാൻ DGP യോട് നിർദ്ദേശിച്ചു എന്നാണ് നിയമസഭയിലെ ഉത്തരം
അത്രയും മാറ്റമുണ്ട്, നല്ലകാര്യം.
പക്ഷേ, അതുകൊണ്ടായില്ല. നീതിന്യായ വ്യവസ്ഥ ഭീതിയോ പ്രീതിയോ ഇല്ലാതെ നടപ്പാക്കും എന്നു സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി അതിന്റെ ലംഘനമാണ് നടത്തുന്നത്. ഒരു കോഗ്നിസബിൾ ഒഫൻസിനെപ്പറ്റി അറിവ് ലഭിച്ചാൽ, അപ്പോൾത്തന്നെ FIR ഇട്ട് അതേപ്പറ്റി അന്വേഷിക്കേണ്ടത് സ്റ്റേറ്റിന്റെ ചുമതലയാണ് എന്നത് ലളിതകുമാരി കേസിൽ സുപ്രീംകോടതി വിധിയാണ്. ഇന്നാട്ടിലെ ആ നിയമം മേരിയുടെ കാര്യത്തിൽ ഇതുവരെ നടക്കാത്തത് എന്തേ?
മേരിയുടെ പരാതി ഒരു cognizable offence നെപ്പറ്റി ഉള്ളതാണ്. FIR ഇട്ട് അന്വേഷിക്കണ്ടതാണ്. ചെയ്തത് പൊലീസുകാർ ആണോ ചാനലുകാർ ആണോ എന്നൊക്കെ അന്വേഷിക്കേണ്ടത് FIR ഇട്ടശേഷമാണ്. മേരി ചേച്ചിയെ ചോദ്യം ചെയ്യണം, സാക്ഷികളെ ചോദ്യം ചെയ്യണം, അങ്ങനെ നിയമപരമായ നടപടി ക്രമങ്ങൾ വേണം. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ വിവരം മേരി ചേച്ചി നൽകിയാൽ അത് FIR ൽ കാണണം. പൊലീസുകാർ ചെയ്യുന്ന കുറ്റകൃത്യത്തിനു IPC യിൽ ഇളവില്ല, നടപടിക്രമം വേറെയുമല്ല.
KP Act ലെ 113 ആം വകുപ്പിന്റെ പരിരക്ഷ ഇക്കാര്യത്തിൽ ലഭിക്കില്ല.
ഞാനോ നിങ്ങളോ ഒരു മേരിയുടെ മീൻ തോട്ടിലെറിഞ്ഞെന്ന പരാതി ഉണ്ടായാൽ നിയമം എങ്ങനെ സഞ്ചരിക്കുമോ, അതേ വഴിയിലൂടെ നിയമം പോകണം, ഈ കേസിലും.
സംഭവം റിപ്പോർട്ട് ചെയ്തു 3 ദിവസം പിന്നിട്ടു. ഇതുവരെ ഒരു FIR ഇട്ടോ? ഇട്ടെങ്കിൽ എത്രയാണ് ക്രൈം നമ്പർ? ഇട്ടിട്ടില്ലെങ്കിൽ ആ നിയമം നടപ്പാക്കാൻ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ എന്ത് നടപടി സ്വീകരിച്ചു എന്നുവേണ്ടേ മുഖ്യമന്ത്രി DGP യോട് ചോദിക്കാൻ !!
(ഈ വിഷയത്തിൽ മാത്രമല്ലല്ലോ, പൗരന്മാരെ അകാരണമായി ഉപദ്രവിച്ചതായി പരാതിയുള്ള ഏതെങ്കികും കേസിൽ FIR ഇട്ട് അന്വേഷണം നടത്തിയിട്ടുണ്ടോ?)
അതല്ലല്ലോ മുഖ്യമന്ത്രി ചെയ്തത്. പരാതി പോലീസിലെ ഒരാൾക്ക് എതിരെ ആയതുകൊണ്ട് പോലീസ് അനങ്ങുന്നില്ല. നിയമവ്യവസ്ഥയെ അട്ടിമറിച്ചു. പകരം വകുപ്പുതല അന്വേഷണം നടക്കുന്നു. പോലീസിലെ ഒരാൾ തെറ്റു ചെയ്തിട്ടുണ്ടോ എന്നു അതേ സേനയിലെ മറ്റൊരാൾ അന്വേഷിച്ചാലോ !! പ്രത്യേകിച്ചും പ്രതിയുടെ വേർഷൻ കേരളാ പോലീസിന്റെ ഔദ്യോഗിക നിലപാടായി ഫേസ്‌ബുക്കിൽ വന്നതിനു ശേഷം, അതിനു കീഴിലെ ഒരാൾ അന്വേഷിച്ചാൽ !!
എന്ത് സംഭവിക്കുമെന്ന് അറിയാൻ ലോ കോളേജിൽ പഠിക്കേണ്ട കാര്യമില്ലല്ലോ. ഉണ്ടോ??
പരിഹാസ്യമാണ് മുഖ്യമന്ത്രിയുടെ ഇന്നത്തെ നില. സത്യം പുറത്തുവരാൻ മറ്റൊരു ഏജൻസി, ക്രൈം ബ്രാഞ്ചോ മറ്റോ ഈ കേസ് അന്വേഷിക്കണം. അതിൽക്കുറഞ്ഞ ഒന്നിലും സത്യസന്ധത ഉണ്ടാവില്ല.
ലളിതകുമാരി കേസിലെ നിയമം പൊലീസുകാർ പ്രതിസ്ഥാനത്ത് വരേണ്ടുന്ന കേസുകളിൽ കേരളത്തിൽ നടപ്പില്ലെന്നാണ് കേരളാ പോലീസിന്റെ നിലപാട്. മറിച്ചാണ് സർക്കാരിന്റെ നിലപാടെന്ന് ഇന്നീ നിമിഷം വരെ മുഖ്യമന്ത്രി പ്രവർത്തിയിലൂടെ തെളിയിച്ചിട്ടില്ല. ഒരു പൗരൻ എന്ന നിലയ്ക്ക് എനിക്ക് അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല. നിയമം നടപ്പാക്കേണ്ട ഒരാൾ എന്റെ കൂടി ചെലവിൽ നിയമവ്യവസ്ഥ അട്ടിമറിക്കാൻ കൂട്ട് നിൽക്കുന്നു എന്ന കാര്യം. അതിനാൽ ഈ വിഷയം FIR ഇട്ട് ക്രൈംബ്രാഞ്ച് അന്വേഷിക്കണം എന്നാണ് എന്റെ ആവശ്യം.
മേരിചേച്ചി ഒരു പ്രതീകം മാത്രമാണ്. കേരളാ പോലീസിനെ നിയമം ലംഘിക്കാൻ കയറൂരി വിടുന്ന ഒരു മുഖ്യമന്ത്രിക്കും സർക്കാരിനെതിരായ പ്രതിഷേധത്തിന്റെ പ്രതീകം
പലരും എന്നോട് ഇൻബോക്സിൽ ചോദിച്ച മേരിചേച്ചീയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് താഴെ. നീതിക്കായുള്ള പല തട്ടിലുള്ള ശ്രമത്തിനു അവരെപ്പോലെയുള്ള മനുഷ്യർക്ക് പൊതുപിന്തുണ വേണം. പ്രതീകാത്മകമായി എന്റെ വക മേരി ചേച്ചിക്ക് 100 രൂപ അയക്കാനാണ് തീരുമാനം.
#Ente_vaka_100
ഒരുതരം പ്രതിഷേധമാണ് എനിക്കിത്. ഇത് കാണുന്ന സർക്കാരിന് ഇനിയെങ്കിലും നാണമുണ്ടാകട്ടെ. ഇല്ലെങ്കിൽ വഴിയേ അടുത്ത നിയമനടപടികളിലേക്ക് പോകാം.
#shame_on_keralapolice


Next Story