Top

'ഞാനൊന്നും ആവശ്യപ്പെട്ടിട്ടില്ല, ആരെയും സമീപിച്ചിട്ടില്ല, എനിക്കൊരു ബുദ്ധിമുട്ടുമില്ല'; എഐസിസി സ്ഥാനത്തില്‍ ചെന്നിത്തലയുടെ മറുപടി

കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ രമേശ് ചെന്നിത്തലയ്ക്ക് ഒരു സ്ഥാനത്തിന്റെയും ആവശ്യമില്ല

9 Sep 2021 9:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഞാനൊന്നും ആവശ്യപ്പെട്ടിട്ടില്ല, ആരെയും സമീപിച്ചിട്ടില്ല, എനിക്കൊരു ബുദ്ധിമുട്ടുമില്ല; എഐസിസി സ്ഥാനത്തില്‍ ചെന്നിത്തലയുടെ മറുപടി
X

എഐസിസിയില്‍ താന്‍ യാതൊരു സ്ഥാനവും ആവശ്യപ്പെട്ടിട്ടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ തനിക്ക് സ്ഥാനങ്ങളുടെ ആവശ്യമില്ലെന്നും മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത് വ്യാജവാര്‍ത്തകളാണെന്നും ചെന്നിത്തല പറഞ്ഞു. എല്ലാ ദിവസവും ഇങ്ങനെ വാര്‍ത്ത കൊടുത്ത് ആക്ഷേപിക്കരുത് എന്നേ മാധ്യമങ്ങളോട് പറയാനുള്ളൂയെന്നും ചെന്നിത്തല പറഞ്ഞു. ഡിസിസി പ്രസിഡന്റ് സ്ഥാനങ്ങള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഒരു പ്രശ്‌നങ്ങളുമില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

രമേശ് ചെന്നിത്തല പറഞ്ഞത്: ''എന്നെ എഐസിസിയിലേക്ക് കൊണ്ടുവരണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. എന്നെ വയ്ക്കാമെന്നും ആരും പറഞ്ഞിട്ടുമില്ല. മാധ്യമങ്ങളിലേത് വ്യാജവാര്‍ത്തകളാണ്. എനിക്കൊരു സ്ഥാനവും വേണമെന്ന് ആവശ്യപ്പെട്ട് ഞാന്‍ ആരെയും സമീപിച്ചിട്ടില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകനെ നിലയില്‍ പാര്‍ട്ടി എനിക്ക് ധാരാളം സ്ഥാനങ്ങള്‍ നല്‍കിയിട്ടുണ്ട്. അതുകൊണ്ട് സ്ഥാനമില്ലാതെ പ്രവര്‍ത്തിക്കുന്നത് കൊണ്ട് എനിക്കൊരു ബുദ്ധിമുട്ടുമില്ല. അതുകൊണ്ട് ഇത്തരം വാര്‍ത്തകള്‍ എന്നെ ബാധിക്കുന്ന കാര്യമല്ല.''

''ഞാന്‍ സ്ഥാനമൊഴിഞ്ഞിട്ട് നാലുമാസമായി. എന്നോട് ആരും എന്തെങ്കിലും സ്ഥാനം തരാമെന്ന് പറഞ്ഞിട്ടില്ല. ഇതുമായി എന്തെങ്കിലും ചര്‍ച്ച നടക്കുന്നതായിട്ടും എനിക്കറിയില്ല. എല്ലാ ദിവസവും ഇങ്ങനെ വാര്‍ത്ത കൊടുത്ത് നമ്മളെ വെറുതെ ആക്ഷേപിക്കരുത് എന്നേ പറയാനുള്ളൂ. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ രമേശ് ചെന്നിത്തലയ്ക്ക് ഒരു സ്ഥാനത്തിന്റെയും ആവശ്യമില്ല. ഞാനെന്നും ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നയാളാണ്. ഡിസിസി പ്രസിഡന്റ് സ്ഥാനങ്ങള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ചിട്ടുണ്ട്. ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഒരു പ്രശ്‌നങ്ങളുമില്ല.''

Next Story