Top

'അൽഫോണ്‍‍സിയക്ക് നേരെയുണ്ടായ കയ്യേറ്റം മനുഷ്യാവകാശലംഘനം'; ആറ്റിങ്ങൽ നഗരസഭയോട് മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

കുടുംബത്തിലെ ഏക വരുമാനക്കാരിയായ അൽഫോൺസിയയുടെ ശരീരത്തിന് പരിക്കേറ്റതായും ഉത്തരവിൽ ചൂണ്ടിക്കാട്ടി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

12 Aug 2021 12:27 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അൽഫോണ്‍‍സിയക്ക് നേരെയുണ്ടായ കയ്യേറ്റം മനുഷ്യാവകാശലംഘനം; ആറ്റിങ്ങൽ നഗരസഭയോട് മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി
X

തിരുവനന്തപുരം: ആറ്റിങ്ങൽ അവനവഞ്ചേരിയിൽ വഴിയോരത്ത് മീൻ വിൽക്കുകയായിരുന്ന മത്സ്യത്തൊഴിലാളിയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. അൽഫോൺസിയയെ കൈയേറ്റം ചെയ്ത സംഭവം മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി.

സംഭവത്തെ കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തി സെപ്റ്റംബർ 10 നകം ആറ്റിങ്ങൽ നഗരസഭാ സെക്രട്ടറി റിപ്പോർട്ട് ഫയൽ ചെയ്യണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവിട്ടു. കേസ് സെപ്റ്റംബർ 15 ന് പരിഗണിക്കും.

ജനങ്ങൾ പലതരത്തിലുള്ള പ്രയാസങ്ങൾ അനുഭവിക്കുന്ന കൊവിഡ് കാലത്ത് കുടുംബം പുലർത്താൻ മീൻ വിൽപ്പന നടത്തിയിരുന്ന സ്ത്രീയുടെ ജീവിത മാർഗ്ഗം നഗരസഭ ഉദ്യോഗസ്ഥർ തടസ്സപ്പെടുത്തിയതായി ഉത്തരവ് പറയുന്നു. അവർക്ക് ഭീമമായ സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ട്. കുടുംബത്തിലെ ഏക വരുമാനക്കാരിയായ അൽഫോൺസിയയുടെ ശരീരത്തിന് പരിക്കേറ്റതായും ഉത്തരവിൽ ചൂണ്ടിക്കാട്ടി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

റോഡരികില്‍ കച്ചവടം ചെയ്തതിന്റെ പേരില്‍ ആറ്റിങ്ങല്‍ നഗരസഭാ ജീവനക്കാരുടെ അതിക്രമത്തിനിരയായ മത്സ്യവില്‍പ്പനക്കാരി അല്‍ഫോന്‍സിയയുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. അന്ന് ഉണ്ടായ അതിക്രമത്തില്‍ അല്‍ഫോന്‍സയ്ക്ക് പരുക്ക് പറ്റിയിയിട്ടുണ്ട്. കൈക്ക് പ്ലാസ്റ്ററിട്ട നിലയിലാണ് അല്‍ഫോന്‍സ ഇപ്പോള്‍. കൈയ്ക്ക് നല്ല വേദനയുണ്ടെന്ന് അല്‍ഫോന്‍സിയ പറയുന്നു. പരുക്ക് പറ്റിയതിനാല്‍ ജോലിക്ക് പോവാനും ഈ സ്ത്രീ ബുദ്ധിമുട്ടുകയാണ്. കുടുംബത്തിലെ അഞ്ച് പേരുടെ ഏക ആശ്രയമാണ് അല്‍ഫോന്‍സിയയുടെ ജോലി. ഭര്‍ത്താവ് സേവ്യര്‍ ആറ് വര്‍ഷം മുമ്പ് നടന്ന ശസ്ത്രക്രിയക്ക് ശേഷം ജോലിക്കു പോവുന്നില്ല.

അല്‍ഫോന്‍സിയയുടെ 20000 രൂപയുടെ മീനാണ് നഗരസഭാ ഉദ്യോഗസ്ഥര്‍ അന്ന് ചവറു വണ്ടിയില്‍ തള്ളി കൊണ്ടുപോയത്. വില കൂടിയ മീനാണ്. കളയരുത് ഇനി എനിക്കവര്‍ കടം തരില്ലല്ലോ എന്ന് പറഞ്ഞ് അവര്‍ കാലു പിടിച്ച് കരഞ്ഞെങ്കിലും ജീവനക്കാര്‍ കേട്ടില്ല. ഇതിനിടെ അല്‍ഫോന്‍സിയ റോഡിലേക്ക് വീഴുകയും ചെയ്തു. നടുറോഡില്‍ കിടന്നു പ്രതിഷേധിച്ചിട്ടും നഗരസഭാ ജീവനക്കാര്‍ ഇത് അവഗണിച്ചു.

അതേസമയം സംഭവത്തില്‍ അല്‍ഫോന്‍സിയക്കെതിരെയും കേസുണ്ട്. ജോലി തടസ്സപ്പെടുത്തിയെന്ന് പറഞ്ഞ നഗരസഭ നല്‍കിയ പരാതിയില്‍ അല്‍ഫോന്‍സിയ, മൂന്ന് ഓട്ടോ ഡ്രൈവര്‍മാര്‍, എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. തന്നെ മര്‍ദ്ദിച്ചതായി അല്‍ഫോന്‍സിയ നല്‍കിയ പരാതിയില്‍ ആറ്റിങ്ങല്‍ നഗരസഭയിലെ മൂന്ന് ജീവനക്കാര്‍ക്കെതിരെയും കേസെടുത്തു. സംഭവം വലിയ വാര്‍ത്തായിട്ടും വനിതാ കമ്മീഷന്‍ അംഗങ്ങള്‍ ഉള്‍പ്പെടെ ആരും സ്ഥലത്തെത്തിയില്ലെന്ന ആക്ഷേപവുമുയരുന്നതിനിടെയാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലുണ്ടാകുന്നത്.

അതേസമയം, അതിക്രമത്തിനരയായ അല്‍ഫോന്‍സിയയുടെ വീട് ഇന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സന്ദർശിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശനും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടെ വീട്ടിലെത്തി. അല്‍ഫോന്‍സിയക്ക് മീന്‍വില്‍പ്പന തുടരാനും മറ്റ് സഹായങ്ങളും കോണ്‍ഗ്രസ് ഉറപ്പ് നല്‍കി. കൊവിഡിനൊപ്പം ജീവിക്കുകയെന്നത് ആഗോളതലത്തില്‍ സ്വീകരിക്കുന്ന മാര്‍ഗമായിട്ടും സംസ്ഥാന സര്‍ക്കാര്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കൊണ്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു.

'അവര്‍ റോഡരികില്‍ ആരെയും ശല്യപ്പെടുത്താതെ കച്ചവടത്തിനിരുന്നതാണ് അതു പോലും സമ്മതിക്കാത്ത അനാവശ്യമായ നിയന്ത്രണങ്ങളാണ്. ലോകത്തെവിടെയുണ്ട് ഈ നിയന്ത്രണങ്ങള്‍. ഞാന്‍ കഴിഞ്ഞ ദിവസം ബാംഗ്ലൂരില്‍ പോയിരുന്നു. ഉമ്മന്‍ചാണ്ടി സാര്‍ ഡല്‍ഹിയില്‍ നിന്ന് വരികയാണ്. ഇന്ത്യയിലൊരിടത്തും ഇല്ലാത്ത അനാവശ്യമായ നിയന്ത്രണമാണിവിടെ. സമൂഹത്തില്‍ ഏറ്റവും ദുരിതമനുഭവിക്കുന്ന ആളുകളുടെ മെക്കിട്ട് കയറാന്‍ ഇവര്‍ക്കൊക്കെ ആരാണ് ലൈസന്‍സ് കൊടുത്തത്. ,' വിഡി സതീശന്‍ ചോദിച്ചു.

Next Story