Top

ഗുണഭോക്താക്കള്‍ ഇപ്പോഴും പുറത്ത്; തൃശ്ശൂരില്‍ 'പ്രളയപ്പുരകള്‍' നശിക്കുന്നു

3 Sep 2021 1:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗുണഭോക്താക്കള്‍ ഇപ്പോഴും പുറത്ത്; തൃശ്ശൂരില്‍ പ്രളയപ്പുരകള്‍ നശിക്കുന്നു
X

പ്രളയബാധിതര്‍ക്കായി പണി തീര്‍ത്ത ഭവന സമുച്ചയം അര്‍ഹര്‍ക്ക് ലഭിക്കാതെ ഉപയോഗ ശൂന്യമാവുന്നു. തൃശ്ശൂര്‍ പെരിഞ്ഞനം പഞ്ചായത്തിലാണ് അധികൃതരുടെ അനാസ്ഥയില്‍ കോടികള്‍ വിലമതിക്കുന്ന കെട്ടിടങ്ങള്‍ ഉപയോഗ ശൂന്യമാവുന്നത്. ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും ഭവനസമുച്ചയം ഗുണഭോക്താക്കള്‍ക്ക് കൈമാറാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. വീട് ലഭിക്കാന്‍ വൈകുന്നതോടെ പെരിഞ്ഞനത്തെ പ്രളയബാധിതര്‍ ദുരിതത്തിലായിരിക്കുകയാണ്.

2018 ല്‍ സംസ്ഥാനത്ത് ഉണ്ടായ മഹാ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കായാണ് അന്നത്തെ ഭരണസമിതി 'പ്രളയപ്പുര' എന്ന പേരില്‍ ഭവന സമുച്ചയം പണിതത്. ഇരുനിലകളിലായി 530 ചതുരശ്ര അടി വീതം 14 വീടുകളാണ് നിര്‍മ്മിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ശിലാസ്ഥാപനം നടത്തിയത്. ഒരു വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തീകരിച്ച് 2020 സെപ്തംബര്‍ 12ന് അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീനാണ് പ്രളയപ്പുരയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. തുടര്‍ന്ന് താക്കോല്‍ കളക്ടര്‍ക്ക് കൈമാറുകയും ചെയ്തു.

എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും പ്രളയപ്പുരയില്‍ താമസക്കാരെത്തിയില്ല. ഗുണഭോക്താക്കളെ തിരഞ്ഞെടുത്ത മാനദണ്ഡങ്ങളിലെ അവ്യക്തതയാണ് പ്രളയപ്പുര ഒഴിഞ്ഞുകിടക്കാനിടയാക്കിയത് എന്നാണ് ആക്ഷേപം. പ്രളയബാധിതരെ കൂടാതെ സ്വന്തമായി സ്ഥലവും വീടുമില്ലാത്ത പഞ്ചായത്തിലെ അര്‍ഹരായ കുടുംബങ്ങളെയും ഭരണ സമിതി ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് മാത്രമേ ഫ്‌ളാറ്റ് അനുവദിക്കാന്‍ കഴിയുള്ളൂവെന്നാണ് സര്‍ക്കാര്‍ തീരുമാനം.

അതേ സമയം പ്രളയപ്പുര പ്രളയബാധിതര്‍ക്ക് പുറമേ, ഭവന രഹിതര്‍, ഭൂരഹിതര്‍ എന്നിവര്‍ക്കും കൂടി നല്‍കണമെന്നാവശ്യപ്പെട്ട് റവന്യുമന്ത്രിക്കും, മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും, പെരിഞ്ഞനം പഞ്ചായത്തിലുള്ളവര്‍ക്ക് മാത്രം വീട് നല്‍കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹന്‍ദാസ് പറഞ്ഞു. ദിവസങ്ങള്‍ കഴിയുന്തോറും ഭവനസമുച്ചയം വെറുതെ കിടന്ന് നശിക്കുകയും, കാട് പിടിച്ച് ഇഴജന്തുക്കളുടെ താവളമായി മാറുന്ന അവസ്ഥയാണെന്നും പഞ്ചായത്ത് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

Next Story