Top

സ്‌റ്റൈപന്റ് നല്‍കുന്നത് തോന്നുംപടി; സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍

12 Aug 2021 1:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്‌റ്റൈപന്റ് നല്‍കുന്നത് തോന്നുംപടി; സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍
X

സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ ഹൗസ് സര്‍ജന്മാരായി ജോലി ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌റ്റൈപന്റ് നല്‍കുന്നതില്‍ മാനണ്ഡങ്ങളില്ലെന്ന് പരാതി. സര്‍ക്കാര്‍ മേഖലയിലേതിന് തുല്യമായ സ്‌റ്റൈപന്റ് നല്‍കണമെന്ന് നിര്‍ദേശം. എന്നാല്‍ ഇതിന്റെ പകുതി പോലും നല്‍കുന്നില്ലെന്നാണ് ഈ മേഖലയിലെ വിദ്യാര്‍ത്ഥികളുടെ ആക്ഷേപം. കൊവിഡ് ഡ്യൂട്ടിയടക്കം ചെയ്യുന്ന വിദ്യാര്‍ത്ഥികളോടാണ് മാനേജ്‌മെന്റുകളുടെ ഈ നിലപാട്. സര്‍ക്കാര്‍ മേഖലയില്‍ ഹൗസ് സര്‍ജ്ജന്മാര്‍ക്ക് 25,000 രൂപ വരെ സ്‌റ്റൈപന്റ് ലഭിക്കുമ്പോള്‍ 3,000 മുതല്‍ 10,000 രൂപ വരെയാണ് തങ്ങള്‍ക്ക് ലഭിക്കുന്ന സ്‌റ്റൈപന്റെന്ന് സ്വകാര്യ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ പറയുന്നു.

സര്‍ക്കാര്‍ മേഖലയിലേതിന് തുല്യമായി സ്വകാര്യ മെഡിക്കല്‍ കോളേജുകളിലും സ്‌റ്റൈപന്റ് നല്‍കണമെന്ന് ആരോഗ്യസര്‍വ്വകലാശാലയുടെ നിര്‍ദേശം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ മാനേജ്‌മെന്റുകള്‍ ഇതുവരെ അത് പാലിച്ചിട്ടില്ലെന്ന് മാത്രമല്ല സ്‌റ്റൈപന്റ് തീരുമാനിക്കാമെന്നതിന് തങ്ങള്‍ക്കാണ് അധികാരമെന്ന വിചിത്ര വാദങ്ങളും ഉയര്‍ത്തുകയാണ് സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍.

സംസ്ഥാനത്ത് ഒരു കോളജിലെ 85 ശതമാനത്തോളം സീറ്റും ഫീസും നിശ്ചയിക്കുന്നത് സര്‍ക്കാരാണെന്നും, സ്‌റ്റൈപന്റിന്റെ കാര്യത്തിലും സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് അധികൃതര്‍ക്ക് പരാതിയുള്‍പ്പെടെ നല്‍കി കാത്തിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. സ്‌റ്റൈപന്റ് വര്‍ധിപ്പിക്കുന്നതിനും, ഏകീകരിക്കുന്നതിനും മുഖ്യമന്ത്രിയ്ക്കും ആരോഗ്യമന്ത്രിയ്ക്കുമടക്കം നിവേദനം നല്‍കി കാത്തിരിക്കുകയാണ് നാലായിരത്തോളം വരുന്ന ഹൗസ് സര്‍ജന്മാര്‍. സര്‍ക്കാര്‍ ഇടപെടലുണ്ടായില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിന് ഇറങ്ങാനുമാണ് ഇവരുടെ തീരുമാനം.

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സംസ്ഥാനത്തെ സാഹചര്യത്തില്‍ ഇത്തരം ഒരു പ്രതിഷേധത്തിലേക്ക് ഈ മേഖലയിലുള്ളവര്‍ തിരിഞ്ഞാല്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

Next Story

Popular Stories