Top

ദേശീയ പതാക ഉയർത്തല്‍; വിവാദങ്ങളില്‍ സിപിഐഎം മറുപടി

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51/എ യുടെ ലംഘനമാണിതെന്ന് യൂത്ത് കോണ്‍ഗ്രസ് പരാതിയില്‍ പറയുന്നു.

15 Aug 2021 2:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദേശീയ പതാക ഉയർത്തല്‍; വിവാദങ്ങളില്‍ സിപിഐഎം മറുപടി
X

സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയർത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി സിപിഐഎം. പതാക ഉയർത്തിയതില്‍ പ്രോട്ടോക്കോള്‍ ലംഘനമില്ലെന്നും നടന്നത് സ്വകാര്യ ചടങ്ങാണെന്നും സിപിഐഎം പ്രതികരിച്ചു. എകെജി സെന്ററില്‍ ദേശീയ പതാക ഉയർത്തിയതില്‍ ഇന്ത്യന്‍ ഫ്ളാഗ് കോഡ് ലംഘനം ആരോപിച്ച് കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയതിന് പിന്നാലെയാണ് വിശദീകരണം.

രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് ചരിത്രത്തില്‍ ആദ്യമായി പാര്‍ട്ടി ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്തി ആദ്യമായി ആഘോഷിച്ചതിന് പിന്നാലെയാണ് സിപിഐഎം വിവാദത്തില്‍പ്പെട്ടത്. സിപിഐഎം ആസ്ഥാനമായ എകെജി സെന്ററില്‍ ഉയര്‍ത്തിയ ദേശീയ പതാകയ്ക്ക് സമീപം അതേ ഉയരത്തില്‍ പാര്‍ട്ടിക്കൊടിയും ഉണ്ടെന്നതാണ് വിവാദമായത്.

ദേശീയ പതാകയോടൊപ്പം അതേ ഉയരത്തിൽ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുത് എന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 51/എ യുടെ ലംഘനമാണിതെന്നും അതിനാല്‍ ഇന്ത്യൻ ഫ്ലാഗ് കോഡ് ലംഘനത്തിന് സിപിഐഎമ്മിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നല്‍കി. എംഎൻ സ്മാരകത്തിൽ പാർട്ടി കൊടിക്ക് കീഴിലാണെന്ന് പതാക ഉയർത്തിയതെന്ന് ചൂണ്ടിക്കാട്ടി സിപിഐയ്ക്ക് എതിരെയും പരാതിയില്‍ നടപടി ആവശ്യപ്പെടുന്നുണ്ട്.

വിഷയത്തില്‍ സിപിഐഎമ്മിനെതിരെ വിമർശനവുമായി ബിജെപിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ ദേശീയ പതാക എങ്ങനെ ഉയര്‍ത്തണമെന്ന് പോലും അറിയാത്തവര്‍ ദേശീയതയെ കുറിച്ച് സംസാരിക്കുന്നത് വിരോധാഭാസമാണെന്നായിരുന്നു പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ മറുപടി. വീരമൃത്യു വരിച്ച ജവാന്‍ എസ് രതീഷിന്റെ പ്രതിമ ആര്യനാട് ഗ്രാമ പഞ്ചായത്തില്‍ അനാച്ഛാദനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

അതേസമയം, ബിജെപി സംസ്ഥാനകമ്മറ്റി ഓഫീസില്‍ ദേശീയ പതാക തലതിരിച്ച് ഉയർത്തിയ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു. ദേശീയ പതാകയെ അപമാനിച്ച കുറ്റത്തിനാണ് കേസ്. സിപിഐഎം തിരുവനന്തപുരം പാളയം ഏരിയാ കമ്മിറ്റി അംഗം പ്രദീപിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

ആദ്യ രണ്ട് തവണയും പച്ചനിറമാണ് മുകളില്‍ വരുന്ന രീതിയിലായിരുന്നു പതാക ഉയർത്തിയത്. ഓരോ പ്രാവശ്യവും പകുതിയോളം ഉയര്‍ത്തിയ ശേഷം അബദ്ധം മനസിലാക്കി തിരിച്ചിറക്കേണ്ടിയും വന്നു. ഒടുവില്‍ തിരുത്തിയെങ്കിലും വീഡിയോയും ഫോട്ടോയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സംഭവം വിവാദമാവുകയായിരുന്നു.

Next Story