Top

'ഐസ്‌ക്രീംപാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിയെ സഹായിച്ച ഉന്നതര്‍'; ജലീല്‍ ഉന്നം വച്ചത് ജ. സിറിയക് ജോസഫിനെയോ?

'സത്യം ഒരുനാള്‍ ഉയിര്‍ത്തെഴുനേല്‍ക്കുക തന്നെ ചെയ്യും'

1 Oct 2021 10:51 AM GMT
അനുപമ ശ്രീദേവി

ഐസ്‌ക്രീംപാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിയെ സഹായിച്ച ഉന്നതര്‍; ജലീല്‍ ഉന്നം വച്ചത് ജ. സിറിയക് ജോസഫിനെയോ?
X

പ്രമാദമായ ഐസ്‌ക്രീം പാര്‍ലര്‍ കേസിന്റെ അടഞ്ഞ അധ്യായങ്ങളെ വീണ്ടും സജീവ ചര്‍ച്ചയാക്കാനുള്ള നീക്കവുമായി കെ ടി ജലീല്‍ എംഎല്‍എ. ബന്ധു നിയമന വിവാദത്തില്‍ ലോകായുക്ത വിധിയ്‌ക്കെതിരെ സുപ്രിംകോടതിയില്‍ നല്‍കിയ അപ്പീലില്‍ തിരിച്ചടിയേറ്റതിന് പിന്നാലെയാണ് ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കെ ടി ജലീല്‍ വീണ്ടും പരാമര്‍ശം നടത്തുന്നത്.

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ മന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് 2005 ജനുവരി 25 ന് വന്ന കോടതി ഉത്തരവ്, അതിന് മാസങ്ങള്‍ക്ക് മുന്‍പ് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നടന്ന വൈസ് ചാന്‍സിലര്‍ നിയമനം, ഇവ തമ്മിലെ ബന്ധത്തെക്കുറിച്ചുള്ള സത്യമറിയാന്‍ കാത്തിരിക്കാമെന്നാണ് ജലീലിന്റെ പ്രതികരണം.

''നാല് ദുരൂഹ മരണങ്ങളിലേക്ക് നയിച്ച പ്രമാദമായ ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ നിന്ന് 15.11.2004 ന് നടന്ന മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുടെ നിയമനം. ഒരു ദിവസത്തോടെ ലോകം അവസാനിക്കുന്നില്ലല്ലോ? സത്യം ഒരുനാള്‍ ഉയിര്‍ത്തെഴുനേല്‍ക്കുക തന്നെ ചെയ്യും. ക്ഷമയോടെ നമുക്ക് കാത്തിരിക്കാം''.- ജലീല്‍ പറഞ്ഞു.

2015ല്‍ കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് വിധി പ്രസ്താവിച്ച നിലവിലെ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിലേക്കാണ് ഈ സൂചനകള്‍ വിരല്‍ ചൂണ്ടുന്നത്. 2005ല്‍ ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ട മൂന്ന് പെറ്റിഷന്‍ തള്ളിക്കൊണ്ട് കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കിയ രണ്ടംഗ ബെഞ്ചിലൊരാള്‍ സിറിയക് ജോസഫ് എന്ന സുപ്രിംകോടതി അഭിഭാഷകനായിരുന്നു.

ഇതിന് കൃത്യം എഴുപത്തി രണ്ട് ദിവസം മുന്‍പാണ് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറായി ജസ്റ്റിസ് സിറിയക് ജോസഫിന്റെ സഹോദരന്‍ ജെയിംസ് ജോസഫിന്റെ ഭാര്യ ഡോ. ജാന്‍സി ജെയിംസ് നിയമിക്കപ്പെടുന്നത്. അന്ന് യുഡിഎഫ് മന്ത്രിസഭയില്‍ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്നത് മുസ്ലിംലീഗായിരുന്നു. ഇ ടി മുഹമ്മദ് ബഷീറായിരുന്നു വിദ്യാഭ്യാസമന്ത്രി.

ജലീല്‍ ഇന്നത്തെ പ്രസ്താവനയില്‍ പരാമര്‍ശിച്ച 15.11.2004 മുതലാണ് ജാന്‍സി ജെയിംസിന്റെ ഔദ്യോഗിക ചുമതല ആരംഭിക്കുന്നത്. അതായത് ഡോ. ജാന്‍സി ജെയിംസിന്റെ നിയമന തിയതി ഉറപ്പിച്ച് എഴുപത്തി രണ്ടാം ദിവസമാണ് കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കി സിറിയക് ജോസഫ് അടങ്ങുന്ന ഹൈക്കോടതി ബെഞ്ച് വിധി പ്രസ്താവിച്ചത്.

2018ല്‍ കെ ടി ജലീല്‍ ബന്ധുവായ കെ ടി അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിയമവിരുദ്ധമായി നിയമിച്ചുവെന്ന് ആരോപണമുന്നയിച്ചത് പികെ കുഞ്ഞാലിക്കുട്ടിയുടെ പിന്‍ഗാമിയായി നിരീക്ഷിക്കപ്പെടുന്ന യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസാണ്. ഈ ആരോപണത്തിലാണ് ജലീലിനെതിരായ ബന്ധുനിയമന വിവാദം ആരംഭിക്കുന്നത്. ഹൈക്കോടതിയിലും വിജിലന്‍സിനും പി കെ ഫിറോസിന്റെ പരാതി എത്തിയതിന് പിന്നാലെ ലോകായുക്തയിലും ജലീലിനെതിരെ പരാതി എത്തി. യൂത്ത് ലീഗ് മലപ്പുറം ജില്ലാ ഭാരവാഹി വി കെ മുഹമ്മദ് ഷാഫിയായിരുന്നു പരാതിക്കാരന്‍.

ഇതിനിടെ 2019 ഫെബ്രുവരിയിലാണ് സിറിയക് ജോസഫിനെ ലോകായുക്തയില്‍ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നത്. പിന്നാലെ 2019 ഫെബ്രുവരി 9 ന് അദീബിന്റെ നിയമനവുമായി ബന്ധപ്പെട്ട ഫയല്‍ ഹാജരാക്കാന്‍ പൊതുഭരണ സെക്രട്ടറിക്ക് ലോകായുക്ത നോട്ടീസ് നല്‍കി.

ഒടുവില്‍ 2021 ഏപ്രില്‍ 9ന് ജലീല്‍ കുറ്റക്കാരനാണെന്നും അധികാര ദുര്‍വിനിയോഗം നടത്തിയെന്നും ലോകായുക്ത റിപ്പോര്‍ട്ട് നല്‍കി. സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയ ജലീലിനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്നായിരുന്നു ലോകായുക്ത ഉത്തരവിലെ നിര്‍ദേശം. ജസ്റ്റീസ് സിറിയക് ജോസഫ്, ജസ്റ്റീസ് ഹാറൂണ്‍ അല്‍ റഷീദ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു വിധി.

വര്‍ഷങ്ങള്‍ പഴക്കമുള്ള കേസുകള്‍ വരെ ലോകായുക്തയില്‍ കെട്ടിക്കിടക്കുമ്പോള്‍ ഒരു വര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ നിയമനവുമായി ബന്ധപ്പെട്ട കേസില്‍ അതിവേഗ നടപടിയുണ്ടായതിന് പിന്നില്‍ ലോകായുക്തയില്‍ സിറിയക് ജോസഫ് വഴി പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ ഇടപെടലുകളാണെന്നാണ് ജലീലുമായി അടുത്തുനില്‍ക്കുന്ന ഇടത് വൃത്തങ്ങളില്‍ നിന്നുള്ള ആരോപണം. വാദം കേട്ട ലോകായുക്ത പക്ഷം പോലും കേള്‍ക്കാതെയാണ് ജലീലിനെതിരെ അതിവേഗ നടപടിക്ക് ഏക പക്ഷീയമായ വിധി പുറപ്പെടുവിച്ചതെന്നും ഇതോടൊപ്പം അവര്‍ ചൂണ്ടിക്കാട്ടുന്നു.

Next Story

Popular Stories