Top

'ആള്‍ക്കൂട്ടം നിയന്ത്രിക്കുക, പറ്റില്ലെങ്കില്‍ അടച്ചിടുക'; മദ്യ വില്‍പനയില്‍ സ്വരം കടുപ്പിച്ച് ഹൈക്കോടതി

മദ്യം വാങ്ങിക്കാനെത്തുന്നവര്‍ക്ക് കൊവിഡ് വന്നോട്ടെ എന്ന നിലപാട് ആണോ എന്നും കോടതി

11 Aug 2021 6:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആള്‍ക്കൂട്ടം നിയന്ത്രിക്കുക, പറ്റില്ലെങ്കില്‍ അടച്ചിടുക; മദ്യ വില്‍പനയില്‍ സ്വരം കടുപ്പിച്ച് ഹൈക്കോടതി
X

സംസ്ഥാനത്തെ മദ്യ വില്‍പന കേന്ദ്രങ്ങളിലെ ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ കര്‍ശനമായി ഇടപെടണമെന്ന ഹൈക്കോടതി. സംസ്ഥാനത്ത് അസൗകര്യങ്ങളോട് കൂടി പ്രവര്‍ത്തിക്കുന്ന ബെവ് കോ ഔട്ട്‌ലറ്റുകള്‍ മൂന്ന് മാസത്തിനകം മാറ്റി സ്ഥാപിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഔട്ട്‌ലറ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ബെവ് കോ നിലപാടാണ് കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയത്.

വെറുതെ ഉത്തരവ് ഇറക്കിയാല്‍ മതിയാവില്ലെന്ന് നിലപാട് എടുത്ത കോടതി മദ്യം വാങ്ങിക്കാനെത്തുന്നവര്‍ക്ക് കൊവിഡ് വന്നോട്ടെ എന്ന നിലപാട് ആണോ എന്നും ചോദിച്ചു. എന്നാല്‍ ഇതിന് മറുപടിയായി മദ്യം വാങ്ങിക്കാനെത്തുന്നവര്‍ക്ക് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട് എന്നും വാക്‌സിനേഷന്‍, കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളവര്‍ക്ക് മാത്രമാണ് ഇനിമുതല്‍ മദ്യം ലഭ്യമാക്കു എന്നുമുള്ള നിലപാടും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍, മദ്യശാലകളിലെ തിരക്ക് ഒഴിവാക്കാനാവുന്നില്ലെങ്കില്‍ അടച്ചിടേണ്ടിവരുമെന്നും കോടതി ചൂണ്ടിക്കാട്ടി.

കൊച്ചി മത്തായി മാഞ്ഞൂരാന്‍ റോഡിലെ ബീവറേജസ് ഷോപ്പ് മാറ്റാനും നിര്‍ദേശം നല്‍കി. 96 സ്ഥലങ്ങളിലെ ഔട്ട് ലറ്റുകള്‍ മൂന്ന് മാസത്തിനകം മാറ്റി സ്ഥാപിക്കണം. മറ്റ് കടകള്‍ക്ക് ഉള്ള എല്ലാ നിയന്ത്രണങ്ങളും മദ്യക്കടകള്‍ക്കും ബാധകമാണെന്ന് കോടതി വ്യക്തമാക്കി. എന്തു കൊണ്ടാണ് കേരളത്തില്‍ മാത്രം ഈ നില വരുന്നു. മദ്യം വില്‍ക്കുകയും വേണം അത് മറച്ച് പിടിക്കുകയും വേണം. ഇത് അംഗീകരിക്കാനാവില്ല. മാന്യമായി മദ്യം വാങ്ങാന്‍ അവസരം ഉണ്ടാക്കണം. മറ്റ് കടകള്‍ക്കുള്ളതില്‍ വിരുദ്ദമായി ഒരു അനുകൂല്യവും മദ്യശാലകള്‍ക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

കേസ് സെപ്തംബര്‍ രണ്ടിലേക്ക് മാറ്റി. അതിന് മുന്‍പ് തന്നെ മാറ്റി സ്ഥാപിക്കുന്നതില്‍ ബെവ്‌കോ സ്വീകരിക്കുന്ന നടപടികള്‍ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ മദ്യശാലകള്‍ അനുവദിക്കുന്നതിന് പിന്നില്‍ എക്‌സൈസ് കമ്മീഷണറാണെന്ന കുറ്റപ്പെടുത്തലും ബെവ് കോ കോടതിയില്‍ സ്വീകരിച്ചു.

.

Next Story