Top

നോക്കുകൂലി: 'ഇങ്ങനെപോയാല്‍ കേരളത്തിലാരും നിക്ഷേപമിറക്കില്ല'; സര്‍ക്കാര്‍ ട്രേഡ് യൂണിയനുകളെ നിയന്ത്രിക്കണമെന്ന് ഹൈക്കോടതി

2018 ന് ശേഷം 11 നോക്കുകൂലി കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതെന്ന് സർക്കാർ ഹെെക്കോടതിയെ അറിയിച്ചു.

10 Sep 2021 10:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നോക്കുകൂലി: ഇങ്ങനെപോയാല്‍ കേരളത്തിലാരും നിക്ഷേപമിറക്കില്ല; സര്‍ക്കാര്‍ ട്രേഡ് യൂണിയനുകളെ നിയന്ത്രിക്കണമെന്ന് ഹൈക്കോടതി
X

തിരുവനന്തപുരം വിഎസ്എസ്‌സിയിലേക്ക് എത്തിയ ഐഎസ്ആര്‍ഒ കാര്‍ഗോ വാഹനം നോക്കുകൂലി ആവശ്യപ്പെട്ട് തടഞ്ഞ സംഭവത്തില്‍ സർക്കാരിനെതിരെ വിമർശവുമായി ഹെെക്കോടതി. നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് വാക്കാല്‍ അവകാശപ്പെട്ടാല്‍ പോരെന്നും നിലവിലെ അവസ്ഥ തുടർന്നാല്‍ കേരളത്തില്‍ നിക്ഷേപമിറക്കാന്‍ നിക്ഷേപകർ തയ്യാറാകില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

2017ല്‍ നോക്കുകൂലി കേരള ഹൈക്കോടതി നിരോധിച്ചതാണ്. എന്നാല്‍ നിരോധനം വന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കേരളത്തില്‍ നിരോധനം പൂര്‍ണ്ണമായി നടപ്പായിട്ടില്ല. തുടർന്ന് 2018 ന് ശേഷം 11 നോക്കുകൂലി കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഈ വാദം എതിർത്ത കോടതി സർക്കാർ അവകാശപ്പെടുന്നതിലധികം കേസുകള്‍ ഇക്കാലയളവില്‍ ഉണ്ടായിട്ടുണ്ടെന്നും. നോക്കുകൂലിയില്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടുവരുന്നവരുടെ എണ്ണം പരിശോധിച്ചാല്‍ തന്നെ അത് വ്യക്തമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.

അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടാല്‍ നിയമപരമായ മാര്‍ഗങ്ങളെ സമീപിക്കുകയാണ് ട്രേഡ് യൂണിയനുകള്‍ ചെയ്യേണ്ടത്. അല്ലാതെ ചുമട് ഇറക്കാന്‍ അനുവദിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ സംഘട്ടനത്തിലേക്ക് പോകുന്ന രീതി ശരിയല്ല. ട്രേഡ് യൂണിയനുകള്‍ നിയമം കയ്യിലെടുക്കരുതെന്ന് പറയാന്‍ സര്‍ക്കാര്‍ മടിക്കുന്നത് എന്തിനാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

നിയമം കയ്യിലെടുക്കുന്ന ട്രേഡ് യൂണിയനുകളെ സര്‍ക്കാര്‍ തടയണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. നോക്കുകൂലി നിരോധിച്ചുള്ള ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് ഡിജിപി നേരിട്ട് ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. അതേസമയം, നോക്കുകൂലി വാങ്ങുന്നതിനെ പിന്തുണയ്ക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്നത് കോടതി 27ലേക്ക് മാറ്റി.

സെപ്റ്റംബര്‍ അഞ്ചാം തീയതിയാണ് തിരുവനന്തപുരം വിഎസ്എസ്സ്സിയിലേക്ക് ഉപകരണവുമായി എത്തിയ ഐഎസ്ആര്‍ഒയുടെ ഭീമന്‍ കാര്‍ഗോ വാഹനം പ്രദേശവാസികള്‍ തടഞ്ഞത്. ഉപകരണത്തിന്റെ നോക്കുകൂലി ആവശ്യപ്പെട്ടാണ് വാഹനം തടഞ്ഞത്. പത്ത് ലക്ഷം രൂപ നോക്കുകൂലിയായി ആവശ്യപ്പെട്ടെന്ന് വിഎസ്എസ്സി അധികൃതര്‍ ആരോപിച്ചു.

ഐഎസ്ആര്‍ഒയുടെ വിന്‍ഡ് ടണല്‍ പദ്ധതിക്കായാണ് കാര്‍ഗോ മുംബൈയില്‍ നിന്നെത്തിയത്. 184 ടണ്ണിന്റെ ലോഡാണ് വാഹനത്തിലുള്ളത്. ഉപകരണങ്ങള്‍ ഇറക്കാന്‍ നോക്കുകൂലി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു വാഹനം തടഞ്ഞത്. പ്രദേശവാസികള്‍ ഒത്തുകൂടിയതോടെ ലോക്ഡൗണ്‍ ദിവസം സ്ഥലത്ത് സംഘര്‍ഷാവസ്ഥയുമുണ്ടായി. നോക്കുകൂലിക്കെതിരെ മുഖ്യമന്ത്രി ഉള്‍പ്പെടെ കര്‍ശന മുന്നറിയിപ്പ് നല്‍കിയിട്ടുള്ള സാഹചര്യത്തിലായിരുന്നു ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നത്.

Next Story