Top

'മോന്‍സണ് ഏത് സാഹചര്യത്തില്‍ പൊലീസ് സംരക്ഷണം'; ജനം പൊട്ടിച്ചിരിക്കുകയാണെന്ന് ഹൈക്കോടതി

മോന്‍സന്റെ ജാമ്യാപേക്ഷ എറണാകുളം എസിജെഎം കോടതി നാളെ പരിഗണിക്കും.

5 Oct 2021 12:21 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോന്‍സണ് ഏത് സാഹചര്യത്തില്‍ പൊലീസ് സംരക്ഷണം; ജനം പൊട്ടിച്ചിരിക്കുകയാണെന്ന് ഹൈക്കോടതി
X

തട്ടിപ്പുകാരനായ മോന്‍സണ്‍ മാവുങ്കലിന് ഏത് സാഹചര്യത്തിലാണ് പൊലീസ് സംരക്ഷണം നല്‍കിയതെന്ന് ഹൈക്കോടതിയുടെ ചോദ്യം. ലോകത്ത് കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് മോന്‍സണ്‍ പറഞ്ഞിരുന്നതെന്നും ഇതെല്ലാം പരിശോധിക്കാന്‍ എന്തുകൊണ്ട് പൊലീസ് തയ്യാറായില്ലെന്നും ഹൈക്കോടതി ചോദിച്ചു.

മോന്‍സണ്‍ പറയുന്നത് ആരും വിശ്വസിച്ചുപോകുമെന്നും എല്ലാ റാങ്കിലും ഉള്‍പ്പെട്ട ഉദ്യോഗസ്ഥരും മോന്‍സണിന്റെ കെണിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇക്കാര്യങ്ങളില്‍ ഒക്ടോബര്‍ 26നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. പുറത്തുവരുന്ന വാര്‍ത്തകള്‍ കേട്ട് ജനങ്ങള്‍ പൊട്ടിച്ചിരിക്കുകയാണ്. മോന്‍സന്റെ വീട്ടില്‍ പൊലീസിനെ കാണുമ്പോള്‍ സാധാരണക്കാര്‍ എന്താണ് കരുതേണ്ടത്. വിശ്വാസ്യത കൂട്ടാനുള്ള ശ്രമമല്ലേ മോന്‍സന്‍ നടത്തിയതെന്നും കോടതി ചോദിച്ചു.

അതേസമയം, മോന്‍സനെ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. വയനാട്ടിലെ ഭൂമി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനാണ് ക്രൈംബ്രാഞ്ച് ഇയാളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയത്. മോന്‍സന്റെ സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണെന്നും ആരുടെ അക്കൗണ്ട് വഴിയായിരുന്നു ഇടപാടുകള്‍ എന്ന് കണ്ടെത്തേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. അതിനാല്‍ മോന്‍സനെ വിശദമായി ചോദ്യം ചെയ്യണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡി നീട്ടിയത്.

കസ്റ്റഡി അപേക്ഷയെ എതിര്‍ത്ത് പ്രതിഭാഗം അഭിഭാഷകനും രംഗത്തെത്തി. ഏത് അക്കൗണ്ട് വഴിയാണ് ഇടപാടെന്ന് മോന്‍സന് പണം നല്‍കിയവര്‍ക്കറിയാമെന്നാണ് പ്രതിഭാഗം വാദിച്ചത്. ഇടപാട് കണ്ടെത്താന്‍ ബാങ്ക് രേഖകള്‍ പരിശോധിച്ചാല്‍ മതി. അതിന് കസ്റ്റഡി ആവശ്യമില്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ ഈ വാദങ്ങള്‍ കോടതി തള്ളുകയായിരുന്നു.

ഇതിനിടെ മോന്‍സന്റെ ജാമ്യാപേക്ഷ എറണാകുളം എസിജെഎം കോടതി നാളെ പരിഗണിക്കും.

Next Story