Top

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; തിരുവനന്തപുരം ഒഴികെ എല്ലാജില്ലകളിലും ഇന്ന് യെല്ലോ അലേർട്ട്

മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളിലേക്കുള്ള രാത്രി യാത്ര ഒഴിവാക്കുന്നതാണ് ഉചിതം

13 Sep 2021 12:06 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; തിരുവനന്തപുരം ഒഴികെ എല്ലാജില്ലകളിലും ഇന്ന് യെല്ലോ അലേർട്ട്
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം ഒഴികെ എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം, തീവ്ര ന്യൂനമര്‍ദ്ദമായി മാറി ഒഡീഷ തീരത്തേക്ക് നീങ്ങുകയാണ്. നാളെ എട്ടുജില്ലകളില്‍ യെല്ലോ അലേർട്ടായിരിക്കും.

വടക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യുന മര്‍ദ്ദം കഴിഞ്ഞ മണിക്കൂറുകളില്‍ പടിഞ്ഞാറ് വടക്കു-പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 12 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ച് ശക്തി പ്രാപിച്ച് സീസണിലെ ആദ്യ അതി തീവ്ര ന്യൂന മര്‍ദ്ദമായി മാറുകയായിരുന്നു. അടുത്ത 24 മണിക്കൂറില്‍ വടക്ക്-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ശക്തി കുറഞ്ഞ തീവ്ര ന്യൂനമര്‍ദ്ദം ആകാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തീരദേശ- മലയോര മേഖലകളില്‍ താമസിക്കുന്നവർ ജാഗ്രത പുലര്‍ത്തണം. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളിലേക്കുള്ള രാത്രി യാത്ര ഒഴിവാക്കുന്നതാണ് ഉചിതം. ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യത ഉള്ളതിനാല്‍ തീരവാസികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ബീച്ചുകളില്‍ പോകുന്നതും കടലില്‍ ഇറങ്ങുന്നതും ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. അതേസമയം മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് തടസ്സമില്ല.

ബുധനാഴ്ച മുതല്‍ മഴയുടെ തീവ്രത കുറഞ്ഞ സാധാരണ മഴയായിരിക്കും സംസ്ഥാനത്ത് ലഭിക്കുകയെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ കിട്ടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

Next Story