Top

ലീഗ് പരിഗണിക്കുന്ന വിഷയത്തില്‍ പൊലീസും വനിതാ കമ്മീഷനും ഇടപെടേണ്ടി വരുന്നത് ബ്ലാക്ക്‌മെയിലിംഗ്; ഹരിതാ ഭാരവാഹികളെ തള്ളി സംഘടനാ മലപ്പുറം ജില്ലാ പ്രസിഡണ്ട്

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നിരവധി സ്ത്രീകള്‍ മത്സരിച്ചുണ്ടെന്നായിരുന്നു തൊഹാനി

18 Aug 2021 2:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലീഗ് പരിഗണിക്കുന്ന വിഷയത്തില്‍ പൊലീസും വനിതാ കമ്മീഷനും ഇടപെടേണ്ടി വരുന്നത് ബ്ലാക്ക്‌മെയിലിംഗ്; ഹരിതാ ഭാരവാഹികളെ തള്ളി സംഘടനാ മലപ്പുറം ജില്ലാ പ്രസിഡണ്ട്
X

എംഎസ്എഫ് സംസ്ഥാന പ്രസിഡണ്ട് പികെ നവാസിനെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയ ഹരിതാ നേതാക്കളെ തള്ളി സംഘടനാ മലപ്പുറം പ്രസിഡണ്ട് അഡ്വ. കെ തൊഹാനി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് തൊഹാനി രംഗത്തെത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരു കുടുംബത്തെ പോലെയാണൈന്നും ഒരാള്‍ക്ക് തെറ്റുപറ്റിയാല്‍ തിരുത്തുകയാണ് വേണ്ടതെന്നും കെ തൊഹാനി പറഞ്ഞു. മുസ്ലീം ലീഗ് പരിഗണിക്കുന്ന വിഷയത്തില്‍ പൊലീസും വനിതാ കമ്മീഷനും ഇടപെടേണ്ടി വന്നാല്‍ അത് ബ്ലാക്ക്‌മെയിലിംഗ് ആണെന്നും പെണ്‍കുട്ടികള്‍ക്ക് മതിയായ അവസരം സംഘടന നല്‍കുന്നുണ്ടെന്നും കെ തൊഹാനി ന്യായീകരിച്ചു. ഇതിനെ വിശദീകരിച്ചുകാണ്ട് ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നിരവധി സ്ത്രീകള്‍ മത്സരിച്ചുണ്ടെന്നായിരുന്നു തൊഹാനി പറഞ്ഞു.


പ്രതികരണത്തിന്റെ പൂര്‍ണരൂപം;

ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമാകുക വഴി ആ സംഘടനയുടെ വ്യവസ്ഥകള്‍ കൂടി നമ്മള്‍ സ്വമേധയാ അംഗീകരിക്കുകയാണ്.
പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ എല്ലാ പ്രസ്ഥാനങ്ങള്‍ക്കും അതിന്റേതായ സംവിധാനവും രീതികളും ഉണ്ട്. ആ സംവിധാനങ്ങളും രീതികളും കൂടി അംഗീകരിക്കുന്ന കാലത്തോളമേ നമ്മള്‍ ആ പ്രസ്ഥാനത്തിന്റെ ഭാഗമായിരിക്കൂ.
പ്രസ്ഥാനം പരിഗണിച്ചുകൊണ്ടിരിക്കുന്ന ഒരു വിഷയത്തില്‍ വനിതാ കമ്മീഷനും പൊലീസും കൂടി ഇടപെടണമെന്ന് വന്നാല്‍ അത് ബ്ലാക് മെയിലിംഗാണ്. സംഘടനാ നേതൃത്വത്തെ ഗണ്‍ പോയിന്റില്‍ നിര്‍ത്തലാണ്. ജന്‍ഡര്‍ ജസ്റ്റിസ് പറയുമ്പോഴെല്ലാം അതിന് നൈതികതയുടെ അടിത്തറയുണ്ടെന്ന് നെഞ്ചില്‍ കൈവെച്ച് പറയാനാകണം.
മുസ്ലിം ലീഗിനെ ഹൃദയത്തിലേറ്റിയ ഓരോരുത്തരുടെയും അഭിമാനമായ പാണക്കാട് സയ്യിദുമാരിലുള്ള വിശ്വാസത്തിന് തരിമ്പും പോറലേല്‍പിക്കാന്‍ പ്രൊപഗാന്‍ഡ സംഘങ്ങള്‍ക്ക് കഴിയില്ല.
കണ്ണിലെ കൃഷ്ണമണി പോലെ ഈ പ്രസ്ഥാനത്തെ നയിക്കുന്ന ഓരോ ലീഗ് പ്രവര്‍ത്തകന്റെയും ആവേശമായ, ഞങ്ങളുടെ സ്വകാര്യ അഹങ്കാരമായ പ്രിയപ്പെട്ട നേതാക്കളിലുള്ള ആത്മവിശ്വാസം ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നു.
പെണ്‍കുട്ടികള്‍ക്ക് മതിയായ അവസരം ഈ പ്രസ്ഥാനം നല്‍കുന്നുണ്ട്. എത്ര യുവതികളാണ് ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് ഇലക്ഷനിലേക്ക് ഹരിത പതാകയുടെ കീഴില്‍ മത്സരിച്ചത്.
ഹരിതയുടെ പ്രധാന ചുമതലകളിലൊന്ന് ഏറ്റെടുത്തപ്പോഴുള്ള അനുഭവങ്ങള്‍ ഹൃദ്യമാണ്. സ്വതന്ത്ര ചിന്തകള്‍ക്ക് തടയിടാതെ, ഗുണകാംക്ഷയോടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന നേതാക്കളുടെ പിന്തുണ വിലമതിക്കാനാകില്ല.
പാര്‍ട്ടി വേദികളില്‍ പ്രവര്‍ത്തകര്‍ നല്‍കുന്ന ബഹുമാനവും അതുപോലെ തന്നെ.
അവരുടെ നിഷ്‌കളങ്ക സ്‌നേഹാദരവ് അനുഭവിക്കുമ്പോള്‍ നമുക്കെങ്ങനെയാണ് ഈ പാര്‍ട്ടിയെ തെരുവില്‍ ചര്‍ച്ചക്ക് വെക്കാനാവുക.
പറഞ്ഞു പൊലിപ്പിക്കുന്ന പാട്രിയാര്‍ക്കിയും അസമത്വവും എവിടെയും കണ്ടില്ല.
ഞാനോ നിങ്ങളോ ഈ പാര്‍ട്ടിക്ക് അനിവാര്യമാണ് എന്ന ചിന്ത മൗഢ്യമാണ്.
അഹങ്കാരവും ഈഗോയും ഗ്രൂപ്പിസവും കൊണ്ട് പ്രസ്ഥാനത്തെ നശിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു കാര്യം ആലോചിച്ചാല്‍ മതി. ആരൊക്കെ പോയാലും പാര്‍ട്ടിക്കൊരു ചുക്കും സംഭവിക്കില്ല, മറിച്ച് ഈ പാര്‍ട്ടി ഇല്ലാതായാല്‍ പലര്‍ക്കും പലതും നഷ്ടപ്പെടും.
മുസ്ലിം ലീഗ് വെറുമൊരു രാഷ്ട്രീയ പാര്‍ട്ടിയല്ല. അത് അടിച്ചമര്‍ത്തപ്പെട്ട ഒരു സമുദായത്തിന്റെ നാവാണ്, പടവാളാണ്. തലമുറകളുടെ പ്രതീക്ഷയാണ്. നവോത്ഥാനത്തിന്റെയും നവനിര്‍മിതിയുടെയും ചരിത്രമാണ്.
നേതൃത്വത്തെ വിശ്വാസമില്ലെന്ന് പറഞ്ഞ് അപമാനിച്ച്, അവരെ ധിക്കരിച്ച് ശത്രുക്കളെ കൂട്ടുപിടിച്ച് സംഘടനയെ പൊതുമധ്യത്തില്‍ അപമാനിക്കാന്‍ യഥാര്‍ത്ഥ മുസ്ലിം ലീഗുകാര്‍ക്ക് ഒരിക്കലും കഴിയില്ല.
പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരു കുടുംബത്തെ പോലെയാണ്. ഒരാള്‍ക്ക് തെറ്റ് പറ്റിയാല്‍ തിരുത്തുകയാണ് വേണ്ടത്. തെരുവിലേക്ക് വലിച്ചെറിയുകയല്ല.
സിയാവുദീന്‍ സര്‍ദാര്‍ പറഞ്ഞുവെച്ചത് ഓര്‍ത്ത് പോവുകയാണ്; ഒന്നിനുമുള്ള റെഡിമെയ്ഡ് പരിഹാരം അല്ല സംഘടന, മനുഷ്യ സമൂഹമെന്ന നിലയില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിഹാരം നമുക്കുള്ളില്‍ നിന്ന് തന്നെയാണ് രൂപം കൊള്ളേണ്ടത്. അതത്രെ ആരോഗ്യകരമായ ജനാധിപത്യം.


Next Story