Top

ലീഗ് നേതൃത്വത്തെ തള്ളി ഹരിത ഭാരവാഹികൾ; വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കില്ല

പരാതി പിൻവലിച്ചാൽ പികെ നവാസിനെ പരസ്യമായി ശാസിക്കാം എന്നായിരുന്നു എന്നായിരുന്നു ലീ​ഗ് നേതാക്കളുടെ വാഗ്ദാനം

16 Aug 2021 10:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലീഗ് നേതൃത്വത്തെ തള്ളി ഹരിത ഭാരവാഹികൾ; വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കില്ല
X

മലപ്പുറം: മുസ്ലിം ​ലീ​ഗ് നേതൃത്വത്തെ തള്ളി എംഎസ്എഫ് ഹരിത ഭാരവാഹികൾ. എംഎസ്എഫ് നേതാക്കൾ ലൈം​ഗികമായി അധിക്ഷേപിച്ചുവെന്ന് കാണിച്ച് വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കില്ലെന്ന് ഹരിതാ നേതാക്കൾ വ്യക്തമാക്കി. നേരത്തെ 24മണിക്കൂറിനകം പരാതി പിൻവലിക്കണമെന്നാണ് ഹരിത നേതാക്കളോട് ലീ​ഗ് നേതൃത്വം ആവശ്യപ്പെട്ടത്. ഇപ്പോൾ കമ്മീഷന് നൽകിയിരിക്കുന്ന പരാതി പിൻവലിച്ചാൽ പികെ നവാസിനെ പരസ്യമായി ശാസിക്കാം എന്നായിരുന്നു എന്നായിരുന്നു ലീ​ഗ് നേതാക്കളുടെ വാഗ്ദാനം.

ഹരിത നേതാക്കളുമായി പാണക്കാട് വെച്ച് ചേർന്ന ചർച്ചയിലായിരുന്നു നിലപാട് വ്യക്തമാക്കിയത്. അതേസമയം ഹരിത-എംഎസ്എഫ് തർക്കത്തിൽ അന്തിമ തീരുമാനം നാളെയുണ്ടാകും. പരാതി പിൻവലിച്ചില്ലെങ്കിൽ ഹരിത നേതാക്കൾക്കെതിരെ നടപടി ഉണ്ടായേക്കും. പികെ നവാസിനെതിരെ നടപടി ഉണ്ടായേക്കില്ലെന്നാണ് ഇപ്പോൾ ലഭ്യമാവുന്ന വിവരം.

എംഎസ്എഫ് ഹരിത ഭാരവാഹികൾ വനിതാ കമ്മീഷനിൽ പരാതി നൽകിയ സംഭവത്തിൽ വിമർശനവുമായി സമസ്ത നേതാവ് സമദ് പൂക്കോട്ടൂരും നേരത്തെ രം​ഗത്തുവന്നിരുന്നു. ആഭ്യന്തര പ്രശ്നം തെരുവിൽ അല്ല പറയേണ്ടതന്ന് സുന്നി യുവജന സംഘം നേതാവ് അബ്‍ദു സമദ് പൂക്കോട്ടൂർ പറഞ്ഞു. വനിതാ കമ്മീഷനെ സമീപിക്കാൻ കുടുംബ കോടതിയിലെ പ്രശ്നമാണോ എന്നും ഹരിത ഭാരവാഹികളെ അദ്ദേഹം പരിഹാസിച്ചു. എംഎസ്എഫ് പൂക്കോട്ടൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച 'വിചാരം' വേദിയിലാണ് വിവാദ പരാമർശം.

മറുവശത്ത് വനിതാ കമ്മീഷന് ഹരിത നേതാക്കളുടെ പരാതി പൊലീസിന് കൈമാറി കഴിഞ്ഞു. പഴുതടച്ച അന്വേഷണത്തിനുള്ള ശ്രമത്തിലാണ് പൊലീസ്. എം.എസ്.എഫിന്റെ നേതൃത്വത്തിലെ പ്രമുഖർക്കെതിരായ പരാതിയാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത് എന്നതിനാൽ വിഷയത്തിൽ കൃത്യമായ തെളിവ് ശേഖരണത്തിന് ശേഷം മാത്രമായിരിക്കും പ്രതികൾക്കെതിരായ നടപടിയുണ്ടാകുക.

ഹരിത ഭാരവാഹികൾ വനിതാ കമ്മിഷനെ സമീപിച്ചത് അച്ചടക്ക ലംഘനമാണെന്നും നടപടിയുണ്ടാകുമെന്നും പിഎംഎ സലാം മുന്നറിയിപ്പ് നൽകിയിരുന്നു. എം.എസ്.എഫിലും ഹരിതയിലും ഉണ്ടായ ചില അനൈക്യം പാർട്ടി സംസ്ഥാന നേതൃത്വത്തിൻറെ പരിഗണനയിലിരിക്കെ ചില ഹരിത ഭാരവാഹികൾ വനിതാ കമ്മീഷനെ സമീപിച്ചതായി വാർത്തകളിൽ നിന്ന് അറിയാൻ സാധിച്ചു. ഇരു സംഘടനാ ഭാരവാഹികളുമായി ഒന്നിലധികം തവണ കോഴിക്കോട് ലീഗ് ഹൗസിൽ ഒറ്റക്കും കൂട്ടായും ചർച്ചകൾ നടത്തിയതാണ്. പിഎംഎ സലാം പറഞ്ഞു.

'എം.എസ്.എഫ് സംസ്ഥാന പ്രവർത്തക സമിതി വിളിച്ച് ചേർത്ത് ഒരു പകൽ മുഴുവനും ഈ വിഷയം ചർച്ച ചെയ്തതുമാണ്. മുസ്ലീം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ കുട്ടി അഹമ്മദ്കുട്ടി,എം.എസ്.എഫിൻറെ ചുമതലയുളള പാർട്ടി സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് എന്നിവരുടെ കൂടി സാന്നിധ്യത്തിലായിരുന്നു ചർച്ചകൾ നടന്നത്. ഹരിത ഭാരവാഹികളുമായി എം.എസ്.എഫ് ദേശീയ ഭാരവാഹികൾ ചർച്ച ചെയ്ത് റിപ്പോർട്ട് നൽകിയതാണ്. അതുമായി ബന്ധപ്പെട്ട തുടർനടപടികൾ പാർട്ടി പരിഗണനയിലിരിക്കെ ഇത്തരം കാര്യങ്ങൾ സംഘടനാ പരിധിക്ക് അപ്പുറത്തേക്ക് കൊണ്ട് പോകുന്നതും ഏറെ വിവാദങ്ങൾ സൃഷ്ടിച്ച സംസ്ഥാന വനിതാകമ്മീഷനെ സമീപിച്ചതും അച്ചടക്കലംഘനമായി കാണാതിരിക്കാനാവില്ല.' പിഎംഎ സലാം വിശദീകരിച്ചു.

Next Story