Top

ഹരിത ഭാരവാഹികളുടെ പരാതിയിൽ പഴുതടച്ച അന്വേഷണത്തിന് പൊലീസ്; എംഎസ്എഫ് നേതാക്കൾ കുടുങ്ങും

15 Aug 2021 9:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹരിത ഭാരവാഹികളുടെ പരാതിയിൽ പഴുതടച്ച അന്വേഷണത്തിന് പൊലീസ്; എംഎസ്എഫ് നേതാക്കൾ കുടുങ്ങും
X

കോഴിക്കോട്: എംഎസ്എഫ് നേതൃത്വത്തിനെതിരെ ഹരിത ഭാരവാഹികൾ നൽകിയ പരാതിയിൽ പഴുതടച്ച അന്വേഷണത്തിന് പൊലീസ്. എം.എസ്.എഫിന്റെ നേതൃത്വത്തിലെ പ്രമുഖർക്കെതിരായ പരാതിയാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത് എന്നതിനാൽ വിഷയത്തിൽ കൃത്യമായ തെളിവ് ശേഖരണത്തിന് ശേഷം മാത്രമായിരിക്കും പ്രതികൾക്കെതിരായ നടപടിയുണ്ടാകുക. രാഷ്ട്രീയ വിവാദങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ ഹരിത ഭാരവാ​ഹികളുടെ പരാതി പിൻവലിപ്പിക്കാൻ മുസ്ലിം ലീ​ഗിലെ പ്രമുഖർ ഇടപെടുമെന്ന സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു.

അതേസമയം കോഴിക്കോട് സിറ്റി പൊലീസ് മലപ്പുറത്തെത്തി ഹരിത സംസ്ഥാന ജനറൽ സെക്രട്ടറി നജ്മ തബ്ഷിറയുടെ മൊഴിയെടുത്തു. നേരത്തെ ഹരിത നേതാക്കൾ നൽകിയ പരാതി വനിതാ കമ്മീഷൻ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയിരുന്നു. കമ്മീഷണർ കോഴിക്കോട് സ്‌പെഷൽ ബ്രാഞ്ച് എസിക്ക് കൈമാറുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരാതിയിൽ നജ്മ ഉറച്ചു നിന്നു എന്നാണ് സൂചന. ബാക്കിയുള്ളവരുടെ മൊഴി അടുത്ത ദിവസങ്ങളിൽ രേഖപ്പെടുത്തും.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ കർശന നടപടി സ്വീകരിക്കാനാണ് ആഭ്യന്തര മന്ത്രി പിണറായി വിജയൻ പൊലീസിന് നൽകിയിരിക്കുന്ന നിർദേശം. പൊതുപ്രവർത്തകയ്ക്ക് നേരെ ലൈം​ഗിക അധിക്ഷേപം നടത്തിയത് ഉൾപ്പെടെയുള്ള നിരവധി ​ഗുരുതര ആരോപണങ്ങളാണ് ഹരിത ഭാരവാഹികൾ പരാതിയിൽ‌ ഉന്നയിരിച്ചിരിക്കുന്നത്. പരാതിയിൽ ഇവർ ഉറച്ചുനിന്നാൽ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് അടക്കമുള്ളവർക്കെതിരെ ശക്തമായ നിയമ നടപടിയുണ്ടാവും.
Next Story