Top

ഹരിത പരാതി; പികെ നവാസ് അറസ്റ്റിൽ

10 Sep 2021 8:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹരിത പരാതി; പികെ നവാസ് അറസ്റ്റിൽ
X

എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി.കെ നവാസ് അറസ്റ്റില്‍. എംഎസ്എഫ് ഹരിത നല്‍കിയ പരാതിയിലാണ് നടപടി. ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയായിരുന്നു അറസ്റ്റ്. പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കും. പികെ നവാസിനെതിരെ വനിതാ കമ്മീഷന് പരാതി നല്‍കിയ നടപടിക്ക് പിന്നാലെ ഹരിത സംസ്ഥാന കമ്മറ്റി മുസ്ലീംലീഗ് നേതൃത്വം പിരിച്ച് വിട്ടിരുന്നു. കടുത്ത അച്ചടക്ക ലംഘനമാണ് ഹരിത നേതൃത്വം നടത്തിയിരുന്നതെന്ന് പിഎംഎ സലാം പറഞ്ഞത്. പാര്‍ട്ടി അച്ചടക്കം ഹരിത നേതാക്കള്‍ തുടര്‍ച്ചയായി ലംഘിച്ചുകൊണ്ടിരിക്കുകയാണ്. മാത്രമല്ല, കാലാഹരണപ്പെട്ട കമ്മിറ്റിയായിരുന്നു അത്. പുതിയ കമ്മറ്റിയെ മുസ്ലീംലീഗ് സംസ്ഥാന നേതൃത്വം ഉടന്‍ പ്രഖ്യാപിക്കുമെന്നും പിഎംഎ സലാം വ്യക്തമാക്കിയിരുന്നു.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍ എംപി, എംപി അബ്ദുസമദ് സമദാനി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത ചര്‍ച്ചയിലാണ് ഹരിതയെ പിരിച്ചുവിടാന്‍ തീരുമാനിച്ചത്. പി കെ നാവാസ് അടക്കമുള്ള എംഎസ്എഫ് നേതാക്കള്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന നിലപാടില്‍ ഉറച്ചായിരുന്നു ഹരിത നേതാക്കള്‍. ലീഗ് നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കും വിധം വനിതാ കമ്മീഷന്‍ പരാതിയെ ഉപയോഗിക്കാനാണ് ഹരിതയുടെ നീക്കം. പരാതി പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതാണ് നേതാക്കളെ പ്രധാനമായും ചൊടിപ്പിച്ചത്.

നേരത്തെ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റായി പി കെ നവാസ് സ്ഥാനം ഏറ്റെടുത്തതിന് ശേഷമാണ് ഹരിതയും എംഎസ്എഫും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്ത് തുടങ്ങിയതെന്ന് ഹരിത മുന്‍ സംസ്ഥാന നേതാവ് ഹഫ്‌സ മോള്‍ വെളിപ്പെടുത്തിയിരുന്നു. 2017 മുതലാണ് ഹരതയും എംഎസ്എഫും തമ്മില്‍ അസ്വാരസ്യങ്ങള്‍ ആരംഭിച്ചത്. അതിന് മുമ്പുള്ള സംസ്ഥാന കമ്മിറ്റി പ്രസിഡന്റുമാരായോ, ജനറല്‍ സെക്രട്ടറിമാരായോ മറ്റു ഭാരവാഹികളുമായോ യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. അന്നത്തെ നേതാക്കള്‍ എല്ലാം തന്നെ ഹരിതയെ മുന്നോട്ടു കൊണ്ടുവരണം എന്നാഗ്രഹിച്ച് പ്രവര്‍ത്തിച്ചിരുന്നവരായിരുന്നു. എന്നാല്‍ 2017 മുതലുള്ള കാലം ഹരിതയ്ക്ക് ഏറെ നിര്‍ണായകമായിരുന്നുവെന്നും ഹഫ്‌സ റിപ്പോര്‍ട്ടര്‍ ടിവിയുടെ മൂന്നുമണി ചർച്ചയില്‍ പറഞ്ഞു.

എംഎസ്എഫ് നേതാക്കള്‍ക്കെതിരെ വനിത കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കാമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്ന് ഹഫ്‌സ പറഞ്ഞു. ഹരിതയിലെ പെണ്‍കുട്ടികളെ മുസ്ലീം ലീഗ് നേതൃത്വ പല തവണ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നത് ശരിയാണ്. അതിലെല്ലാം ഹരിതയ്ക്ക് അനുകൂലമായി നിലപാടെടുക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് പുറത്തു വരുന്നതെല്ലാം അംഗീകരിക്കാനാവത്ത തീരുമാനങ്ങളായിരുന്നു. ആരോപണ വിധേയരായ പി കെ നവാസ് അടക്കമുള്ള ആളുകള്‍ ഖേദപ്രകടനം നടത്തുമെന്നും ഹരിത നേതാക്കള്‍ പരാതി പിന്‍വലിക്കുമെന്ന് സമ്മതം പറഞ്ഞുമെന്നുമാണ് ലീഗ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ അങ്ങനെയൊരു അനുമതി ഹരിതയുടെ സംസ്ഥാന കമ്മിറ്റി മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റിക്ക് കൊടുത്തിട്ടില്ലെന്നും ഹഫ്‌സ വ്യക്തമാക്കി.

താന്‍ വൈസ് പ്രസിഡിന്റായിരിക്കുന്ന ഈ സമയത്താണ് എംഎസഎഫും ഹരിതയും തമ്മിലുള്ള അസ്വാരസ്യം അതിന്റെ അങ്ങേതലത്തില്‍ എത്തിയതെന്നും ഹഫ്‌സ പറഞ്ഞു. അത് തന്നെയാണ് ഇപ്പോള്‍ എല്ലാവരും കാണുന്നതും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Next Story