Top

'പരാതി പിന്‍വലിക്കുമെന്ന് ഹരിത ലീഗിനോട് സമ്മതിച്ചിട്ടില്ല'; ഹരിത മുന്‍ സംസ്ഥാന നേതാവ്

പുറത്തു വന്നതെല്ലാം അംഗീകരിക്കാനാവത്ത തീരുമാനങ്ങളാണെന്നും ഹഫ്‌സ പറഞ്ഞു.

9 Sep 2021 11:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പരാതി പിന്‍വലിക്കുമെന്ന് ഹരിത ലീഗിനോട് സമ്മതിച്ചിട്ടില്ല; ഹരിത മുന്‍ സംസ്ഥാന നേതാവ്
X

എംഎസ്എഫ് നേതാക്കള്‍ക്കെതിരെ വനിത കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കാമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്ന് ഹരിത മുന്‍ സംസ്ഥാന നേതാവ് ഹഫ്‌സ മോള്‍. ഹരിതയിലെ പെണ്‍കുട്ടികളെ മുസ്ലീം ലീഗ് നേതൃത്വം പല തവണ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നത് ശരിയാണ്. അതിലെല്ലാം ഹരിതയ്ക്ക് അനുകൂലമായി നിലപാടെടുക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് പുറത്തു വന്നതെല്ലാം അംഗീകരിക്കാനാവത്ത തീരുമാനങ്ങളാണെന്നും ഹഫ്‌സ പറഞ്ഞു. ആരോപണ വിധേയരായ പി കെ നവാസ് അടക്കമുള്ള ആളുകള്‍ ഖേദപ്രകടനം നടത്തുമെന്നും ഹരിത നേതാക്കള്‍ പരാതി പിന്‍വലിക്കുമെന്ന് സമ്മതം പറഞ്ഞുമെന്നുമാണ് ലീഗ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ അങ്ങനെയൊരു അനുമതി ഹരതിയുടെ സംസ്ഥാന കമ്മിറ്റി മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റിക്ക് കൊടുത്തിട്ടില്ലെന്നും ഹഫ്‌സ റിപ്പോര്‍ട്ടര്‍ ടിവിയുടെ മൂന്നുമണി ചർച്ചയില്‍ പറഞ്ഞു.

'ഹരിത ജനറല്‍ പോസ്റ്റിലേക്ക് വരുന്നതിനോട് ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ടായിരുന്നു. 2017 മുതലാണ് ഹരിതയും എംഎസ്എഫും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്ത് തുടങ്ങിയത്. അതിന് മുമ്പുള്ള സംസ്ഥാന കമ്മിറ്റി പ്രസിഡന്റുമാരായോ, ജനറല്‍ സെക്രട്ടറിമാരായോ മറ്റു ഭാരവാഹികളുമായോ യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. അന്നത്തെ നേതാക്കള്‍ എല്ലാം തന്നെ ഹരിതയെ മുന്നോട്ടു കൊണ്ടുവരണം എന്നാഗ്രഹിച്ച് പ്രവര്‍ത്തിച്ചിരുന്നവരായിരുന്നു. എന്നാല്‍ 2017 മുതലുള്ള കാലം ഹരിതയ്ക്ക് ഏറെ നിര്‍ണായകമായിരുന്നു.'

താന്‍ വൈസ് പ്രസിഡിന്റായിരിക്കുന്ന ഈ സമയത്താണ് എംഎസഎഫും ഹരിതയും തമ്മിലുള്ള അസ്വാരസ്യം അതിന്റെ അങ്ങേതലത്തില്‍ എത്തിയതെന്നും ഹഫ്‌സ പറഞ്ഞു. അത് തന്നെയാണ് ഇപ്പോള്‍ എല്ലാവരും കാണുന്നതും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വനിതാ കമ്മീഷനില്‍ കൊടുത്ത പരാതി പിന്‍വലിക്കുമെന്ന് ഹരിത നേതാക്കള്‍ ആരോടും പറഞ്ഞിട്ടില്ലെന്നും ഹഫ്സ ആവർത്തിച്ചു.

Next Story