ജിഎസ്ടിയില്‍ കൊണ്ടുവന്നാല്‍ ഇന്ധന വില കുറയുമെന്നത് തെറ്റായ പ്രചരണം; വില കുറയണമെങ്കില്‍ സെസ് ഒഴിവാക്കണമെന്ന് മന്ത്രി ബാലഗോപാല്‍
ബിജെപിയെ പോലുള്ള പാര്‍ട്ടികളാണ് കേരളത്തില്‍ വ്യാജപ്രചരണം നടത്തുന്നത്
18 Sep 2021 6:19 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ജിഎസ്ടി പരിധിയില്‍ കൊണ്ടുവന്നാല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയുമെന്ന പ്രചരണം തെറ്റിദ്ധാരണജനകമാണെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍. ഇന്ധന വില കുറയണമെങ്കില്‍ സെസ് ഒഴിവാക്കിയാല്‍ മതിയെന്നും മന്ത്രി ബാലഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധന വില കുറയുമെന്ന വ്യാജപ്രചരണം ബിജെപിയെ പോലുള്ള പാര്‍ട്ടികളാണ് കേരളത്തില്‍ നടത്തുന്നത്. നിലവില്‍ 30 രൂപയിലധികം പെട്രോളിനും ഡീസലിനും തീരുവയായി കേന്ദ്രം ചുമത്തുന്നുണ്ട്. ഇത് കുറക്കാന്‍ തയ്യാറായാല്‍ പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ കുറയുമെന്ന് മന്ത്രി ബാലഗോപാല്‍ അറിയിച്ചു. ജിഎസ്ടിയില്‍ കൊണ്ടുവന്നിട്ടും പാചകവാതകത്തിന്റെ വില 250 രൂപ വരെ കൂടിയെന്നും മന്ത്രി പറഞ്ഞു.
ജിഎസ്ടി കൗണ്‍സിലില്‍ സംസ്ഥാനത്തിന്റെ നിലപാടുകള്‍ ശക്തമായി അവതരിപ്പിച്ചിട്ടുണ്ട്. വെളിച്ചെണ്ണയുടെ നികുതി ഉയര്‍ത്തുന്നതിനെ കേരളവും ഗോവയും തമിഴ്നാടും എതിര്‍ത്തു. എല്ലാ സംസ്ഥാനങ്ങളും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ്. വരുമാന ചോര്‍ച്ചയും എല്ലാ സംസ്ഥാനങ്ങളും ഉന്നയിച്ചു. ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നത് നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ബാലഗോപാല്‍ മാധ്യമങ്ങളെ അറിയിച്ചു.