Top

'സ്ത്രീധനത്തോടുള്ള സമൂഹത്തിന്റെ സമീപനം മാറണം'; മൂസക്കുട്ടിയുടെ മകളെ സന്ദര്‍ശിച്ച് ഗവര്‍ണര്‍

8 Oct 2021 7:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്ത്രീധനത്തോടുള്ള സമൂഹത്തിന്റെ സമീപനം മാറണം; മൂസക്കുട്ടിയുടെ മകളെ സന്ദര്‍ശിച്ച് ഗവര്‍ണര്‍
X

മകള്‍ക്ക് നേരിടേണ്ടി വന്ന സ്ത്രീധന പീഡനത്തില്‍ മനംനൊന്ത് ജീവനൊടുക്കിയ മലപ്പുറം മമ്പാടുള്ള മൂസക്കുട്ടിയുടെ വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. മലബാര്‍ ജില്ലകളില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്ത് വന്നിരുന്ന ഗവര്‍ണര്‍ വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് അപ്രതീക്ഷിതമായാണ് മലപ്പുറത്തെ മുസക്കുട്ടിയുടെ വീട്ടിലെത്തിയത്. മൂസക്കുട്ടിയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച ഗവര്‍ണര്‍ ബന്ധുക്കളെ ആശ്വസിപ്പിച്ചു.

പിതാവിനെ കുറിച്ചും ഭര്‍ത്താവിന്റെ വീട്ടില്‍ നേരിടേണ്ടി വന്ന സാഹചര്യങ്ങളും വിശദീകരിച്ച മൂസക്കുട്ടിയുടെ മകള്‍ ഹിബ ഗവര്‍ണര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. തന്റെ വിവാഹത്തിന് പിന്നാലെ പിതാവ് ഒരുപാട് പീഡനങ്ങള്‍ നേരിട്ടു. കടം വാങ്ങിയിട്ടാണ് വിവാഹം നടത്തിയത്. വിവാഹവുമായി ബന്ധപ്പെട്ടുകൊണ്ട് സഹകരണ ബാങ്കില്‍ കുടുംബത്തിന് 5 ലക്ഷം രൂപയോളം കടമുണ്ട്. എന്നിട്ടും വിവാഹം കഴിച്ചയച്ച വീട്ടില്‍ ഒരു ദിവസം പോലും തനിക്ക് സുഖമായി താമസിക്കാന്‍ കഴിഞ്ഞില്ലെന്നും ഹിബ ഗവര്‍ണറോട് പറഞ്ഞു.

സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ഗവര്‍ണര്‍ നിയമവും പൊലീസ് സംവിധാനവും ഉണ്ടായിട്ടും സ്ത്രീധന പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ലെന്നും ഇതിനിനെതിരെ പൊതുജനാഭിപ്രായം ഉയരണമെന്നും പ്രതികരിച്ചു. മൂസക്കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ശക്തമായ നടപടികള്‍ സ്വീകരിക്കാനുള്ള നിര്‍ദേശം നല്കിയിട്ടുണ്ട്. കുടുംബത്തിന് സാമ്പത്തികസഹായം നല്‍കുന്നത് ഉള്‍പ്പെടെ പരഗണിക്കുമെന്നും ഗവര്‍ണര്‍ ഉറപ്പു നല്‍കി. തുടര്‍ന്ന് പഠിക്കണമെന്നും ഗവര്‍ണര്‍ ഹിബയോട് ആവശ്യപ്പെട്ട്. വയനാട് സന്ദര്‍ശിക്കാന്‍ എത്തിയ ഗവര്‍ണര്‍ ജനപ്രതിനിധികള്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു മമ്പാട് മുസക്കുട്ടിയുടെ വസതി സന്ദര്‍ശിച്ചത്.

Next Story