Top

സിപിഐഎമ്മുമായി ചര്‍ച്ച നടന്നിട്ടില്ലെന്ന് ഗോപിനാഥ്; 'സഹകരണം തെറ്റില്ല'

സിപിഐഎമ്മിലേക്ക് വരണോയെന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്

30 Aug 2021 3:14 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിപിഐഎമ്മുമായി ചര്‍ച്ച നടന്നിട്ടില്ലെന്ന് ഗോപിനാഥ്; സഹകരണം തെറ്റില്ല
X

സിപിഐഎമ്മുമായി സഹകരിച്ച് പോകുന്നത് സംബന്ധിച്ച് ഒരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ലെന്ന് എവി ഗോപിനാഥ്. കോണ്‍ഗ്രസ് ദേശീയതലത്തില്‍ സിപിഐഎമ്മുമായി സഹകരിക്കുന്നുണ്ടെന്നും ആ സഹകരണം വേറെ എവിടെയും നടത്തിയാല്‍ തെറ്റില്ലെന്നാണ് താന്‍ മുന്‍ പരാമര്‍ശത്തില്‍ ഉദേശിച്ചതെന്നും ഗോപിനാഥ് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു.

എവി ഗോപിനാഥ് പറഞ്ഞത്: സിപിഐഎം നേതൃത്വവുമായി ഒരു ചര്‍ച്ചയും ഇതുവരെ നടന്നിട്ടില്ല. ഞാന്‍ പറഞ്ഞത്, കോണ്‍ഗ്രസ് ദേശീയതലത്തില്‍ ഇന്നത്തെ സാഹചര്യങ്ങളില്‍ സിപിഐഎമ്മുമായി സഹകരിക്കുന്നുണ്ട്. ആ സഹകരണം വേറെ എവിടെയും നടത്തിയാല്‍ തെറ്റില്ലെന്നാണ് ഉദേശിച്ചത്. കോണ്‍ഗ്രസിലെ പഴയകാല പ്രവര്‍ത്തനങ്ങളും ഇപ്പോഴത്തെയുമായി പെരുത്തപ്പെടാന്‍ എനിക്ക് സാധിക്കുന്നില്ല. അതുകൊണ്ട് ഞാന്‍ സ്വയം മാറി നില്‍ക്കാന്‍ തീരുമാനിച്ചാണ്. കെ സുധാകരനുമായി വളരെ നല്ല ആത്മബന്ധമുണ്ട്. രാജിയെന്നത് വളരെ ആലോചിച്ച് എടുത്ത തീരുമാനം. കോണ്‍ഗ്രസിന് നശിപ്പിക്കാനുള്ള ഒരു നീക്കവും എനിക്കില്ല. പെരിങ്ങോട്ടുകുറിശിയില്‍ നിലവിലെ ഭരണം തുടരും. അതിന് സിപിഐഎം പിന്തുണ ആവശ്യമില്ല. രാജ്യത്ത് പുതിയ രാഷ്ട്രീയസാഹചര്യം വന്നേപറ്റൂ.

സിപിഐഎമ്മിലേക്ക് വരണമോയെന്നത് അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്‍ പറഞ്ഞു.

''സിപിഐഎമ്മിലേക്ക് വരണോയെന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. ഇടതുപക്ഷ രാഷ്ട്രീയത്തെക്കുറിച്ച് നല്ലത് പോലെ അദ്ദേഹത്തിന് അറിയാം. അദ്ദേഹത്തിന് സ്വയം തീരുമാനമെടുക്കാന്‍ സാധിക്കും. ആദ്യം അദ്ദേഹം നിലപാട് പ്രഖ്യാപിക്കട്ടെ. ശേഷം സിപിഐഎം നിലപാട് പറയുന്നതാണ് ശരി. മറ്റു കാര്യങ്ങള്‍ സംസ്ഥാന നേതൃത്വം തീരുമാനിക്കും. കോണ്‍ഗ്രസിന്റെ തകര്‍ച്ച വ്യക്തമായി പഠിച്ചയാളാണ് ഗോപിനാഥ്. അദ്ദേഹം പ്രാദേശികമായി നല്ല മതിപ്പും പ്രവര്‍ത്തകര്‍ക്കിടയില്‍ ആവേശവുമുള്ള നേതാവാണ്. സാധാരണ തൊഴിലാളികള്‍ക്കിടയിലും കര്‍ഷകര്‍ക്കിടയിലും നല്ല സ്വാധീനമുള്ള വ്യക്തിയാണ്.''-രാജേന്ദ്രന്‍ റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു.

അതേസമയം, എ വി ഗോപിനാഥിന്റെ പാതയില്‍ നിരവധി നേതാക്കള്‍ കോണ്‍ഗ്രസ് വിടുമെന്ന് മുന്‍ മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ഗോപിനാഥ് മുഖ്യമന്ത്രിയെ അഭിനന്ദിച്ചതാണ് കോണ്‍ഗ്രസ് നേതാക്കളെ പ്രകോപിപ്പിച്ചത്. ഇടതുപക്ഷത്തേക്ക് വരുന്ന കാര്യത്തില്‍ ഗോപിനാഥ് ആദ്യം നിലപാട് സ്വീകരിക്കട്ടെ. അതിന് ശേഷം ഉചിതമായ തീരുമാനം എടുക്കുമെന്നും എ കെ ബാലന്‍ പ്രതികരിച്ചു.

Next Story