Top

'സുവിശേഷം സ്നേഹത്തിന്റേതാണ്, വിദ്വേഷത്തിന്റേതല്ല'; പാലാ രൂപത ബിഷപ്പിനോട് ​ഗീവർ​ഗീസ് മാർ കൂറിയോലിസ്

'മതേതരത്വം അതിവേഗം തകർക്കപ്പെടുന്ന ഒരുകാലത്ത് അതിന് ആക്കം കൂട്ടുന്ന പ്രസ്താവനകൾ ഉത്തരവാദിത്തപ്പെട്ടവർ ഒഴിവാക്കണം'

10 Sep 2021 4:41 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സുവിശേഷം സ്നേഹത്തിന്റേതാണ്, വിദ്വേഷത്തിന്റേതല്ല; പാലാ രൂപത ബിഷപ്പിനോട് ​ഗീവർ​ഗീസ് മാർ കൂറിയോലിസ്
X

കേരളത്തിൽ ക്രിസ്ത്യാനികൾക്കെതിരെ ലവ് ജിഹാദും ലഹരി ജിഹാദും നടക്കുന്നെന്ന പാലാ ബിഷപ്പിന്റെ പ്രസ്താവനയ്ക്കെതിരെ യാക്കോബായ സഭാ നിരണം ഭദ്രാസനാധിപൻ ബിഷപ്പ് ​ഗീവർ​ഗീസ് മാർ കൂറിലോസ്. അൾത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കാനുള്ളതല്ലെന്നും സുവിശേഷം വിദ്വേഷത്തിന്റേതല്ല സ്നേഹത്തിന്റേതാണെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

കുറിപ്പിന്റെ പൂർണ രൂപം,

​"സുവിശേഷം സ്നേഹത്തിന്റെതാണ്, വിദ്വേഷത്തിന്റേതല്ല. അൾത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുത്. മതേതരത്വം അതിവേഗം തകർക്കപ്പെടുന്ന ഒരുകാലത്ത് അതിന് ആക്കം കൂട്ടുന്ന പ്രസ്താവനകൾ ഉത്തരവാദിത്തപ്പെട്ടവർ ഒഴിവാക്കണം. Pulpits should not be misused for polemics", ബിഷപ്പ് ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ ദിവസം കേരളത്തിൽ നാർക്കോട്ടിക് ജിഹാദ് നടക്കുന്നെന്ന പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന വലിയ വിവാദമുണ്ടാക്കിയതിനിടെയിലാണ് ഇദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തിൽ ലൗ ജിഹാദിനൊപ്പം തന്നെ നാർകോട്ടിക് ജിഹാദും നടക്കുന്നുണ്ടെന്നും ക്രിസ്ത്യൻ പെൺകുട്ടികളും യുവാക്കളും ഇത്തരത്തിൽ ലഹരിക്കടിമയാവുന്നുണ്ടെന്നുമായിരുന്നു ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന.

ഇതിനു പിന്നാലെ സമാന പ്രസ്താവനയുമായി ഇരിങ്ങാലക്കുട രൂപതയും രം​ഗത്തെത്തി. . ലൗ ജിഹാദിലും ലഹരി ജിഹാദിലും കുട്ടികൾ പെടാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധ പുലർത്തണമെന്നും സമുദായത്തിലെ ഒരു കുടുംബത്തിൽ നാലു കുട്ടികളെങ്കിലും ഉണ്ടാവേണ്ടതുണ്ടെന്നും ഇരിങ്ങാലക്കുട രൂപത ബിഷപ്പ് പോളി കണ്ണൂക്കാടൻ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ഇരിങ്ങാലക്കുട പള്ളിയിൽ നടത്തിയ പ്രസം​ഗത്തിലായിരുന്നു ബിഷപ്പിന്റെ പരാമർശം.

Next Story