Top

കെ എന്‍ ബാലഗോപാലിന്റെ മണ്ഡലത്തില്‍ ഗണേശ് കുമാറിന്റെ ഓഫീസ്; അമര്‍ഷം പുകയുന്നു

തല്‍ക്കാലം പരസ്യ പ്രതികരണം വേണ്ടന്നാണ് നിലപാട്.

3 Sep 2021 1:20 PM GMT
ഷെമീർ കൊല്ലം

കെ എന്‍ ബാലഗോപാലിന്റെ മണ്ഡലത്തില്‍ ഗണേശ് കുമാറിന്റെ ഓഫീസ്; അമര്‍ഷം പുകയുന്നു
X

പത്തനാപുരത്തിന് പുറമെ കൊട്ടാരക്കരയിലും എം.എല്‍.എ ഓഫീസ് തുറന്ന കെ.ബി.ഗണേഷ് കുമാറിന്റെ നീക്കത്തിന്റെ അമ്പരപ്പിലാണ് ഇടത് കേന്ദ്രങ്ങള്‍. ധനമന്ത്രിയുടെ മണ്ഡലത്തില്‍ മറ്റൊരു മണ്ഡലത്തിലെ എം.എല്‍.എ ഓഫീസ് തുറന്നതില്‍ സി.പി.എമ്മിനുള്ളില്‍ അതൃപ്തിയുണ്ട്.

കൊട്ടാരക്കരയില്‍ ഗണേഷ് ഓഫീസ് തുറന്നതിന് പിന്നില്‍ രാഷ്ട്രീയമുണ്ടോ എന്നാണ് സി.പി.എമ്മിനുള്ളില്‍ ഉയര്‍ന്നിരിക്കുന്ന ചോദ്യം. ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ മണ്ഡലത്തില്‍ ഗണേഷ് ഓഫീസ് തുറന്നതില്‍ ഒരു വിഭാഗം സിപിഎം നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. എന്നാല്‍ തല്‍ക്കാലം പരസ്യ പ്രതികരണം വേണ്ടന്നാണ് നിലപാട്.

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനാപുരം വിട്ട് ഗണേഷ് കൊട്ടാരക്കരയില്‍ മത്സരിക്കുന്നുവെന്ന അഭ്യൂഹം നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഓഫീസ് മാറ്റത്തിന് രാഷ്ട്രീയ പ്രസക്തിയേറുന്നത്. മാത്രവുമല്ല, ഇടതുമുന്നണിയില്‍ ഗണേശിന് കാര്യമായ പരിഗണന ലഭിക്കുന്നില്ലെന്ന പരിഭവം കേരള കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിനുണ്ടുതാനും. ഈ മന്ത്രിസഭയില്‍ ഗണേശ് ഉണ്ടാകുമെന്ന് പാര്‍ട്ടിയില്‍ ഏറെപ്പേരും കരുതിയിരുന്നു. എന്നാല്‍ കുടുംബ സ്വത്ത് വീതം വയ്ക്കുന്നതിലെ തര്‍ക്കം അപ്രതീക്ഷിതമായി ബാലകൃഷ്ണപിള്ളയുടെ കുടുംബത്തില്‍ ഉടലെടുത്തു. വില്‍പ്പത്രം ഗണേശ് തിരുത്തിയെന്നു കാട്ടി മൂത്ത സഹോദരി ഉഷ സി പി എം നേതൃത്വത്തിന് പരാതി നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗണേശിനെ മന്ത്രിയാക്കിയില്ലെന്ന് കരുതുന്നവരുമുണ്ട്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഗണേശ് കുമാറിന്റെ ഓഫീസില്‍ പോലീസ് റെയ്ഡ് നടത്തിയതും വിവാദമായി.

ഗണേശിന്റെ പേഴ്‌സണല്‍ സ്റ്റാഫായ പ്രദീപ് കോട്ടാത്തലയുമായി ബന്ധപ്പെട്ടായിരുന്നു അന്നത്തെ പരിശോധന. കേസില്‍ മാപ്പുസാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലായിരുന്നു റെയ്ഡ്. ഇത്തരമൊരു റെയ്ഡുണ്ടായതിലും പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുയര്‍ന്നിരുന്നു. നേരത്തെ പത്തനാപുരത്തും കൊട്ടാരക്കരയിലും കേരള കോണ്‍ഗ്രസാണ് മത്സരിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഒരേ മുന്നണിയായതോടെ കൊട്ടാരക്കരയില്‍ മത്സരിക്കുന്നത് സി പി എമ്മാണ്. പണ്ടും എല്‍ ഡി എഫില്‍ നിന്ന് കൊട്ടാരക്കരയില്‍ മത്സരിച്ചിട്ടുള്ളത് സി പി എം തന്നെ. കേരള കോണ്‍ഗ്രസിന്റെ വേരുകള്‍ കൊട്ടാരക്കരയില്‍ ഉറപ്പിച്ചു നിറുത്തുകയാണ് ഗണേശിന്റെ ലക്ഷ്യമെന്ന് വ്യക്തം. രണ്ടര വര്‍ഷം കൂടുമ്പോള്‍ ചെറു പാര്‍ട്ടികള്‍ക്ക് മന്ത്രി സ്ഥാനം പങ്കിടാമെന്നതാണ് നിലവില്‍ എല്‍ ഡി എഫ് ധാരണ. അടുത്ത ടേമിലെങ്കിലും ഗണേശ് മന്ത്രിയാകുമെന്ന പ്രതീക്ഷയിലാണ് കേരള കോണ്‍ഗ്രസ്. തന്റെ ഓഫീസിലേക്ക് ഏത് സമയവും ഏത് പാര്‍ട്ടിക്കാര്‍ക്കും മടി കൂടാതെ കടന്നു വരാമെന്നായിരുന്നു ഗണേശിന്റെ ഉദ്ഘാടന പ്രസംഗം

അച്ഛന്‍ ബാലകൃഷ്ണപിള്ളയുടെ അസാന്നിധ്യം നികത്താനാണ് കൊട്ടാരക്കരയിലും ഓഫീസ് തുറന്നതെന്ന് ഗണേഷ് കുമാര്‍ വിശദീകരിക്കുന്നു.

Next Story