Top

'നിയമം നടപ്പാക്കും, ഉദ്യോഗസ്ഥരെ പഴിക്കേണ്ട'; മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാരോട് കയര്‍ത്ത ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ ഗതാഗത മന്ത്രി

പത്തനാപുരത്ത് ടിപ്പര്‍ ലോറി ഡ്രൈവറോട് എംവിഐ മോശമായി പെരുമാറി വാഹനം പിടിച്ചെടുത്തെന്ന പരാതിയിലാണ് നടപടി

9 Aug 2021 3:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിയമം നടപ്പാക്കും, ഉദ്യോഗസ്ഥരെ പഴിക്കേണ്ട; മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാരോട് കയര്‍ത്ത ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ ഗതാഗത മന്ത്രി
X

ലോറി ഡ്രൈവര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് പിഴയിട്ട സംഭവത്തില്‍ ഉദ്യോഗസ്ഥരോട് കയര്‍ത്ത ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ ഗതാഗത മന്ത്രി ആന്റണി രാജു. നിയമം നടപ്പാക്കും, അതിന് ഉദ്യോഗസ്ഥരെ പഴിക്കേണ്ട കാര്യമില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം. അമിതഭാരത്തിന്റെ പേരില്‍ മോട്ടോര്‍ വാഹനവകുപ്പ് ടിപ്പര്‍ ഡ്രൈവര്‍മാര്‍ക്ക് പിഴയിട്ട സംഭവത്തില്‍ എംഎല്‍എ ഇടപെട്ട സംഭവത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കുന്നത്.

അമിതഭാരത്തിന്റെ പേരില്‍ കൊല്ലം പത്തനാപുരത്ത് ടിപ്പര്‍ ലോറി ഡ്രൈവറോട് എംവിഐ മോശമായി പെരുമാറി വാഹനം പിടിച്ചെടുത്തെന്ന പരാതിയിലാണ് എംഎല്‍എ ഇടപ്പെട്ടത്. കൂടല്‍ ഇഞ്ചപ്പാറ സ്വദേശി സുമേഷിനാണ് കഴിഞ്ഞദിവസം പത്തനാപുരം മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പിഴ ചുമത്തിയത്. ടിപ്പര്‍ ലോറി പിടിച്ചെടുക്കുകയും മോശമായി പെരുമാറുകയും ചെയ്‌തെന്നുമാണ് പരാതി. നേരത്തെ ലോറിയിലെ അധിക ഭാരത്തിന്റെ പേരില്‍ കൊല്ലത്തു വച്ച് സുമേഷിന് ഇരുപത്തിഅയ്യായിരം രൂപയുടെ പിഴ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ചു ദിവസത്തിന് ശേഷം പത്തനാപുരത്ത് വച്ച് വീണ്ടും എംവിഐ വണ്ടി പിടികൂടിയത്.

സംഭവത്തില്‍ ഇടപെട്ട ഗണേഷ് കുമാര്‍ എംഎല്‍എ എംവിഐയെ ഫോണില്‍ വിളിക്കുകയും കൊവിഡ് കാലത്ത് നിര്‍ന്തരം ഡ്രൈവര്‍മാരെ ദ്രോഹിക്കരുതെന്ന് ആവശ്യപ്പെടുകയും പിടിച്ചെടുത്ത വണ്ടി വിട്ടു കൊടുക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കെബി ഗണേഷ്‌കുമാര്‍ എം.എല്‍.എ മന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. പിന്നാലെയാണ് വിഷയത്തില്‍ മന്ത്രി നിലപാട് വ്യക്തമാക്കുന്നത്.

പത്താനാപുരത്ത് പിഴയിട്ട ലോറി വീണ്ടും പിടിച്ചെടുത്തതില്‍ തെറ്റില്ലെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കിയ ഗതാഗത മന്ത്രി ആന്റണി രാജു ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. നിയമം നടപ്പാക്കുന്നതിന് ഉദ്യോഗസ്ഥരെ പഴിച്ചിട്ട് കാര്യമില്ല. തെറ്റ് ആവര്‍ത്തിച്ചാല്‍ പിഴ ഈടാക്കാതിരിക്കുന്നത് എങ്ങനെയാണ്. നിയമം നടപ്പാക്കുമെന്നും വ്യക്തമാക്കുകയായിരുന്നു.

Next Story