Top

'ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് പ്രസക്തിയില്ല'; കവിതയില്‍ സുധാകരന്റെ വിശദീകരണം

പുതിയ തലമുറയെ ക്ഷണിക്കുന്ന കവിത

8 Aug 2021 11:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് പ്രസക്തിയില്ല; കവിതയില്‍ സുധാകരന്റെ വിശദീകരണം
X

തന്റെ നേട്ടവും കോട്ടവും എന്ന തലക്കെട്ടിലുള്ള കവിതയിലെ ഉള്ളടക്കം ദുര്‍വ്യാഖ്യാനിക്കേണ്ട കാര്യമില്ലെന്ന് ജി സുധാകരന്‍. ''പുതിയ തലമുറയെ ക്ഷണിക്കുന്ന കവിത. ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് പ്രസക്തിയില്ല. കവിത നവാഗതര്‍ക്ക്.''-സുധാകരന്‍ പറഞ്ഞു.

കലാകൗമുദിയില്‍ ആഗസ്റ്റ് 8-15 ലക്കത്തിലാണ് കവിത പ്രസിദ്ധീകരിച്ചിരിക്കുന്നത്. പാര്‍ട്ടി അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കൊണ്ടുള്ളതാണ് സുധാകരന്റെ കവിതയെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. ചെയ്തത് ഒരു തരത്തിലും നന്ദി കിട്ടാത്ത പണിയാണെന്നും കഴിയുന്നതെല്ലാം താന്‍ ചെയ്തുവെന്നും സുധാകരന്‍ പറഞ്ഞിരുന്നു. ആകാംക്ഷഭരിതരായ യുവാക്കള്‍ ഈ വഴി നടക്കട്ടെ എന്നു പറഞ്ഞാണ് കവിത അവസാനിപ്പിക്കുന്നത്.

കവിത പൂര്‍ണരൂപം:

കവിത എന്റെ ഹൃദയാന്തരങ്ങളില്‍ മുളകള്‍ പൊട്ടുന്നു കാലദേശാതീതയായ്.

വളവും ഇട്ടില്ല വെള്ളവും ചാര്‍ത്തിയില്ലവഗണനയില്‍ മുകളം കൊഴിഞ്ഞുപോയ്.

മനുജര്‍ താണ്ടിയ നൂറ്റാണ്ടുമപ്പുറം ഒഴുകിയെത്തിയെന്‍ പ്രജ്ഞ ചരിത്രത്തില്‍ ഒരിടമെങ്കിലും കാണാത്തതൊക്കെയും കണികള്‍ കണ്ടു മനം കുളിര്‍ക്കെ കണ്ടു. തിരികെ എത്തവേ എല്ലാ മറന്നു പോയ്.

അനുനിമിഷം പകര്‍ത്തുവാനെന്റയി ചരിതപര്‍വ്വം തടസ്സങ്ങളാകവേ മുഴുകി ഞാനെന്റെ നിത്യദുഃഖങ്ങളില്‍ കരളുകീറും ചുമതലാ ഭൂവിലായ്.

ഒരു തരത്തിലും നന്ദി കിട്ടാത്തൊരാ പണികളൊക്കെ നടത്തി ഞാനെന്റെയി മഹിത ജീവിതം സാമൂഹ്യമായെന്നു പറയും സ്‌നേഹിതര്‍ സത്യമതെങ്കിലും വഴുതി മാറും മഹാനിമിഷങ്ങളില്‍ മഹിത സ്വപ്നങ്ങള്‍ മാഞ്ഞു മറഞ്ഞുപോയ് അവകളൊന്നുമേ തിരികെ വരാനില്ല. പുതിയ രൂപത്തില്‍ വന്നാല്‍ വന്നെന്നുമാം.

ഇനി ഒരു ജന്മമുണ്ടോ, ജന്മാന്തരങ്ങളില്‍ പ്രണയപൂര്‍വ്വം പ്രതീക്ഷയില്‍ അല്ല ഞാന്‍ മനുജപര്‍വ്വം കഴിഞ്ഞിനി ശേഷിപ്പു ചരിത വീഥിതന്‍ നേട്ടവും കോട്ടവും.

അതിലൊരാശങ്ക വേണ്ടെന്നു സ്‌നേഹിതര്‍,

കഴിവതൊക്കെയും ചെയ്‌തെന്നു സ്‌നേഹിതര്‍.

ഇനി നടക്കട്ടെ ഈ വഴി ആകാംക്ഷാഭരിതരായ നവാഗതര്‍ അക്ഷീണമനസുമായി നവപഥവീഥിയില്‍.


Next Story