Top

ഇടത് ചാഞ്ഞ് പിഎസ് പ്രശാന്ത്‌; വാതില്‍ തുറന്നിട്ട് എന്‍സിപി, 'സാഹചര്യം' വിലയിരുത്തി സിപിഐയും സിപിഐഎമ്മും

2 Sep 2021 2:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇടത് ചാഞ്ഞ് പിഎസ് പ്രശാന്ത്‌; വാതില്‍ തുറന്നിട്ട് എന്‍സിപി, സാഹചര്യം വിലയിരുത്തി സിപിഐയും സിപിഐഎമ്മും
X

തിരുവനന്തപുരം: ഡിസിസി അധ്യക്ഷ പട്ടികയില്‍ വിമർശനം ഉന്നയിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട മുൻ കെപിസിസി സെക്രട്ടറി പി എസ് പ്രശാന്ത് ഇടതുപക്ഷത്തേക്ക് എത്തിയേക്കുമെന്ന് സൂചന. ഇടതുമുന്നണിയിലെ ചില പാർട്ടികളുമായി പി എസ് പ്രശാന്ത് അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞെന്നാണ് വിവരം.

സിപിഐ നേതൃത്വം പ്രശാന്തിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു കഴിഞ്ഞുവെന്നാണ് സ്ഥീകരിക്കാത്ത റിപ്പോർട്ട്. അതേസമയം, പ്രശാന്തിനായി വാതില്‍ തുറന്നിട്ട് എന്‍സിപിയും രംഗത്തുണ്ട്. എൻസിപിയിൽ എത്തിയാൽ അർഹമായ പരിഗണന പ്രശാന്തിന് നൽകുമെന്നാണ് എന്‍സിപി നേതൃത്വത്തിന്റെ പ്രതികരണം.

പി എസ് പ്രശാന്ത് ഇടതുപക്ഷത്തേക്ക് എത്തുന്നതോടെ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന കൂടുതൽ കോൺഗ്രസ് പ്രവർത്തകർ ഇടതുപക്ഷത്തേക്ക് എത്തുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ പി എസ് പ്രശാന്ത് സന്നദ്ധത പ്രകടിപ്പിക്കുന്ന പക്ഷം സ്വീകരിക്കാൻ തന്നെയാണ് സിപിഐഎമ്മിൻ്റെയും സിപിഐയുടേയും തീരുമാനം. അതേസമയം ഇതുവരെ നിലപാട് പരസ്യപ്പെടുത്താൻ പി എസ് പ്രശാന്ത് തയാറായിട്ടില്ല.

ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനും നിയുക്ത ഡിസിസി അധ്യക്ഷന്‍ പാലോട് രവിയ്ക്കും എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതിന് അച്ചടക്ക നടപടിയായി ആയിരുന്നു പി എസ് പ്രശാന്തിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്.

കെസി വേണുഗോപാല്‍ ബിജെപി ഏജന്റ് ആണെന്നടക്കം ഗുരുതര ആരോപണങ്ങളായിരുന്നു പി എസ് പ്രശാന്ത് ഉന്നയിച്ചത്. കേരളത്തിലെ സംഘടനാ പ്രവര്‍ത്തനങ്ങളുടെ മൂലകാരണം കെസി വേണുഗോപാലാണെന്നും അദ്ദേഹത്തിന് താല്‍പര്യമുള്ളവരെ മാത്രമാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നും പ്രശാന്ത് ആരോപിച്ചു. ഒരു പുതിയ ഗ്രൂപ്പ് ഉണ്ടാക്കാനുള്ള ശ്രമമാണ് കേരളത്തില്‍ നടക്കുന്നതെന്നും ആരോപണമുണ്ടായിരുന്നു.

അതേസമയം, കോണ്‍ഗ്രസില്‍ നിന്ന് പടിയിറങ്ങിയ ശേഷം ഒരു പാര്‍ട്ടിയും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും ഏത് പാര്‍ട്ടിയില്‍ ചേരണമെന്ന് തീരുമാനിച്ചിട്ടില്ലെന്നുമാണ് ഏറ്റവും ഒടുവില്‍ ഇടതുമുന്നണി പ്രവേശം സംബന്ധിച്ച് പിഎസ് പ്രശാന്ത് അവസാനമായി പ്രതികരിച്ചത്.

Next Story