Top

'ഹൈക്കമാന്‍ഡ് സംഘപരിവാറിന്റെ പിടിയില്‍'; കെസി വേണുഗോപാലിനെതിരെ ഗുരുതര ആരോപണങ്ങളുമായി രതികുമാര്‍

എകെ ആന്റണിയും കെ കരുണാകരനും രണ്ട് ധ്രുവങ്ങളില്‍ നിന്ന കാലത്തുപോലും എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാനുള്ള ശേഷി ഹൈക്കമാന്‍ഡിനുണ്ടായിരുന്നു.

15 Sep 2021 11:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹൈക്കമാന്‍ഡ് സംഘപരിവാറിന്റെ പിടിയില്‍; കെസി വേണുഗോപാലിനെതിരെ ഗുരുതര ആരോപണങ്ങളുമായി രതികുമാര്‍
X

കോണ്‍ഗ്രസ് ഹെെക്കമാന്‍ഡ് സംഘപരിവാർ കക്ഷികള്‍ക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് കോണ്‍ഗ്രസ് വിട്ട മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി ജി രതികുമാർ. എഐസിസി ജനറല്‍ സെക്രട്ടറിയായി കെ സി വേണുഗോപാല്‍ ചുമതലയേറ്റതിനുശേഷം ഹെക്കമാന്‍ഡ് സംഘപരിവാര്‍ കക്ഷികള്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ദേശീയ തലത്തിലേയും സംസ്ഥാനങ്ങളിലെയും പ്രവര്‍ത്തനങ്ങള്‍ അതാണ് തെളിയിച്ചുകൊണ്ടിരിക്കുന്നത്. ഇക്കാരണത്താലാണ് താന്‍ മതേതര പ്രസ്ഥാനമായ സിപിഐഎമ്മിനൊപ്പം ചേരാന്‍ തീരുമാനമെടുത്തതെന്നും രതികുമാര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്കുകാരണം കഴിഞ്ഞ കുറച്ചുകാലങ്ങളായി പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന ചില പ്രവണതകളാണ്. കെ സി വേണുഗോപാലും കെ സുധാകരനും കൊടിക്കുന്നില്‍ സുരേഷും ചേര്‍ന്ന് കേരളത്തിലെ പാര്‍ട്ടിയുടെ ജനാധിപത്യം തകര്‍ക്കുന്നത് കണ്ടാണ് താന്‍ കോണ്‍ഗ്രസ് വിട്ടത്. എ കെ ആന്റണിയും കെ കരുണാകരനും രണ്ട് ധ്രുവങ്ങളില്‍ നിന്ന കാലത്തുപോലും എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകാനുള്ള ശേഷി ഹൈക്കമാന്‍ഡിനുണ്ടായിരുന്നു. എന്നാലിന്ന് ഹൈക്കമാന്‍ഡ് ഒരു വ്യക്തയില്‍ ചുരുങ്ങി. അത് സംഘപരിവാര്‍ കക്ഷികള്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ജി 23 ഉയര്‍ത്തിയ ആരോപണങ്ങള്‍ ഇത് വ്യക്തമാക്കുന്നതാണ്. ഈ ജനാധിപത്യ വിരുദ്ധതയാണ് കോണ്‍ഗ്രസ് വിടാന്‍ കാരണമായതെന്നും രതികുമാർ മാധ്യമങ്ങളോട് പറഞ്ഞു.

സ്ഥാനമാനങ്ങള്‍ക്കുവേണ്ടിയാണ് പാര്‍ട്ടി വിട്ടതെന്നും മാലിന്യമെന്നുമെല്ലാമാണ് കെപിസിസി അധ്യക്ഷന്റെ ആരോപണം. മികച്ച കെപിസിസി ജനറല്‍ സെക്രട്ടറിയെന്ന അവാര്‍ഡ് അഖിലേന്ത്യാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയില്‍ നിന്ന് കൈപ്പറ്റിയ ആളാണ് ഞാന്‍. ആ രതികുമാര്‍ മാലിന്യമാണോയെന്നാണ് ജി സുധാകരന്‍ വ്യക്തമാക്കേണ്ടത്. സ്വന്തം ദൗര്‍ബല്യങ്ങള്‍ മറച്ചുവെക്കാനാണ് ഇത്തരം ആരോപണങ്ങളുന്നയിക്കുന്നത്. പാര്‍ട്ടിക്കുവേണ്ടി ത്യാഗം സഹിച്ചവരെയും ആത്മാര്‍ത്ഥയോടെ പ്രവര്‍ത്തിച്ചവരെയും ചവിട്ടിപുറത്താക്കി കോണ്‍ഗ്രസിനെ കൈപ്പിടിയിലാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും രതികുമാര്‍ ആരോപിച്ചു. എകെജി സെന്ററില്‍ നടന്ന സ്വീകരണത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജി രതികുമാർ.

കൊല്ലം പത്തനാപുരം മേഖലയിൽ പ്രവർത്തിച്ചിരുന്ന രതികുമാർ കോൺ​ഗ്രസിന്റെ സജീവ സാന്നിദ്ധ്യമായിരുന്നു. നേരത്തെ രമേശ് ചെന്നിത്തലയോട് ചേർന്നു നിന്നായിരുന്നു പ്രവർത്തിച്ചിരുന്നത്. ​ഗ്രൂപ്പ് സമവാക്യങ്ങൾ മാറിയതോടെ കെസി വേണു​ഗോപാൽ പക്ഷത്തേക്ക് മാറിയിരുന്നു. രാജിവെക്കുന്ന കാര്യം ഫോണിൽ അറിയിക്കാൻ രതികുമാർ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ വിളിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഫോണിൽ ലഭിക്കാതെ വന്നതോടെ ഇ-മെയിൽ വഴിയാണ് രാജിക്കാര്യം അറിയിച്ചിരിക്കുന്നത്.

Next Story

Popular Stories