Top

'അതുകൊണ്ടാണ് ബിജെപിക്ക് സീറ്റൊന്നും കിട്ടാത്തത്; സുരേന്ദ്രനെ കേന്ദ്രവും അംഗീകരിക്കുന്നില്ല'; തുറന്നടിച്ച് പാര്‍ട്ടി വിട്ട നേതാക്കള്‍

തെറ്റ് ചൂണ്ടിക്കാണിച്ചല്‍ അവര്‍ ഇന്ന് പാര്‍ട്ടിക്ക് പുറത്താണ്

8 Oct 2021 3:46 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അതുകൊണ്ടാണ് ബിജെപിക്ക് സീറ്റൊന്നും കിട്ടാത്തത്; സുരേന്ദ്രനെ കേന്ദ്രവും അംഗീകരിക്കുന്നില്ല; തുറന്നടിച്ച് പാര്‍ട്ടി വിട്ട നേതാക്കള്‍
X

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ തുറന്നടിച്ച് പാര്‍ട്ടി വിട്ട് സിപിഐഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന മുന്‍ ഹിന്ദുഐക്യവേദി നേതാവായ കേശവദാസ്. വിലപേശലുകള്‍ നടത്തി കേന്ദ്രത്തിന്റെ പല സഹായങ്ങള്‍ നേടിയെടുക്കുക മാത്രമാണ് ബിജെപി കേരളത്തില്‍ ചെയ്യുന്നത്. പൊതുജനത്തിന് വേണ്ടിയൊന്നും ചെയ്യുന്നില്ല. അതുകൊണ്ടാണ് തെരഞ്ഞെടുപ്പില്‍ സീറ്റൊന്നും ലഭിക്കാത്തതെന്നും കേശവദാസ് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു.

കേശവദാസ് പറഞ്ഞത്: ''ബിജെപി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന രീതി വളരെ വ്യത്യസ്തമാണ്. പല മുഖങ്ങളാണ് പല സമയത്തും ബിജെപി കാണിക്കുന്നത്. പല വിലപേശലുകള്‍ നടത്തി കേന്ദ്രത്തിന്റെ പല സഹായങ്ങള്‍ നേടിയെടുക്കുക മാത്രമാണ് ബിജെപി കേരളത്തില്‍ ചെയ്യുന്നത്. പൊതുജനത്തിന് വേണ്ടിയൊന്നും ചെയ്യുന്നില്ല. അതുകൊണ്ടാണ് സീറ്റൊന്നും കിട്ടാത്തതും. ബിജെപിക്ക് എങ്ങനെയാണ് ഹിന്ദു ഐക്യവേദി നേതാവായ എനിക്കെതിരെ നടപടി എടുക്കാന്‍ സാധിക്കുന്നതെന്നും എനിക്ക് അറിയില്ല. എല്ലാം സ്വതന്ത്ര സംഘടനകളാണെന്നും ഹിന്ദുഐക്യവേദി ബിജെപിയുടെ ഭാഗമല്ലെന്നുമാണ് പറഞ്ഞുനടക്കുന്നത്. ഹിന്ദുഐക്യവേദിയുടെ ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന എന്നെ ബിജെപി ആറു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഇത് എനിക്ക് മനസിലാവുന്നില്ല. ബിജെപിയുടെ ഭാഗമായി ഹിന്ദുഐക്യ വേദി മാറിയിരിക്കുകയാണ്.''

സുരേന്ദ്രനെതിരെ ഒബിസി മോര്‍ച്ച മുന്‍ സംസ്ഥാന ഉപാധ്യക്ഷനായിരുന്ന ഋഷി പല്‍പ്പുവും രംഗത്തെത്തി. നിലവില്‍ ബിജെപിയിലെ ഒരുപാട് നേതാക്കള്‍ അസംതൃപ്തരാണെന്നും നൂറു കണക്കിന് പേര്‍ അടുത്തദിവസങ്ങളില്‍ പാര്‍ട്ടി വിടുമെന്ന് ഋഷി പറഞ്ഞു.

''ബിജെപിയിലെ ഒരുപാട് നേതാക്കള്‍ അസംതൃപ്തരാണ്. പല നേതാക്കളും ബിജെപി വിടും. ബിജെപി അല്ല. കെജിപി യാണ് . കെ സുരേന്ദ്രന്റെ പാര്‍ട്ടിയായി ഇത് മാറി കഴിഞ്ഞു. കൊടകര സംഭവത്തില്‍ തെറ്റ് ചൂണ്ടിക്കാണിച്ചപ്പോഴാമ് എന്നെ സസ്‌പെന്‍ഡ് ചെയ്തു. വിശദീകരണം പോലും തേടിയില്ല. നൂറു കണക്കിന് പേര്‍ പാര്‍ട്ടി വിടും. വിശ്വാസം നഷ്ടപ്പെട്ടു. തെറ്റ് ചൂണ്ടിക്കാണിച്ചല്‍ അവര്‍ ഇന്ന് പാര്‍ട്ടിക്ക് പുറത്താണ്. കേരളത്തിലെ നേതൃത്വത്തെ കേന്ദ്രം അംഗീകരിക്കുന്നില്ല.''-ഋഷി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു.

Next Story