Top

ഏലക്കര്‍ഷകരില്‍ നിന്നും പണപ്പിരിവുമായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍; 'ഓണച്ചിലവിനായി' കൈപ്പറ്റുന്നത് പതിനായിരം രൂപ വരെ

19 Aug 2021 2:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഏലക്കര്‍ഷകരില്‍ നിന്നും പണപ്പിരിവുമായി വനംവകുപ്പ്  ഉദ്യോഗസ്ഥര്‍; ഓണച്ചിലവിനായി കൈപ്പറ്റുന്നത് പതിനായിരം രൂപ വരെ
X

ഓണക്കാലത്ത് ഇടുക്കിയിലെ ഏലക്കര്‍ഷകരില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പണം പിരിവ് നടത്തുന്നതായി റിപ്പോര്‍ട്ട്. ഇടുക്കി ജില്ലയില്‍ ഉള്‍പ്പെട്ട അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍, നെടുങ്കണ്ടംകല്ലാര്‍, കുമിളി, പുളിയന്മല,വണ്ടന്മേട്, കമ്പംമെട്ട് പരിധിയില്‍പെട്ട പ്രദേശങ്ങളിലെ ഫോസ്റ്റ് ഉദ്യോഗസ്ഥരാണ് വ്യാപകമായ പണം പിരിവ് നടത്തുന്നത് എന്നാണ് പരാതി. ഓണച്ചെലവിനെന്ന പേരില്‍ ആയിരം മുതല്‍ പതിനായിരും രൂപ വരെയാണ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് പിരിച്ചെടുക്കുന്നത് എന്നാണ് ആക്ഷേപം.

ഇത് സാധൂകരിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്ത് വന്നു. ഏലം തോട്ടത്തിന്റെ വലിപ്പത്തിനനുസരിച്ചാണ് ഉദ്യോഗസ്ഥര്‍ കര്‍ഷകരില്‍ നിന്നും തുക പിരിക്കുന്നത്. കട്ടപ്പനക്കടുത്ത് പുളിയന്മലയിലുള്ള ഒരു ഏലത്തോട്ടമുടമയുടെ വീട്ടില്‍ വനപാലകരെത്തി പണം വാങ്ങുന്നതാണ് പുറത്ത് വന്ന ദൃശ്യങ്ങള്‍. മഫ്തിയില്‍ ടാക്‌സി വാഹനങ്ങളിലെത്തിയാണ് പണപ്പിരിവ്. തിരിച്ചറിയാതിരിക്കാനാണ് ഇത്തരം നീക്കങ്ങള്‍ എന്നാണ് ആരോപണം.

കര്‍ഷകരില്‍ നിന്നും അന്യായമായി പണം ഈടാക്കുന്നതായി നിരവധി പേര്‍ പരാതി ഉന്നയിച്ചകായി കാര്‍ഡമം ഗ്രോവെഴ്‌സ് അസോസിയേഷനും സ്ഥിരികരിച്ചു. ഏലക്കായ്ക്ക് വിലയില്ലാതിരിക്കുന്ന ഈ സമയത്ത് പോലും ഇത്തരത്തില്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്ന വനം വകുപ്പ് ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും കാര്‍ഡമം ഗ്രോവെഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിന് പരാതി ഉള്‍പ്പെടെ നല്‍കിയിരിക്കുകയാണ് സംഘടന.

Next Story