Top

'കേരളത്തിലെ സഹകരണ ബാങ്കുകളെ തകർക്കുക ബിജെപി ലക്ഷ്യം, കെടി ജലീലിന് സിപിഐഎം രാഷ്ട്രീയമില്ല'; ഫാത്തിമ തഹ്ലീയ

പ്രഖ്യാപിത നിലപാടിൽ നിന്നും വിരുദ്ധമായി എ.ആർ നഗർ സഹകരണ ബാങ്ക് വിഷയത്തിൽ ഇ.ഡിയെ ജലീൽ ക്ഷണിച്ചു വരുത്തിയതിൽ നിന്നും സി.പി.എം രാഷ്ട്രീയമല്ല, കേവലം ലീഗ് വിരുദ്ധ രാഷ്ട്രീയം മാത്രമേ കെ.ടി ജലീലിന് പറയാനുള്ളു എന്നാണ് മനസിലാക്കേണ്ടത്.

8 Sep 2021 5:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേരളത്തിലെ സഹകരണ ബാങ്കുകളെ തകർക്കുക ബിജെപി ലക്ഷ്യം, കെടി ജലീലിന് സിപിഐഎം രാഷ്ട്രീയമില്ല; ഫാത്തിമ തഹ്ലീയ
X

കേരളത്തിലെ സഹകരണ ബാങ്കുകളെ തകർക്കുകയെന്നത് ബിജെപിയുടെ ദീർഘകാലമായ ലക്ഷ്യമാണെന്ന് എംഎസ്എഫ് ഹരിത നേതാവ് ഫാത്തിമ തഹ്ലീയ. പ്രഖ്യാപിത നിലപാടിൽ നിന്നും വിരുദ്ധമായി എ.ആർ നഗർ സഹകരണ ബാങ്ക് വിഷയത്തിൽ ഇ.ഡിയെ ജലീൽ ക്ഷണിച്ചു വരുത്തിയതിൽ നിന്നും സി.പി.എം രാഷ്ട്രീയമല്ല, കേവലം ലീഗ് വിരുദ്ധ രാഷ്ട്രീയം മാത്രമേ കെ.ടി ജലീലിന് പറയാനുള്ളു എന്നാണ് മനസിലാക്കേണ്ടതെന്നും തഹ്ലീയ ഫെയിസ്ബുക്കിൽ കുറിച്ചു.

ഫാത്തിമ തഹ്ലീയ പറഞ്ഞത്; കേരളത്തിലെ സഹകരണ ബാങ്കുകളിൽ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് വരുത്തി തീർക്കേണ്ടത് ദീർഘകാലമായുള്ള ബി.ജെ.പി അജണ്ടയാണ്. കേന്ദ്ര സർക്കാരിന്റെ ഇടപെടലിന് ആനുകൂലമായ അഭിപ്രായ രൂപീകരണം നടത്താൻ വേണ്ടിയാണ് ഈ വാദം അവർ ഉയർത്തുന്നത്. ഈ ബി.ജെ.പി അജണ്ടയാണ് ലീഗിനെ തകർക്കാൻ വേണ്ടി കെ.ടി ജലീൽ ഏറ്റെടുത്തിരിക്കുന്നത്. സി.പി.എമ്മിന്റെ പ്രഖ്യാപിത നിലപാടിൽ നിന്നും വിരുദ്ധമായി എ.ആർ നഗർ സഹകരണ ബാങ്ക് വിഷയത്തിൽ ഇ.ഡിയെ ജലീൽ ക്ഷണിച്ചു വരുത്തിയതിൽ നിന്നും സി.പി.എം രാഷ്ട്രീയമല്ല, കേവലം ലീഗ് വിരുദ്ധ രാഷ്ട്രീയം മാത്രമേ കെ.ടി ജലീലിന് പറയാനുള്ളു എന്നാണ് മനസിലാക്കേണ്ടത്.

വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം; ''കെടി ജലീല്‍ ഇഡി ചോദ്യം ചെയ്തയാളാണ്, ആ ചോദ്യം ചെയ്യലോടു കൂടി ഇഡിയില്‍ അദ്ദേഹത്തിന് കൂടുതല്‍ വിശ്വാസം വന്നതായാണ് തോന്നുന്നത്. അങ്ങനെ ചില പ്രതികരണങ്ങളാണ് കാണുന്നത്. ഏതായാലും കേരളത്തിലെ സഹകരണ മേഖല ഇഡിയൊന്നും കൈകാര്യം ചെയ്യേണ്ട മേഖലയല്ല. സാധാരണഗതിയില്‍ സംസ്ഥാന ഗവണ്‍മെന്റ് ആവശ്യമായ നടപടി എടുത്തുകൊണ്ടിരിക്കുന്നതാണ്. അദ്ദേഹം പരാമര്‍ശിച്ച ബാങ്കിന്റെ കാര്യത്തില്‍ കോര്‍പ്പറേറ്റീവ് ഡിപാര്‍ട്ട്‌മെന്റ് കര്‍ശന നടപടിയിലേക്ക് നീങ്ങിയതാണ്. ഇപ്പോള്‍ ഒരു കോടതിയുടെ സ്‌റ്റേ നിലവില്‍ക്കുന്നതിനാലാണ് മറ്റു നടപടികളിലേക്ക് നീങ്ങാന്‍ പറ്റാതിരുന്നത്. ഇ.ഡി അന്വേഷിക്കണമെന്ന് ആവശ്യം ഉന്നയിക്കുന്നത് സാധാരണനിലയ്ക്ക് ഉന്നയിക്കാന്‍ പാടില്ലാത്തതാണ്. ഇവിടെ അന്വേഷണ സംവിധാനമുണ്ട്. ആ അന്വേഷണം പുരോഗമിക്കുകയാണ്. അത് തുടര്‍ന്ന് നടക്കാത്തത് കോടതി ഇടപെടലിന്റെ ഭാഗമായിട്ടാണ്. ഇക്കാര്യങ്ങള്‍ എല്ലാവര്‍ക്കും അറിയാം. അന്വേഷണത്തിന് ഒരു തടസവും ഇവിടെയുണ്ടാകില്ല. കുറ്റം എന്തെങ്കിലും ഇവിടെയുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാവും.''

Next Story