Top

'ശൈലജ എന്തുകൊണ്ട് മുഖ്യമന്ത്രിയായില്ല, ഡിസിസി അധ്യക്ഷ പട്ടികയും കണ്ടില്ലേ'; ചോദ്യങ്ങളുയര്‍ത്തി ഫാത്തിമ തഹ്ലിയ

രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ഒരുപരിധിവരെ മാത്രമെയുള്ളു. അത് തെളിയിക്കുന്നതാണോ ലീഗിന്റെ നടപടികളെന്ന ചോദ്യത്തോടായിരുന്നു ഫാത്തിമയുടെ പ്രതികരണം.

4 Sep 2021 6:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശൈലജ എന്തുകൊണ്ട് മുഖ്യമന്ത്രിയായില്ല, ഡിസിസി അധ്യക്ഷ പട്ടികയും കണ്ടില്ലേ; ചോദ്യങ്ങളുയര്‍ത്തി ഫാത്തിമ തഹ്ലിയ
X

കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും സ്ത്രീകള്‍ക്ക് കൃത്യമായ പ്രതിനിധ്യം ലഭിക്കുന്നില്ലെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡണ്ട് ഫാത്തിമ തഹ്ലിയ. ഇതിനെ മുസ്ലീം ലീഗിന്റെ പ്രശ്‌നമായി മാത്രം വിലയിരുത്തരുതെന്നും കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് സംഘടനകളും സമാനനിലപാടാണ് സ്വീകരിക്കുന്നതെന്നും ഫാത്തിമ തെഹ്ലിയ പറഞ്ഞു. രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ഒരുപരിധിവരെ മാത്രമെയുള്ളുവെന്നാണ് പൊതുവായ വിലയിരുത്തല്‍. അത് തെളിയിക്കുന്നതാണോ ലീഗിന്റെ നടപടികളെന്ന ചോദ്യത്തോടായിരുന്നു ഫാത്തിമയുടെ പ്രതികരണം.

കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പരിശോധിച്ചാല്‍ എവിടെയൊക്കെയാണ് സ്ത്രീകള്‍ക്ക് കൃത്യമായ പ്രതിനിധ്യം ഉറപ്പാക്കിയിട്ടുള്ളത്. അത് മുസ്ലീം ലീഗിന്റെ മാത്രം പ്രശ്‌നമായി കാണുന്നിടത്താണ് പ്രശ്‌നം. ഏറ്റവും ഒടുവില്‍ വന്ന ഡിസിസി പ്രസിഡണ്ടുമാരുടെ പട്ടികയില്‍ ഒരു വനിത പോലും ഇല്ല. അക്കാര്യത്തില്‍ ബിന്ദു കൃഷ്ണ പ്രതികരിച്ചിരുന്നു. മന്ത്രിസഭയില്‍ മൂന്ന് വനിത മന്ത്രിമാര്‍ ഉണ്ടെന്ന് പറയുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ച് നിസ്സാരകാര്യമാണ്. ഈ മന്ത്രിസഭയില്‍ കെകെ ശൈലജയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്താമായിരുന്നില്ലേ. അത് എല്ലാവരും ആഗ്രഹിച്ചിരുന്നില്ലേ. ഗൗരിയമ്മയോട് ചെയ്തതെന്താണെന്ന് നമുക്കറിയാം. അക്കാര്യത്തില്‍ ഒരു പാര്‍ട്ടിയെ പോയിന്റെ ചെയ്യേണ്ടതില്ല.' ഫാത്തിമ തഹ്ലിയ മീഡിയ വണിനോട് പ്രതികരിച്ചു.
അതേസമയം തന്നെ എംഎസ്എഫ് നേതാക്കള്‍ക്കെതിരായ പരാതിയില്‍ ഹരിത ഭാരവാഹികള്‍ക്ക് ഇനിയും നീതി ലഭിച്ചിട്ടില്ലെന്നും ഫാത്തിമ തഹ്ലിയ കൂട്ടിചേര്‍ത്തു. തങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്നും വേട്ടയാടപ്പെടുകയാണെന്നും ഫാത്തിമ പറയുന്നു. കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിന് ശേഷം താന്‍ കടുത്ത മാനസിക പീഡനമാണ് നേരിടുന്നത്. വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിച്ചിട്ടില്ല. പിന്‍വലിക്കണമോയെന്ന് തീരുമാനിക്കേണ്ടത് ഹരിതയിലെ പത്ത് പ്രവര്‍ത്തകരാണെന്നും ഫാത്തിമ പറഞ്ഞു.
പരാതിയില്‍ സെപ്തംബര്‍ 7 നാണ് ഹരിതാ ഭാരവാഹികള്‍ വനിതാ കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ മലപ്പുറത്ത് ഹാജരാകാന്‍ പ്രയാസമുണ്ടെന്നും കോഴിക്കോട് പങ്കെടുക്കാമെന്നുമാണ് ഭാരവാഹികള്‍ പൊലീസിനെ അറിയിച്ചത്.
Next Story