Top

'ഉത്തര്‍പ്രദേശ് മോഡല്‍ കൊവിഡ് ചികിത്സ'; നാല് ദിവസം കൊണ്ട് വൈറസ് ബാധ മാറുമെന്ന് വ്യാജ വൈദ്യന്‍

ഇന്ത്യയില്‍ ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഉള്ള കേരളത്തിലുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പോലും നാല് ദിവസം കൊണ്ട് കൊവിഡ് മാറുന്ന സംവിധാനം കണ്ടുപിടിച്ചിട്ടില്ല

8 Sep 2021 5:27 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉത്തര്‍പ്രദേശ് മോഡല്‍ കൊവിഡ് ചികിത്സ; നാല് ദിവസം കൊണ്ട് വൈറസ് ബാധ മാറുമെന്ന് വ്യാജ വൈദ്യന്‍
X

കാസര്‍ഗോഡ്: കേരളത്തില്‍ ഉത്തര്‍പ്രദേശ് മോഡല്‍ കൊവിഡ് ചികിത്സയെന്ന പേരില്‍ വ്യാജ വൈദ്യന്മാരുണ്ടെന്ന് റിപ്പോര്‍ട്ട്. ഏഷ്യാനെറ്റ് ന്യൂസാണ് ഗൗരവമേറിയ വ്യാജ ചികിത്സകന്റെ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. കാസര്‍ഗോഡ് ഉപ്പളയ്ക്കടുത്ത് 'യുപി മോഡല്‍ കൊവിഡ് ചികിത്സ'യെന്ന പരസ്യ ബോര്‍ഡ് ഉള്‍പ്പെടെ വെച്ചാണ് 'ചികിത്സകന്‍' പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ തൊഴില്‍ അന്വേഷിച്ച് ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ തൊഴിലാളിയാണ് ഇയാളെന്നാണ് വിവരം. നാല് ദിവസം കൊണ്ട് കൊവിഡ് പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാമെന്നാണ് ഇയാള്‍ നല്‍കുന്ന വാഗ്ദാനം.

ഉത്തര്‍പ്രദേശില്‍ കൊവിഡ് ചികിത്സ ഫലപ്രദമാണെന്ന രീതിയില്‍ നേരത്തെ പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. ഇന്ത്യയില്‍ ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഉള്ള കേരളത്തിലുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പോലും നാല് ദിവസം കൊണ്ട് കൊവിഡ് മാറുന്ന സംവിധാനം കണ്ടുപിടിച്ചിട്ടില്ല. കൊവിഡ് രോഗിയെ പരിശോധിക്കുമ്പോള്‍ വ്യാജ ചികിത്സകന്‍ ഒരു സര്‍ജിക്കല്‍ മാസ്‌ക് മാത്രമാണ് ധരിച്ചിരിക്കുന്നതെന്നും പ്രത്യേകതയാണ്. യോഗ ആചാര്യനാണ് താനെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്. യോഗ കൊവിഡിനെ അകറ്റാന്‍ സഹായിക്കുമെന്ന് നേരത്തെയും നോര്‍ത്ത് ഇന്ത്യയില്‍ പ്രചരണമുണ്ടായിരുന്നു.

ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപിന് സമാനമായ സ്ഥലത്താണ് ഉപ്പളയിലെ വ്യാജ ചികിത്സകന്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ഇത്തരം വ്യാജ ചികിത്സകരെ സമീപിക്കാനുള്ള സാധ്യതകള്‍ ഏറെയാണെന്നും സൂചനയുണ്ട്. നിലവില്‍ കൊവിഡ് നാല് ദിവസം കൊണ്ട് ഭേദമാകുന്ന ചികിത്സ ലഭ്യമല്ല. അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ മാത്രമാണ് ഇത്തരത്തില്‍ രോഗികള്‍ നാല് ദിവസത്തില്‍ നെഗറ്റീവ് ആകുന്നത്.

Next Story