Top

സര്‍ക്കാര്‍ പദ്ധതികളുടെ മറവില്‍ വ്യാപക മണ്ണെടുപ്പ്; ഭീതിയില്‍ ഒരു നാട്

26 Aug 2021 11:20 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സര്‍ക്കാര്‍ പദ്ധതികളുടെ മറവില്‍ വ്യാപക മണ്ണെടുപ്പ്; ഭീതിയില്‍ ഒരു നാട്
X

വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ മറവില്‍ കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് പഞ്ചായത്തില്‍ നെയ്യാട്ട്‌ശ്ശേരി പ്രദേശത്ത് നിന്നും വ്യാപമായി മണ്ണെടുപ്പ് നടക്കുന്നതായി പരാതി. രണ്ട് സെന്റ് ഭൂമിയില്‍ ഖനനാനുമതിയുമായി വന്ന സ്വകാര്യ കമ്പനിയായ റോക്ക് ഫീല്‍ഡ് എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് ഒരു ക്വാറിയുടെ മറവില്‍ ഈ പ്രദേശത്തെ നാല്‍പ്പത് ഏക്കറോളം സ്ഥലം കൈവശപ്പെടുത്തുകയും വ്യാപകമായി ഘനനം നടത്തുകയുമാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഒരിക്കല്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്ന ഖനനം രേഖകള്‍ തിരുത്തി ഉള്‍പ്പെടെ വീണ്ടും പുനരാരംഭിച്ചെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. വിഷയത്തില്‍ പഞ്ചായത്ത് അധികൃതര്‍ക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട്.

രണ്ട് സെന്റ് സ്ഥലത്ത് ഖനനാനുമതിയുമായി വന്ന കമ്പനി ഒരു മാസം കൊണ്ട് പതിമൂവായിരം മെട്രിക്ക് ടണ്‍ മണ്ണാണ് അനധികൃതമായി കടത്തിയെന്നാണ് നാട്ടുകാര്‍ ഉയര്‍ത്തുന്ന ആക്ഷേപം. രണ്ട് സെന്റ് സ്ഥലത്തെ മണ്ണ് എടുക്കാനുള്ള അനുമതിയുടെ മറവില്‍ കമ്പനി വ്യാപകമായി ഇവിടെ നിന്ന് മണ്ണെടുക്കാന്‍ തുടങ്ങി. തുടര്‍ന്ന് നാട്ടുകാരുടെ പ്രതിഷേധം ഉയര്‍ന്നു. ഇതോടെ ജിയോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ പതിമൂവായിരം മെട്രിക്ക് ടണ്‍ മണ്ണ് അനധികൃതമായി കടത്തിയതായി കണ്ടെത്തുകയം പത്ത് ലക്ഷം രൂപ റോക്ക് ഫീല്‍ഡിന് പിഴയും ചുമത്തുകയും താല്‍കാലികമായി മണ്ണ് ഖനനം നിര്‍ത്തിവെയ്ക്കുകയും ചെയ്തിരുന്നു.

എന്നാല്‍, പിഴയൊടുക്കിയ ശേഷം റോക്ക് ഫീല്‍ഡ് എസ്റ്റേറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം കഴിഞ്ഞ മാസം വീണ്ടും ഖനനം ആരംഭിച്ചതോടെയാണ് നാട്ടുകാര്‍ വീണ്ടും രംഗത്ത് എത്തിയത്.

പള്ളിക്കത്തോട് പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം അനുഭവപ്പെടാത്ത ചുരുക്കം സ്ഥലങ്ങളില്‍ ഒന്നാണ് നെയ്യാട്ട്‌ശ്ശേരി. ഘനനം നെയാട്ട്‌ശ്ശേരിയുടെ സമ്പൂര്‍ണ്ണ തകര്‍ച്ചക്ക് ഇടയാക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. നിലവില്‍ രണ്ട് ഏക്കര്‍ സ്ഥലത്തെ ഖനനത്തിനാണ് അനുമതി എങ്കിലും ഭാവിയില്‍ ഗവണ്‍മെന്റ് പദ്ധതികളുടെ മറവില്‍ മുഴുവന്‍ സ്ഥലത്തേയും കല്ലും മണ്ണും കടത്തിനാണ് കമ്പനി ലക്ഷ്യമിടുന്നത്. സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്റെ മണ്ഡലത്തിലെ ചീപ്പുങ്കല്‍ - മണിയാപറമ്പ് റോഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കയാണ് മണ്ണ് എടുക്കുന്നത്. വിവിധ ഗവണ്‍മെന്റ് പദ്ധതികളുടെ മറവില്‍ ഈ പ്രദേശത്ത് നിന്നും അനധികൃതമായി മണ്ണ് കടത്തുന്നതിനാണ് കമ്പനി ശ്രമിക്കുന്നത് എന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

അതിനിടെ, എസ്റ്റേറ്റ് ഭൂമിയായിരുന്ന ഇവിടം പുരയിടമാക്കി മാറ്റുന്നതിന് നിരവധി വര്‍ഷങ്ങളായി ഉടമകള്‍ ശ്രമിച്ചപ്പോഴൊന്നും നടക്കാതിരുന്ന കാര്യം ഗവണ്‍മെന്റിലേയും റവന്യൂ വകുപ്പിലേയും ഉന്നതരുടെ ഇടപെടലിനെ തുടര്‍ന്ന് പുരയിടമാക്കി കൊടുത്തതില്‍ അഴിമതിയുണ്ടെന്നും ആരോപണമുണ്ട്.

Next Story

Popular Stories