Top

ഏറ്റുമാനൂര്‍ തിരുവാഭരണ ക്രമക്കേട്; മാല വിളക്കി ചേര്‍ത്തതായി കണ്ടെത്താനായില്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

ക്രമക്കേടുമായി ബന്ധപ്പെട്ട് പഴയ മേല്‍ശാന്തിയുടെത് അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്താനുണ്ടെന്നും വിജിലന്‍സ് സംഘം വ്യക്തമാക്കി.

16 Aug 2021 9:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഏറ്റുമാനൂര്‍ തിരുവാഭരണ ക്രമക്കേട്; മാല വിളക്കി ചേര്‍ത്തതായി കണ്ടെത്താനായില്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്
X

ഏറ്റുമാനൂര്‍ മാഹദേവ ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണ്ണം കെട്ടിയ രുദ്രാക്ഷ മാലയിലെ മുത്തുകള്‍ കാണാതായ സംഭവത്തില്‍ ദേവസ്വം വിജിലന്‍സ് സംഘം പരിശോധന നടത്തി. പ്രാഥമിക പരിശോധനയില്‍ മാല വിളക്കി ചേര്‍ത്തതായി കണ്ടെത്താനായില്ലെന്നു അന്വേഷണം സംഘം പറഞ്ഞു. വിജിലന്‍സ് എസ് പി പി ബിജോയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ക്രമക്കേടുമായി ബന്ധപ്പെട്ട് പഴയ മേല്‍ശാന്തിയുടെത് അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്താനുണ്ടെന്നും സംഘം വ്യക്തമാക്കി.

വിഗ്രഹത്തില്‍ പതിവായി ചാര്‍ത്തിയിരുന്ന സ്വര്‍ണം കെട്ടിയ രുദ്രാക്ഷ മാലയാണ് കാണാതായത്. സംഭവത്തില്‍ തിരുവാഭരണ കമ്മീഷണര്‍ എസ് അജിത്കുമാറും ക്ഷേത്രത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പൊലീസിന് കൈമാറിയതായും വിജിലന്‍സ് സംഘം വ്യക്തമാക്കി.

ക്ഷേത്രത്തിലെ മുന്‍ അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍ വഴിപാടായി നല്‍കിയതായിരുന്നു ഏറ്റുമാനൂരപ്പന്റെ വിഗ്രഹത്തില്‍ സ്ഥിരമായി ചാര്‍ത്തിയിരുന്ന രുദ്രാക്ഷമാല. ഇതിലെ സ്വര്‍ണ്ണം പൂശിയ മുത്തുകളാണ് കാണാതായത്. ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ പുതിയ മേല്‍ശാന്തിയായി പത്മനാഭന്‍ സന്തോഷ് കഴിഞ്ഞമാസം ചുമതലയേറ്റതിന് പിന്നാലെയാണ് തിരുവാഭരണം ഉള്‍പ്പെടെ പൂജാകാര്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ സാമഗ്രികളുടെയും കണക്കെടുത്തത്. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. ദേവസ്വം അസിസ്റ്റന്‍ഡ് കമ്മിഷണറുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണം കെട്ടിയ രുദ്രാക്ഷമാല കണ്ടെത്താനായില്ല. എന്നാല്‍ കണക്കില്‍ പെടാത്ത മറ്റൊരു മാല കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Next Story