Top

സമവായത്തിന് ഇടി മുഹമ്മദ് ബഷീര്‍; കരുതലോടെ നീങ്ങി ഹരിത

സമവായത്തിന് വഴി തെളിയണമെങ്കില്‍ ഒരു പ്രധാന നിര്‍ദ്ദേശം ഹരിത ഇടി മുഹമ്മദ് ബഷീറിന് മുന്നില്‍ വെക്കുമെന്ന സൂചനയുമുണ്ട്

25 Aug 2021 5:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സമവായത്തിന് ഇടി മുഹമ്മദ് ബഷീര്‍; കരുതലോടെ നീങ്ങി ഹരിത
X

ഹരിത നേതാക്കളുടെ പരാതിയുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ മധ്യസ്ഥ ശ്രമവുമായി ഇടി മുഹമ്മദ് ബഷീര്‍ ഇന്ന് ഹരിത നേതാക്കളെ കാണും. കോഴിക്കോട് വെച്ചോ മലപ്പുറത്ത് വെച്ചോ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പരാതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന നയമാണ് ഇതുവരെ ഹരിത സ്വീകരിച്ചത്. ഇടി മുഹമ്മദ് ബഷീറിനോടും ഇതാവര്‍ത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം സമവായത്തിന് വഴി തെളിയണമെങ്കില്‍ ഒരു പ്രധാന നിര്‍ദ്ദേശം ഹരിത ഇടി മുഹമ്മദ് ബഷീറിന് മുന്നില്‍ വെക്കുമെന്ന സൂചനയുമുണ്ട്.

പ്രവര്‍ത്തനം മരവിപ്പിച്ച ഹരിതയുടെ ഇപ്പോഴത്തെ ഭാരവാഹികള്‍ക്കടക്കം എംഎസ്എഫില്‍ പ്രാതിനിധ്യമുള്ള സ്ഥാനങ്ങള്‍ നല്‍കണമെന്ന ആവശ്യം ഹരിത നേതാക്കള്‍ മുന്നോട്ട് വെച്ചേക്കും. സംസ്ഥാന, ജില്ലാ, മണ്ഡലം കമ്മിറ്റികളില്‍ ഹരിത നേതാക്കളെ കൂടി ഉള്‍പ്പെടുത്തി എംഎസ്എഫ് പുനസംഘടിപ്പിക്കണമെന്നാണ് ആവശ്യം.

എംഎസ്എഫ് സംസ്ഥാന സെക്രട്ടറി പികെ നവാസിനെതിരെ ഉന്നയിച്ച ലൈംഗികാധിക്ഷേപ പരാതിയില്‍ മുസ്ലിം ലീഗ് ശക്തമായ നടപടി എടുത്തേക്കാനുള്ള സാധ്യതയില്ല. ഈ സാഹചര്യത്തിലാണ് ഹരിത ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വെക്കുന്നത്.

Next Story