Top

'കോതമംഗലം സംഭവം പെണ്‍കുട്ടികളുടെ ജാഗ്രതകുറവിന് ഉദാഹരണം'; ന്യായീകരിച്ച് ജില്ലാ പൊലീസ് മേധാവി

മാനസയും രഖിലും ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത് എന്ന സാഹചര്യത്തിലാണ് ലിംഗവിവേചനത്തെ ഊട്ടിഉറപ്പിക്കുന്ന പ്രതികരണം.

2 Aug 2021 5:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോതമംഗലം സംഭവം പെണ്‍കുട്ടികളുടെ ജാഗ്രതകുറവിന് ഉദാഹരണം; ന്യായീകരിച്ച് ജില്ലാ പൊലീസ് മേധാവി
X

കോതമംഗലത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മാനസയെ യുവാവ് വെടിവെച്ച് കൊന്ന സംഭവത്തില്‍ വിചിത്ര ന്യായീകരണവുമായി റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്. പെണ്‍കുട്ടികളുടെ ജാഗ്രതകുറവ് കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നാണ് കേരള പൊലീസിന്റെ വാദം. കൊല്ലപ്പെട്ട മാനസയും രഖിലും ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത് എന്ന സാഹചര്യത്തിലാണ് സാമൂഹിക മാധ്യമങ്ങളില്‍ പെണ്‍കുട്ടികള്‍ ജാഗ്രതയോടെ ഇടപെടണമെന്ന ലിംഗവിവേചനത്തെ ഊട്ടിഉറപ്പിക്കുന്ന പ്രതികരണം.


'സാമൂഹിക മാധ്യമങ്ങളിലൂടെ അപരിചിതരുമായി അടുപ്പം സ്ഥാപിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് സംഭവിക്കുന്ന ജാഗ്രതകുറവിന് ഉദാഹരണമാണ് കോതമംഗലം നെല്ലികുഴിയിലെ സംഭവം. പൊലീസ് എത്രയോ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. അതൊന്നും പലരും കണക്കിലെടുത്തില്ല. തങ്ങള്‍ക്ക് ചതിപറ്റില്ലെന്നാണ് ഓരോരുത്തരും കരുതുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇവര്‍ അടുപ്പം തുടങ്ങിയത്. യുവാവും മരിച്ചതോടെ കേസ് ദുര്‍ബലമായി. തോക്ക എവിടെ നിന്നും കിട്ടിയെന്ന ദുരൂഹതയാണ് ബാക്കിയുള്ളത്. അതന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.' കെ കാര്‍ത്തിക്ക് പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളില്‍ ഫോട്ടോകള്‍ പങ്കുവെക്കുമ്പോള്‍ പെണ്‍കുട്ടികള്‍ സുഹൃത്തുക്കള്‍ക്ക് കാണാന്‍ കഴിയുന്ന രീതിയില്‍ പങ്കുവെക്കണമെന്ന കേരള പൊലീസിന്റെ ' ഉപദേശം' നേരത്തെ വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

'സമൂഹമാധ്യമങ്ങളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ഫോട്ടോകള്‍ അശഌല സൈറ്റുകളുടെയും അപ്പ്‌ളിക്കേഷനുകളുടെയും പരസ്യങ്ങളില്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന പരാതികള്‍ക്ക് മേല്‍ അന്വേഷണം നടന്നു വരുന്നു. പ്രൊഫൈലില്‍ സ്വന്തം ഫോട്ടോയോ വീഡിയോയോ പങ്കുവയ്ക്കുമ്പോള്‍ അവ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രം കാണാവുന്ന രീതിയില്‍ സെറ്റിങ്‌സ് ക്രമീകരിക്കുക. ഇത്തരത്തില്‍ നിങ്ങള്‍ ഇരയായാല്‍ ഉടന്‍ പോലീസ് സഹായം തേടുക.' എന്നായിരുന്നു അന്ന് കേരള പൊലീസ് ഫേസ്ബുക്കില്‍ കുറിച്ചത്.

കേരള പൊലീസ് സദാചാര ബോധത്തോടെയാണ് ഇടപെടുന്നതെന്ന് ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങള്‍ ഉയരുന്നത്. ആരെങ്കിലും ഫോട്ടോ ദുരുപയോഗം ചെയ്താല്‍ നിയമ നടപടി സ്വീകരിക്കുകയാണ് പൊലീസിന്റെ ജോലിയെന്നും ചിലര്‍ വിമര്‍ശിച്ചു.




Next Story